Quantcast

'അഭിമന്യു വധക്കേസില്‍ രേഖകൾ നഷ്ടപ്പെട്ട സംഭവത്തിൽ നടപടി വേണം'; ഹൈക്കോടതി രജിസ്ട്രാർക്ക് കത്ത്

ആൾ ഇന്ത്യ ലോയേഴ്‌സ് യൂനിയൻ യുവ അഭിഭാഷക സമിതിയാണ് രജിസ്ട്രാറെ സമീപിച്ചത്

MediaOne Logo

Web Desk

  • Published:

    11 March 2024 11:47 AM GMT

അഭിമന്യു വധക്കേസില്‍ രേഖകൾ നഷ്ടപ്പെട്ട സംഭവത്തിൽ നടപടി വേണം; ഹൈക്കോടതി രജിസ്ട്രാർക്ക് കത്ത്
X

കൊച്ചി: അഭിമന്യു വധക്കേസിലെ സുപ്രധാന രേഖകൾ കാണാതായ സംഭവത്തിൽ ഹൈക്കോടതി രജിസ്ട്രാർക്ക് കത്ത്. രേഖകൾ നഷ്ടപ്പെട്ട സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആൾ ഇന്ത്യ ലോയേഴ്‌സ് യൂനിയൻ(എ.ഐ.എൽ.യു) യുവ അഭിഭാഷക സമിതി രജിസ്ട്രാറെ സമീപിച്ചിരിക്കുന്നത്. കേസിലെ സുപ്രധാനമായ വിവരങ്ങൾ അടങ്ങിയ രേഖകൾ കോടതിയിൽനിന്നു കാണാതായ വിവരം മീഡിയവൺ ആണു പുറത്തുവിട്ടത്.

രേഖകൾ നഷ്ടപ്പെട്ടതിൽ ഉത്തരവാദികളെ കണ്ടെത്തണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. ഇവർക്ക് അർഹമായ ശിക്ഷ നൽകണം. ഇതോടൊപ്പം കേസിലെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം നൽകണമെന്നും എ.ഐ.എൽ.യു കത്തിൽ ആവശ്യപ്പെട്ടു.

കേസിൽ വിചാരണാ നടപടികൾ ആരംഭിക്കാനിരിക്കെയാണ് രേഖകൾ നഷ്ടപ്പെട്ട വിവരം പ്രത്യേക കോടതി ഹൈക്കോടതിയെ അറിയിച്ചത്. ഇക്കാര്യത്തിൽ ഹൈക്കോടതി ഇടപെടലുണ്ടാകുമോ എന്ന കാര്യം മാർച്ച് 18ന് അറിയാം. രേഖകൾ പുനർനിർമിക്കുന്നതുമായി ബന്ധപ്പെട്ടു തടസങ്ങളുണ്ടെങ്കിൽ 18ന് അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

അഭിമന്യു വധക്കേസിലെ സുപ്രധാന രേഖകൾ കാണാതായത് ഹൈക്കോടതി അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. രേഖകൾ രണ്ട് വർഷം മുൻപ് തന്നെ നഷ്ടമായെന്ന സംശയം നിൽക്കുന്നുണ്ടെങ്കിലും സംഭവത്തിൽ ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല. അതിനിടെ പ്രോസിക്യൂഷൻ വീണ്ടും തയാറാക്കുന്ന രേഖകളെ കോടതിയിൽ ചോദ്യംചെയ്യാനാണ് പ്രതിഭാഗത്തിന്റെ നീക്കം.

കുറ്റപത്രം, പോസ്റ്റ്‌മോർട്ടം സർട്ടിഫിക്കറ്റ് അടക്കം 11 രേഖകളാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽനിന്ന് നഷ്ടമായിരുന്നത്. ഹൈക്കോടതിയുടെ നിർദേശപ്രകാരം രേഖകൾ വീണ്ടും തയാറാക്കുകയാണ് പ്രോസിക്യൂഷൻ. അപ്പോഴും സുപ്രധാന രേഖകൾ കാണാതായതിൽ എന്തുകൊണ്ട് അന്വേഷണം ഉണ്ടാകുന്നില്ലെന്നാണ് ഉയരുന്ന ചോദ്യം. രേഖകൾ 2022ൽ തന്നെ നഷ്ടമായെന്ന സംശയമാണ് നിലനിൽക്കുന്നത്.

Summary: 'Action should be taken in case of loss of documents in Abhimanyu murder case'; All India Lawyers Union Young wing writes to the Kerala High Court Registrar

TAGS :

Next Story