Quantcast

കോൺഗ്രസുമായി മുന്നണിയോ കൂട്ടുകെട്ടോ രൂപീകരിക്കാനാകില്ല: എം എ ബേബി

'കോൺഗ്രസ് വർഗീയ പാർട്ടി അല്ല. അധികാരത്തിന് വേണ്ടി വർഗീയതയെ ഉപയോഗിക്കുന്നവരാണ്. കേരളത്തിൽ മത്സരിച്ചത് രാഹുല്‍ ഗാന്ധിയുടെ മണ്ടത്തരം'

MediaOne Logo

Web Desk

  • Updated:

    2022-04-06 03:00:49.0

Published:

6 April 2022 2:59 AM GMT

കോൺഗ്രസുമായി മുന്നണിയോ കൂട്ടുകെട്ടോ രൂപീകരിക്കാനാകില്ല: എം എ ബേബി
X

കണ്ണൂര്‍: കോൺഗ്രസുമായി രാഷ്ട്രീയ മുന്നണിയോ കൂട്ടുകെട്ടോ രൂപീകരിക്കാനാകില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി മീഡിയവണിനോട്. ചിലയിടങ്ങളിൽ ബി.ജെ.പിയെ തോൽപ്പിക്കാൻ കോൺഗ്രസിന് കഴിയും. എന്നാല്‍ ബദൽ രൂപീകരിക്കാൻ കെൽപ്പില്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറിയെന്നും എം എ ബേബി പറഞ്ഞു.

കോൺഗ്രസ് വർഗീയ പാർട്ടി അല്ല. അധികാരത്തിന് വേണ്ടി വർഗീയതയെ ഉപയോഗിക്കുന്നവരാണ്. ബി.ജെ.പിയെ തോൽപിക്കാൻ പങ്കുവഹിക്കാനുള്ള ശേഷി കോൺഗ്രസിന് കുറയുകയാണ്. ഓരോ സംസ്ഥാനത്തെയും രാഷ്ട്രീയ സാഹചര്യമനുസരിച്ച് അടവുനയം രൂപീകരിക്കും. കേരളത്തിൽ മത്സരിച്ചത് രാഹുല്‍ ഗാന്ധിയുടെ മണ്ടത്തരമാണെന്നും എം എ ബേബി വിമര്‍ശിച്ചു.

കെ റെയിലിനെതിരെ അവിശുദ്ധ സഖ്യം രൂപപ്പെട്ടിട്ടുണ്ട്. എന്നാല്‍ വിമർശകരെല്ലാം അവിശുദ്ധ സഖ്യത്തിൽപ്പെട്ടവരല്ല. സ്വാഭാവിക ഉത്കണ്ഠ കൊണ്ട് കെ റയിലിനെതിരെ പ്രതികരിക്കുന്നവരുണ്ട്. സദുദ്ദേശ്യത്തോടെയുള്ള പരാതികൾ സർക്കാർ കേൾക്കും. വികസനത്തിന് ജനങ്ങളുടെ സമ്മതം വാങ്ങാത്തതിനാലാണ് നന്ദിഗ്രാമിൽ തെറ്റുപറ്റിയത്. കേരളത്തിലെ ജനങ്ങളെ വിശ്വാസത്തിലെടുത്തേ പദ്ധതി നടപ്പാക്കൂവെന്നും എം എ ബേബി പറഞ്ഞു.

പ്രതിനിധി സമ്മേളനം ഇന്ന് തുടങ്ങും

സിപിഎം പാർട്ടി കോൺഗ്രസ് പ്രതിനിധി സമ്മേളനത്തിന് ഇന്ന് കണ്ണൂരിൽ തുടക്കമാകും. നായനാർ അക്കാദമിയിൽ മുതിർന്ന നേതാവായ എസ്. രാമചന്ദ്രൻപിള്ള പാർട്ടി പതാക ഉയർത്തും. പ്രവർത്തന റിപ്പോർട്ട് സീതാറാം യെച്ചൂരിയും സംഘടനാ റിപ്പോർട്ട് പ്രകാശ് കാരാട്ടും അവതരിപ്പിക്കും. തെരഞ്ഞെടുപ്പ് സഖ്യവും കോൺഗ്രസ് പാർട്ടിയോടുള്ള സമീപനവും തീരുമാനിക്കുന്ന രാഷ്ട്രീയ പ്രമേയത്തിലും നിർണായക ചർച്ചകൾ നടക്കും.

കോൺഗ്രസുമായി സഖ്യം രൂപീകരിച്ച് ബിജെപിക്കെതിരെ ബദൽ രൂപീകരിക്കണമെന്ന നിലപാട് സിപിഎമ്മിനില്ല. പ്രാദേശിക പാർട്ടികളുമായി ചേർന്ന് കൂട്ടുകെട്ട് ഉണ്ടാക്കി ഇടത് മതേതര ബദൽ രൂപീകരിക്കണമെന്നാണ് കരട് രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നത്. കാര്യമായ ഭേദഗതികളില്ലാതെ പ്രമേയം പാർട്ടി കോൺഗ്രസ് അംഗീകരിച്ചേക്കും. കെ റെയിലുമായി ബന്ധപ്പെട്ട ചർച്ചകളും യോഗത്തിൽ ഉയർന്ന് വരാൻ സാധ്യതയുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ വിമർശനം ഉന്നയിച്ചാൽ കേരളത്തിൽ നിന്ന് ചർച്ചയിൽ പങ്കെടുക്കുന്നവർ മറുപടി നൽകും. പിബിയിലും കേന്ദ്രകമ്മിറ്റിയിലും പുതുമുഖങ്ങൾ വന്നേക്കും.

Summary- CPIM will not form alliance with congress, says Polit Bureau member M A Baby

TAGS :

Next Story