തദ്ദേശ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികാ സമർപ്പണം പൂർത്തിയായി; സൂക്ഷ്മ പരിശോധന നാളെ
നവംബർ 24 വൈകിട്ട് മൂന്ന് വരെ സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള നോട്ടീസ് വരണാധികാരിക്ക് നൽകാം.

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായി. പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും. നവംബര്‍ 24 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. ഇതോടെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ അന്തിമ ചിത്രം തെളിയും.
സൂക്ഷ്മപരിശോധന എങ്ങനെ?
സമർപ്പിക്കപ്പെട്ടിട്ടുള്ള എല്ലാ നാമനിർദശപത്രികകളും റിട്ടേണിങ് ഓഫീസർ പരിശോധിക്കും. സൂക്ഷ്മപരിശോധനാ വേളയിൽ സ്ഥാനാർഥി, സ്ഥാനാർഥിയുടെ ഇലക്ഷൻ ഏജന്റ്, സ്ഥാനാർഥിയുടെ നിർദേശകൻ, സ്ഥാനാർഥി രേഖാമൂലം ചുമതലപ്പെടുത്തിയ ഒരു വ്യക്തി എന്നിവർക്ക് ഹാജരാകാം. നിയമാനുസൃതം സമർപ്പിക്കപ്പെട്ട പത്രികകൾ വരണാധികാരി സ്വീകരിക്കും. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം, സ്വീകരിക്കപ്പെട്ട പത്രികകൾ സമർപ്പിച്ച സ്ഥാനാർഥികളുടെ പട്ടിക റിട്ടേണിങ് ഓഫീസർ തയാറാക്കി പ്രസിദ്ധീകരിക്കും.
നവംബർ 24 വൈകിട്ട് മൂന്ന് വരെ സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള നോട്ടീസ് വരണാധികാരിക്ക് നൽകാം. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന സമയത്തിന് ശേഷം റിട്ടേണിങ് ഓഫീസർ, മത്സരിക്കുന്ന സ്ഥാനാർഥികളുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കും. മലയാളം അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാർഥികളുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തുക. സ്ഥാനാർഥിയുടെ പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവയാണ് ഈ പട്ടികയിലുണ്ടാവുക. റിട്ടേണിങ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്/മുനിസിപ്പാലിറ്റി ഓഫീസിലും മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക പരസ്യപ്പെടുത്തും.
സ്ഥാനാർഥിയുടെ യോഗ്യതകളും അയോഗ്യതകളും
തദ്ദേശസ്ഥാപനത്തിൽ മത്സരിക്കുന്ന ഒരാൾക്ക് ആ സ്ഥാപനത്തിലെ ഏതെങ്കിലും വാർഡിലെ വോട്ടർപട്ടികയിൽ പേരുണ്ടായിരിക്കുകയും നാമനിർദേശപത്രിക സമർപ്പിക്കുന്ന തീയതിയിൽ 21 വയസ് പൂർത്തിയായിരിക്കുകയും വേണം. ഒരു വാർഡിലെ സ്ഥാനാർഥിയെ നിർദേശിക്കുന്ന വ്യക്തിയും അതേ വാർഡിലെ വോട്ടർ ആയിരിക്കണം. ബധിരനും മൂകനുമായ ഒരാളിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. സംവരണസീറ്റിൽ മത്സരിക്കുന്നയാൾ ആ സംവരണ വിഭാഗത്തിൽപ്പെട്ട ആളായിരിക്കണം. പട്ടികജാതി, പട്ടികവർഗ സംവരണ വാർഡുകളിൽ മത്സരിക്കുന്നവർ ആധികാരിക ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം.
സംസ്ഥാന സർക്കാരിൻ്റെയോ കേന്ദ്ര സർക്കാരിൻ്റേയോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയോ അവ നിയന്ത്രിക്കുന്ന കോർപ്പറേഷനുകളിലെയോ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും സ്ഥാനാർഥിയാകാൻ കഴിയില്ല. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും 51 ശതമാനത്തിൽ കുറയാതെ ഓഹരിയുള്ള കമ്പനികളിലും സഹകരണ സംഘങ്ങളിലുമുള്ള ജീവനക്കാരും മത്സരിക്കാൻ പാടില്ല. സംസ്ഥാനത്തെ ഏതെങ്കിലും ബോർഡിലോ സർവകലാശാലയിലോ ഉള്ള ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും മത്സരിക്കാൻ യോഗ്യതയില്ല. പാർട്ട് ടൈം ജീവനക്കാരും ഓണറേറിയം കൈപ്പറ്റുന്ന ജീവനക്കാരും ഇതിൽപ്പെടും.
അങ്കണവാടി ജീവനക്കാർക്കും ബാലവാടി ജീവനക്കാർക്കും ആശാ വർക്കർമാർക്കും പഞ്ചായത്ത്, മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാം. സാക്ഷരതാ പ്രേരക്‌മാർക്ക് പഞ്ചായത്തുകളിൽ മാത്രമേ മത്സരിക്കാൻ യോഗ്യതയുള്ളൂ. സർക്കാരിന് 51 ശതമാനം ഓഹരിയില്ലാത്ത പ്രാഥമിക സർവീസ് സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് മത്സരിക്കാം. കെഎസ്ആർടിസി ജീവനക്കാർ, എംപാനൽ കണ്ടക്ടർമാർ, ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാർ, എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിലൂടെ 179 ദിവസത്തേക്ക് നിയമിക്കപ്പെടുന്ന താത്കാലിക ജീവനക്കാർ എന്നിവർക്കും മത്സരിക്കാനാവില്ല. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്‌സൺമാർക്ക് മത്സരിക്കാം. എന്നാൽ തദ്ദേശസ്ഥാപനത്തിലെ സിഡിഎസ് അക്കൗണ്ടന്റുമാർക്ക് മത്സരിക്കാൻ കഴിയില്ല. സർക്കാരുമായോ തദ്ദേശസ്ഥാപനവുമായോ നിലവിലുള്ള കരാറിൽ ഏർപ്പെട്ടിട്ടുള്ള ആൾക്കും മത്സരിക്കാൻ കഴിയില്ല.
സർക്കാരിലേക്കോ തദ്ദേശസ്ഥാപനത്തിലേക്കോ ഏതെങ്കിലും കുടിശ്ശികയുള്ളവർക്കും സ്ഥാനാർഥിയാകാൻ കഴിയില്ല. സർക്കാരുമായുള്ള ഏതെങ്കിലും കരാറിലോ ലേലത്തിനോ വീഴ്‌ച വരുത്തുന്നതിന്റെ ഫലമായി ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരും മത്സരിക്കാൻ അയോഗ്യരാണ്. തദ്ദേശസ്ഥാപനത്തിൻ്റെ ധനമോ മറ്റു വസ്‌തുക്കളോ നഷ്ടപ്പെടുത്തുകയോ പാഴാക്കുകയോ ദുർവിനിയോഗം ചെയ്യുകയോ ചെയ്‌തിട്ടുണ്ടെന്ന് തദ്ദേശസ്വയംഭരണസ്ഥാപന ഓംബുഡ്‌സ്മാൻ കണ്ടെത്തിയ വ്യക്തിക്കും മത്സരിക്കുന്നതിന് കഴിയില്ല.
1951ലെ ജനപ്രാതിനിധ്യനിയമത്തിലെ എട്ടാം വകുപ്പിൽ പരാമർശിച്ചിട്ടുള്ള ഏതെങ്കിലും കുറ്റത്തിന് ശിക്ഷിക്കപ്പെടുകയോ അല്ലെങ്കിൽ സാന്മാർഗിക ദൂഷ്യം ഉൾപ്പെട്ട ഒരു കുറ്റത്തിന് മൂന്ന് മാസത്തിൽ കുറയാതെയുള്ള കാലത്തേക്ക് തടവുശിക്ഷ വിധിക്കപ്പെട്ടിട്ടുള്ളതോ ആയ ഒരാൾക്കും മത്സരിക്കുന്നതിന് അയോഗ്യതയുണ്ട്. ശിക്ഷിക്കപ്പെട്ടാൽ ജയിൽ മോചിതനായ ശേഷം ആറു കൊല്ലം വരെ അയോഗ്യത ഉണ്ടായിരിക്കും. ഏതെങ്കിലും കേസുകളിൽ പ്രതിയായതുകൊണ്ട് മാത്രം ഒരാൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യതയില്ല. അഴിമതിക്കോ കൂറില്ലായ്മയ്ക്കോ ഉദ്യോഗത്തിൽ നിന്നും പിരിച്ചുവിടപ്പെട്ട ഏതൊരു ഉദ്യോഗസ്ഥനും പിരിച്ചുവിടപ്പെട്ട തീയതി മുതൽ അഞ്ച് വർഷത്തേക്ക് അയോഗ്യത ഉണ്ടായിരിക്കും.
തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കപ്പെടുകയും അയോഗ്യനാക്കപ്പെട്ട തീയതി മുതൽ ആറ് വർഷം കഴിയാതിരിക്കുകയും ചെയ്‌താലും മത്സരിക്കാൻ യോഗ്യതയുണ്ടാകില്ല. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന് ശേഷം തെരഞ്ഞെടുപ്പ് ചെലവ് കണക്ക് യഥാസമയം സമർപ്പിച്ചിട്ടില്ലാത്തവർക്ക് കമ്മിഷൻ അയോഗ്യനാക്കുന്ന തീയതി മുതൽ അഞ്ച് വർഷക്കാലം മത്സരിക്കാനാകില്ല.
ഒരാൾ തദ്ദേശസ്ഥാപനത്തിൻ്റെ ഒരു വാർഡിലേക്ക് മാത്രമേ മത്സരിക്കാൻ പാടുളളൂ. ഒന്നിൽ കൂടുതൽ വാർഡിലേക്ക് മത്സരിച്ചാൽ അയാളുടെ എല്ലാ പത്രികകളും നിരസിക്കുന്നതാണ്. എന്നാൽ ത്രിതല പഞ്ചായത്തുകളിൽ ഒരേ സമയം ഒന്നിലധികം തലങ്ങളിൽ മത്സരിക്കാവുന്നതാണ്. സർക്കാർ അഭിഭാഷകർക്ക് പുറമേ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിനു വേണ്ടി പ്രതിഫലം പറ്റുന്ന അഭിഭാഷകനായി ജോലിയിലേർപ്പെട്ടിരിക്കുന്ന ആൾക്കും മത്സരിക്കാനാകില്ല. അയോഗ്യരായവരെ മാറ്റിയുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ തദ്ദേശ തെരഞ്ഞെടുപ്പ് കൂടുതൽ സജീവമാകും.
Adjust Story Font
16

