Quantcast

തദ്ദേശതെരഞ്ഞെടുപ്പ്: ആവേശക്കൊടുമുടിയേറി കലാശക്കൊട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് പരസ്യപ്രചാരണം അവസാനിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-12-07 13:49:46.0

Published:

7 Dec 2025 6:31 PM IST

തദ്ദേശതെരഞ്ഞെടുപ്പ്: ആവേശക്കൊടുമുടിയേറി കലാശക്കൊട്ട്
X

കോഴിക്കോട്: ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളിൽ പരസ്യ പ്രചാരണത്തിന് പരിസമാപ്തി കുറിച്ച് ആവേശം നിറഞ്ഞ കലാശക്കൊട്ട്. റോഡ് ഷോകളും റാലികളുമായി സ്ഥാനാർഥികളും പ്രവർത്തകരും ടൗണുകളിൽ നിറഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് പരസ്യപ്രചാരണം അവസാനിച്ചത്. ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളിൽ പ്രമുഖ നേതാക്കൾ കലാശക്കൊട്ടിന് നേതൃത്വം നൽകി. നാളെ നിശബ്ദ പ്രചാരണത്തിനു ശേഷം 9നാണ് വോട്ടെടുപ്പ്.

കലാശക്കൊട്ട് ദിവസം റോഡ് ഷോകളും ബൈക്ക് റാലികളുമൊക്കെയായി മുന്നണികൾ സജീവമായിരുന്നു. തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികളെല്ലാമെന്ന് ഏഴുജില്ലകളിലെ കലാശക്കൊട്ടിലും പ്രകടമായിരുന്നു. രാഷ്ട്രീയാവേശം അതിന്റെ കൊടുമുടിയിൽ എത്തിയ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടമാണ് ഏഴു ജില്ലകളിലും ഇന്ന് നടന്നത്.

അതേസമയം, തിരുവനന്തപുരം ആറ്റിങ്ങലിൽ കോൺഗ്രസ് സ്ഥാനാർഥിയെ ആക്രമിച്ചതായി പരാതി. ചാത്തൻപറ ജില്ലാ ഡിവിഷൻ കോൺഗ്രസ് സ്ഥാനാർഥി നബീൽ കല്ലമ്പലത്തിലാണ് പരാതിക്കാരൻ. പ്രചാരണ വാഹനം നിർത്തിച്ച് ഡിവൈഎഫ്‌ഐക്കാർ ആക്രമിച്ചുവെന്നാണ് ആരോപണം. ഇടുക്കി കട്ടപ്പന വെട്ടിക്കുഴ കവലയിലും കൊട്ടിക്കലാശത്തിനിടെ സംഘർഷമുണ്ടായി. യുഡിഎഫ് വിമത സ്ഥാനാർഥിയുടെ പ്രവർത്തകർക്ക് മർദനമേറ്റു. മർദിച്ചത് ഔദ്യോഗിക സ്ഥാനാർഥിിയുടെ പ്രവർത്തകരെന്നാണ് ആരോപണം. തിരുവനന്തപുരം പോത്തൻകോട് കലാശക്കൊട്ടിനിടയിൽ സിപിഎം- കോൺഗ്രസ് സംഘർഷമുണ്ടായി. പോത്തൻകോട് കലാശക്കൊട്ടിനിടയിൽ വാഹനത്തിന് മുകളിൽ നിന്നും കോൺഗ്രസ് പ്രവർത്തകൻ മറിഞ്ഞു വീണ് പരിക്കേറ്റു.

പരസ്യപ്രചരണത്തിൻറെ അവസാന മിനുട്ടുകളിൽ കൊട്ടിക്കലാശം ശക്തി പ്രകടനമാക്കുകയായിരുന്നു മുന്നണികൾ. എറണാകുളം കളമശേരി നഗരസഭ പരിധിയിലെ കങ്ങരപ്പടിയിൽ മന്ത്രി പി രാജീവ് എൽഡിഎഫിന്റെ കലാശക്കൊട്ടിൽ പങ്കെടുത്തു. പരസ്യപ്രചരണത്തിൻറെ അവസാന ദിനം റോഡ് ഷോ നടത്തിയാണ് കോട്ടയം ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി ജയ്‌സൺ ജോസഫ് വോട്ടർമാരെ കണ്ടത്. തെരഞ്ഞെടുപ്പ് ചിഹ്നമായ ഓട്ടോറിക്ഷയും ബൈക്കുകളും അണിനിരത്തിയായിരുന്നു റോഡ് ഷോ. കോട്ടയം ജില്ലാ പഞ്ചായത്തിൽ ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന ഡിവിഷനാണ് അതിരമ്പുഴ. പത്തനംതിട്ട റാന്നി ഇട്ടിയപ്പാറ ടൗണിൽ യുഡിഎഫ് സ്ഥാനാർഥികളുടെ കലാശക്കൊട്ടിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പങ്കെടുത്തു. ഇടുക്കി വണ്ടിപ്പെരിയാറിലും മറ്റു ജില്ലകളിലെ ആസ്ഥാനങ്ങളിലും റോഡ് ഷോകളുമായി മുന്നണികൾ കലാശക്കൊട്ട് ആഘോഷമാക്കി.

TAGS :

Next Story