Quantcast

ആര്‍എസ്എസിനെ പോലെ മതതീവ്രവാദം രാഷ്ട്രീയത്തില്‍ പ്രയോഗിക്കുന്നവരാണ് സയണിസ്റ്റുകള്‍; എം എ ബേബി

സയണിസ്റ്റുകളുടെ എല്ലാ ആക്രമണങ്ങളെയും എല്ലാ ജനാധിപത്യവാദികളും തള്ളിക്കളയണമെന്ന് എം എ ബേബി

MediaOne Logo

Web Desk

  • Published:

    14 May 2021 3:18 AM GMT

ആര്‍എസ്എസിനെ പോലെ മതതീവ്രവാദം രാഷ്ട്രീയത്തില്‍ പ്രയോഗിക്കുന്നവരാണ് സയണിസ്റ്റുകള്‍; എം എ ബേബി
X

ഇസ്രായേലില്‍ മലയാളി കൊല്ലപ്പെട്ട സംഭവം വര്‍ഗീയ പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെതിരെ സിപിഎം നേതാവ് എം എ ബേബി. ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്റെ മരണത്തില്‍ അനുശോചിച്ചുകൊണ്ടുള്ള കുറിപ്പിലാണ് എംഎ എ ബേബി ആര്‍എസ്‌എസിനെയും സയണിസ്റ്റുകളെയും താരതമ്യം ചെയ്തത്. ഫലസ്തീനെ എന്തുകൊണ്ട് പിന്തുണയ്ക്കണമെന്നും അദ്ദേഹം കുറിപ്പില്‍ വിശദമാക്കി.

ദൗര്‍ഭാഗ്യകരമായ സംഭവങ്ങളെ കേരളത്തില്‍ വര്‍ഗീയ വിഭജനത്തിന് ഉപയോഗിക്കുന്ന ആര്‍എസ്‌എസ് സംഘടനകളുടെ വാദങ്ങള്‍ ജനങ്ങള്‍ തളളിക്കളയണം. ഫലസ്തീനിലെ സംഘര്‍ഷങ്ങളുടെ മൂല കാരണം സയണിസ്റ്റുകളാണ്. ഇന്ത്യയിലെ ആര്‍എസ്‌എസ്സിനെ പോലെ മതതീവ്രവാദം രാഷ്ട്രീയത്തില്‍ പ്രയോഗിക്കുന്നവരാണ് സയണിസ്റ്റുകളെന്നും എം എ ബേബി പറഞ്ഞു. ഉപജീവനത്തിനായി സംഘര്‍ഷ മേഖലകളില്‍ പോയി തൊഴിലെടുക്കേണ്ടി വരുന്ന ഇന്ത്യക്കാരുടെ സുരക്ഷിതത്വത്തിനായുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എം എ ബേബിയുടെ കുറിപ്പ്

ഇസ്രായേലിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശി സൗമ്യ സന്തോഷിൻറെ കുടുംബത്തെയും ബന്ധുമിത്രാദികളെയും എൻറെ ദുഃഖം അറിയിക്കുന്നു. നമ്മുടെ നാട്ടിൽ നിന്ന് വിദേശത്ത് പോയി നഴ്സ് ആയി വേല ചെയ്തിരുന്ന ഒരു തൊഴിലാളിയാണ് അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ കൊല്ലപ്പെട്ടത്. ഉപജീവനത്തിനായി സംഘർഷപ്രദേശങ്ങളിൽ പോയി തൊഴിലെടുക്കേണ്ടി വരുന്ന ഇന്ത്യക്കാരുടെ സുരക്ഷിതത്വത്തിനായുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണം.

ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങളെ കേരളത്തിൽ വർഗീയ വിഭജനത്തിന് ഉപയോഗിക്കുന്ന ആർഎസ്എസ് സംഘടനകളുടെ വാദങ്ങൾ ജനങ്ങൾ തള്ളിക്കളയണം. ഫലസ്തീനെ കയ്യേറി വെച്ചിരിക്കുന്ന സയണിസ്റ്റുകളാണ് ഈ മേഖലയിലെ സംഘർഷത്തിന് കാരണം. നമ്മുടെ നാട്ടിലെ ആർഎസ്എസുകാരെപ്പോലെ മതതീവ്രവാദം രാഷ്ട്രീയത്തിൽ പ്രയോഗിക്കുന്ന ഒരു കൂട്ടം ഭീകരരാണിവർ. സയണിസ്റ്റുകളുടെ എല്ലാ ആക്രമണങ്ങളെയും എല്ലാ ജനാധിപത്യ വാദികളും തള്ളിക്കളയണം.

ഇസ്രായേലിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശി സൗമ്യ സന്തോഷിൻറെ കുടുംബത്തെയും ബന്ധുമിത്രാദികളെയും എൻറെ ദുഃഖം അറിയിക്കുന്നു....

Posted by M A Baby on Thursday, May 13, 2021

TAGS :

Next Story