തദ്ദേശ തെരഞ്ഞെടുപ്പ്; എസ്ഡിപിഐ മുന്നേറ്റമുണ്ടാക്കിയെന്ന് സംസ്ഥാന പ്രസിഡന്റ്
കോർപറേഷനിലടക്കം 102 ജനപ്രതിനിധികൾ ഇത്തവണ പാർട്ടിക്കുണ്ടെന്ന് സിപിഎ ലത്തീഫ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ ഒറ്റയ്ക്ക് നിന്ന് മുന്നേറ്റം ഉണ്ടാക്കിയതായി സംസ്ഥാന പ്രസിഡൻ്റ് സി.പി.എ ലത്തീഫ്. എസ്ഡിപിഐ വിജയപ്രതീക്ഷ വച്ചുപുലർത്തിയ നിരവധി വാർഡുകളിൽ ബിജെപിയെ പോലും കൂട്ടുപിടിച്ച് ഇടതുവലതു മുന്നണികൾ പാർട്ടിയുടെ വിജയത്തിനെതിരെ പ്രവർത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രണ്ട് കോർപ്പറേഷനുകളിലും എട്ട് നഗരസഭകളിലും 91 ഗ്രാമപഞ്ചായത്തുകളിലും ഒരു ബ്ലോക്ക് പഞ്ചായത്തിലുമായി 102 ജനപ്രതിനിധികളാണ് ഇത്തവണ പാർട്ടിക്ക് ഉള്ളത്.
മുന്നൂറിലധികം വാർഡുകളിൽ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും പാർട്ടി നേടി. അൻപതിലധികം വാർഡുകളിൽ പത്തിൽ താഴെ വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. 100 നും 200 നും ഇടയിൽ വോട്ട് നേടിയ ആയിരത്തിലധികം വാർഡുകളുണ്ട്. അഞ്ചിലധികം പഞ്ചായത്തുകളിൽ നിർണായക ശക്തിയായി. നിരവധി പഞ്ചായത്തുകളിലും നഗരസഭകളിലും കണ്ണൂർ കോർപ്പറേഷനിലും അക്കൗണ്ട് തുറന്നു. ഏതു കൊടുങ്കാറ്റിലും തളരാത്ത ജനസ്വീകാര്യത പാർട്ടിക്കുണ്ട് എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.
എസ്ഡിപിഐക്ക് സാധ്യതയുള്ള വാർഡുകളിലും സിറ്റിംഗ് വാർഡുകളിലും അധികാരവും പണവും ഉപയോഗിച്ച് പാർട്ടിയെ പരാജയപ്പെടുത്താൻ എല്ലാ മുന്നണികളും പരമാവധി പരിശ്രമിച്ചു.നികുതി ഭാരമേല്പിച്ച ഇടതു സർക്കാരിനെതിരായ ജനവികാരം യുഡിഎഫിന് അനുകൂലമായെന്നും അദ്ദേഹം പറഞ്ഞു
Adjust Story Font
16

