Quantcast

ശബരിമല സ്വര്‍ണക്കൊള്ള; 'സോണിയ ഗാന്ധിക്കെതിരെ ഞങ്ങള്‍ വിരല്‍ചൂണ്ടില്ല': വി.ശിവന്‍കുട്ടിയെ തള്ളി എം.എ ബേബി

വി.എസ് അച്യുതാനന്ദൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ പത്മപുരസ്കാരം സ്വീകരിക്കില്ലായിരുന്നുവെന്നും എം.എ ബേബി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2026-01-27 11:37:07.0

Published:

27 Jan 2026 5:04 PM IST

ശബരിമല സ്വര്‍ണക്കൊള്ള; സോണിയ ഗാന്ധിക്കെതിരെ ഞങ്ങള്‍ വിരല്‍ചൂണ്ടില്ല: വി.ശിവന്‍കുട്ടിയെ തള്ളി എം.എ ബേബി
X

ന്യൂഡൽഹി: സ്വര്‍ണക്കൊള്ള കേസില്‍ സോണിയ ഗാന്ധിയെ ചോദ്യം ചെയ്യണമെന്നടക്കമുള്ള പരാമര്‍ശത്തില്‍ മന്ത്രി വി.ശിവന്‍കുട്ടിയെ തള്ളി സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി. സോണിയ ഗാന്ധിക്കെതിരെ തങ്ങളാരും വിരല്‍ ചൂണ്ടില്ല. എന്നാല്‍ പോറ്റിയെ സോണിയക്കടുത്ത് എത്തിച്ചത് ആരാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും ബേബി ആവശ്യപ്പെട്ടു. കേരളം നേരിടുന്ന സാമ്പത്തിക സമ്മര്‍ദത്തിന് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സര്‍വകക്ഷി യോഗത്തില്‍ ആശങ്കകള്‍ അറിയിച്ചതായും എസ്‌ഐആര്‍ സംബന്ധിച്ചുള്ള ഗുരുതരമായ ആശങ്കകള്‍ പങ്കുവെച്ചതായും ബേബി പ്രതികരിച്ചു.

'സോണിയ ഗാന്ധിയ്ക്ക് ഇങ്ങനെയുള്ള ആളുകളുമായി ബന്ധം സ്ഥാപിക്കണമെന്ന ആഗ്രഹം ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അങ്ങനെ തെറ്റായ ധാരണ അവര്‍ക്കുണ്ടെന്ന് ശിവന്‍കുട്ടി പറയുമെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍, സോണിയ ഗാന്ധിയെപ്പോലെ ഉയര്‍ന്ന സെക്യൂരിറ്റിയുള്ള ആളുടെ അടുക്കലേക്ക് പോറ്റിയെ എത്തിച്ചത് ആരാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. യുഡിഎഫ് കണ്‍വീനറാണോ അതോ മറ്റാരെങ്കിലുമാണോയെന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ അവര്‍ തയ്യാറാകണം'. ബേബി പറഞ്ഞു.

നേരത്തെ, ശബരിമല സ്വര്‍ണക്കൊള്ളയില്‍ സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞിരുന്നു. രണ്ട് കള്ളന്‍മാര്‍ വ്യക്തിപരമായി സോണിയ ഗാന്ധിയെ നേരില്‍ കണ്ടത് സോണിയ ഗാന്ധിയെയാണെന്നും ശിവന്‍കുട്ടി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

കൂടാതെ, വി.എസ് അച്യുതാനന്ദന്‍ ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ പത്മപുരസ്‌കാരം നിരസിച്ചേനെയെന്നും സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി പറഞ്ഞു. 'ഇനി തീരുമാനം എടുക്കേണ്ടത് കുടുംബമാണ്'. ഇ.എം.എസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പുരസ്‌കാരം നല്‍കാമെന്നറിയിച്ചപ്പോള്‍ സ്വയം വിസമ്മതിച്ചതാണെന്നും എം.എ ബേബി പറഞ്ഞു.

എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യത്തില്‍ മുഖ്യരാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതികരിക്കേണ്ടതില്ലെന്നും സഹകരണം ഇരുനാടിന്റെ നന്മയ്ക്കുള്ളതാണെങ്കില്‍ നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story