Quantcast

കവർച്ചാശ്രമത്തിനിടെ തോക്ക് ചൂണ്ടി രക്ഷപ്പെട്ടവർക്കെതിരെ ലുക്കൗട്ട് നോട്ടീസ്

മോനിഷാണ് കവർച്ചാ സംഘത്തിന് നേതൃത്വം നൽകുന്നതെന്ന് പൊലീസ് പറയുന്നു.

MediaOne Logo

Web Desk

  • Updated:

    2022-08-25 14:40:46.0

Published:

25 Aug 2022 2:38 PM GMT

കവർച്ചാശ്രമത്തിനിടെ തോക്ക് ചൂണ്ടി രക്ഷപ്പെട്ടവർക്കെതിരെ ലുക്കൗട്ട് നോട്ടീസ്
X

തിരുവനന്തപുരം: തലസ്ഥാനത്ത് മോഷണ ശ്രമത്തിനിടെ നാട്ടുകാര്‍ക്കും പൊലീസിനും നേരെ തോക്ക് ചൂണ്ടി രക്ഷപ്പെട്ടവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്. യു.പി സ്വദേശി മുഹമ്മദ് മോനിഷിനും പേരറിയാത്ത ഒരാൾക്കുമെതിരെയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. പ്രതികളെ കുറിച്ച് സൂചന ലഭിക്കുന്നവർ മ്യൂസിയം എസ്എച്ച്ഒയെ വിവരമറിയിക്കണം.

തിങ്കളാഴ്ചയാണ് മോഷണശ്രമത്തിനിടെ ഇടപ്പഴിഞ്ഞിയിൽ നാട്ടുകാർക്ക് നേരെയും ശ്രീകണ്‌ഠേശ്വരത്ത് പൊലീസിനു നേരെയും ഇവർ തോക്കുചൂണ്ടി രക്ഷപ്പെട്ടത്. മോനിഷാണ് കവർച്ചാ സംഘത്തിന് നേതൃത്വം നൽകുന്നതെന്ന് പൊലീസ് പറയുന്നു. വസ്ത്ര വ്യാപാരികളെന്ന പേരില്‍ നഗരത്തില്‍ വാടകയ്ക്ക് താമസിച്ച സംഘത്തിന് കൂടുതല്‍ മോഷണങ്ങളില്‍ പങ്കുണ്ടെന്നും പൊലീസിന് സൂചന ലഭിച്ചിരുന്നു.

ആറംഗ മോഷണ സംഘമാണ് തലസ്ഥാനത്തെത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ മൂന്ന് മാസമായി മോനിഷ് തമ്പാനൂരിലും വഞ്ചിയൂരിലും വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇയാൾക്കൊപ്പം ഒരു സ്ത്രീയുമുണ്ടായിരുന്നു.

മോനിഷിന്റെ ആധാർ കാർഡും യു.പിയിലെ വിലാസവും അടക്കമുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചു. തോക്ക് ചൂണ്ടി മോഷ്ടാക്കൾ രക്ഷപ്പെട്ട ദിവസം മറ്റൊരാൾ ഇവർ താമസിക്കുന്ന വീട്ടിലെത്തി സ്ത്രീയെ കൂട്ടിപോവുകയായിരുന്നു. കഴിഞ്ഞ മാസം 24നാണ് സംഘം ഈ വീട്ടിലെത്തിയത്.

തുണി വിൽപ്പനയുടെ മറവിൽ ആളൊഴിഞ്ഞ വീട് നോക്കിവച്ച ശേഷം മോഷണം നടത്തുകയാണ് ഇവരുടെ രീതി. നഗരത്തിൽ അടുത്തിടെ നടന്ന മോഷണങ്ങൾക്ക് പിന്നിൽ ഈ സംഘമാണെന്നാണ് കരുതുന്നത്. ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലും ലോഡ്ജിലും നടത്തിയ പരിശോധനയിൽ മോഷണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങളും വ്യാജ നമ്പർ പ്ലേറ്റുകളും കണ്ടെടുത്തിട്ടുണ്ട്.

കോവളം സ്വദേശിയിൽ നിന്ന് വാടകയ്ക്ക് എടുത്ത ഇരുചക്രവാഹനത്തിൽ കറങ്ങിനടന്നാണ് മോഷണം നടത്തിയിരുന്നത്. ആറ്റുകാലിലുള്ള ഒരു വീട്ടിലും ഇവർ മോഷണം നടത്തിയിരുന്നു. സംഘം അയൽ ജില്ലകളിലേക്കോ മറ്റ് സംസ്ഥാനങ്ങളിലേക്കോ കടക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. മോനിഷിനൊപ്പമുണ്ടായിരുന്നവരും അവർ താമസിച്ചിരുന്ന സ്ഥലത്ത് വന്നുപോയിരുന്നവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

TAGS :

Next Story