Quantcast

'എൻ്റെ ഫോട്ടോ എടുത്ത് മാറ്റണം; ദൈവത്തോട് മാത്രമേ പ്രാർഥിക്കാൻ പാടുള്ളൂ'; ​ഗാന്ധിഭവനിലെ പ്രാർഥനാ ഹാളിൽ തന്റെ ചിത്രം കണ്ട എം.എ യൂസഫലി

പത്തനാപുരം ഗാന്ധിഭവനിൽ ലുലു ഗ്രൂപ്പ് നിർമിച്ചുനൽകുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങിനായി എത്തിയപ്പോഴായിരുന്നു പ്രാർഥനാ ഹാളിൽ തന്റെ ചിത്രം ഇരിക്കുന്നത് യൂസഫലി കണ്ടത്.

MediaOne Logo

Web Desk

  • Updated:

    2023-12-28 07:03:26.0

Published:

28 Dec 2023 6:54 AM GMT

M A Yusuff Ali Says to remove his photo from the prayer hall of pathanapuram gandhi bhavan
X

കൊല്ലം: അനാഥരായ വയോജനങ്ങൾക്കായുള്ള അഗതി മന്ദിരത്തിലെ പ്രാർഥനാ ഹാളിൽ സ്ഥാപിച്ച തന്റെ ചിത്രം എടുത്തുമാറ്റണമെന്ന് അഭ്യർഥിച്ച് ലുലു ഗ്രൂപ്പ് ചെയർമാനും പ്രമുഖ വ്യവസായിയുമായ എം.എ യൂസഫലി. പ്രാർഥന ദൈവത്തിനോടേ പാടൂള്ളൂവെന്നും യൂസുഫലി പറഞ്ഞു.

പത്തനാപുരം ഗാന്ധിഭവനിൽ അന്തേവാസികൾക്ക് താമസിക്കാനായി ലുലു ഗ്രൂപ്പ് നിർമിച്ചുനൽകുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങിനായി എത്തിയപ്പോഴായിരുന്നു നിലവിലുള്ള കെട്ടിടത്തിലെ പ്രാർഥനാ ഹാളിൽ തന്റെ ചിത്രം ഇരിക്കുന്നത് യൂസഫലി കണ്ടത്. ഉടൻ തന്നെ ഇതെടുത്ത് മാറ്റാൻ ഗാന്ധിഭവൻ സ്ഥാപകനും മാനേജിങ് ട്രസ്റ്റിയുമായ ഡോ. പുനലൂർ സോമരാജനോട് അദ്ദേഹം നിർദേശിക്കുകയായിരുന്നു.

'ഇത് പ്രാർഥനാ ഹാളല്ലേ. അപ്പോൾ എന്റെ ഫോട്ടോ എടുത്ത് മാറ്റണം. പ്രാർഥന ദൈവത്തോടിനാണ്. ദൈവത്തിനോട് മാത്രമേ പ്രാർഥിക്കാൻ പാടുള്ളൂ'- ഡോ. സോമരാജനോട് യൂസഫലി പറഞ്ഞു. 'ദൈവത്തിനോടാണ്, നമ്മൾ നോക്കിക്കൊണ്ടാണ് പ്രാർഥിക്കുന്നത്' എന്ന് സോമരാജൻ പറഞ്ഞു.

ഇതോടെ, 'തന്നെ നോക്കിക്കൊണ്ട് പ്രാർഥിക്കേണ്ടെന്നും ദയവുചെയ്ത് ഇതെടുത്ത് മാറ്റണമെന്നും ദൈവത്തിന്റെ ചിത്രങ്ങൾ വച്ചോ'യെന്നും യൂസഫലി പറഞ്ഞു. എന്നാൽ, ദൈവത്തിന്റെ ചിത്രങ്ങൾ വച്ചിട്ടില്ലെന്നും ചിത്രങ്ങളില്ലാത്ത ദൈവം ആണെന്നും ഡോ. സോമരാജൻ പറഞ്ഞു. എന്നാൽ, ''മനസിലാണ് ദൈവം, ഇൻവിസിബിൾ. അപ്പോൾ ഈ ഫോട്ടോയെടുത്ത് മാറ്റണം''- എന്നായിരുന്നു യൂസഫലിയുടെ മറുപടിയും നിർദേശവും. മാറ്റാമെന്ന് സോമരാജൻ സമ്മതിക്കുകയും ചെയ്തു.

മക്കൾ മാതാപിതാക്കളെ തള്ളിവിടുന്ന പ്രവണത ഇപ്പോൾ കൂടുകയാണെന്ന് ചടങ്ങിൽ സംസാരിക്കവെ യൂസഫലി ചൂണ്ടിക്കാട്ടി. വളരെ അർഹരായ ആളുകളെ മാത്രമേ എടുക്കാവൂ. കഴിയുന്നതും ആരും അമ്മമാരെയും അച്ഛന്മാരെയും തള്ളിവിടരുത്. അവരെ ദുഃഖം അനുഭവിപ്പിക്കരുത്. അവരിവിടെ വന്നാൽ സന്തോഷമായിരിക്കും. പക്ഷേ നിങ്ങൾ ശുശ്രൂഷിക്കേണ്ടവരെ ശുശ്രൂഷിക്കുക. മാതാപിതാക്കളോട് കരുണയും സ്‌നേഹവും കാണിക്കുക എന്നാണ് ഖുർആൻ പറയുന്നത്.

'മാതാ പിതാ ഗുരു ദൈവം എന്നാണ് ഹൈന്ദവ സഹോദരങ്ങൾ പഠിക്കുന്നത്. ശ്രീരാമ ഭഗവാൻ വനവാസത്തിന് പോയതുപോലും തന്റെ പിതാവിന്റെ വാക്ക് പാലിച്ചാണ്. തന്റെ പിതാവായ സൂര്യഭഗവാൻ കൊടുത്ത കവചകുണ്ഡലങ്ങൾ മാതാവായ കുന്തീദേവീക്ക് അഴിച്ചുകൊടുത്ത് മരണത്തെ നേരിടുകയായിരുന്നു കർണൻ. അതൊക്കെയാണ് ഹിന്ദു പുരാണങ്ങളിൽ പറയുന്നത്. ബൈബിളിലും പറയുന്നു നിങ്ങൾ മാതാപിതാക്കളെ സ്‌നേഹിക്കൂ, ബഹുമാനിക്കൂ, ശുശ്രൂഷിക്കൂ എന്ന്. അതില്ലാതെ ഇങ്ങനെ തള്ളിവിടുന്ന പ്രവണത കേരളത്തിൽ വർധിക്കാതിരിക്കട്ടെ. അവർക്ക് ദൈവത്തിന്റെ ശാപമില്ലാതിരിക്കട്ടെ എന്ന് പ്രാർഥിക്കുകയാണ്'- അദ്ദേഹം വിശദമാക്കി.

​കെട്ടിടത്തിന്റെ പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കുമെന്നും യൂസഫലി കൂട്ടിച്ചേർത്തു. ഗാന്ധി ഭവനിൽ 20 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന പുതിയ കെട്ടിടത്തിൽ 300 പേർക്ക് താമസിക്കാം. ഗാന്ധിഭവനിൽ താമസിക്കുന്ന പുരുഷ അന്തേവാസികൾക്കായാണ് കെട്ടിടം നിർമിക്കുന്നത്. തറക്കല്ലിടൽ ദിവസം തന്നെ പൈലിങ്ങും ആരംഭിച്ചിട്ടുണ്ട്. ഗാന്ധിഭവനിലെ അമ്മമാർക്ക് താമസിക്കാനായി നേരത്തെ യൂസഫലി ഒരു കെട്ടിടം നിർമിച്ചുനൽകിയിരുന്നു.


TAGS :

Next Story