Quantcast

'വിവിധ വിഷയങ്ങളിൽ സജീവമായി ഇടപെട്ട് ജനങ്ങൾക്ക് വേണ്ടി നിലകൊണ്ട നേതാവ്'; വി.എസ്സിനെ അനുസ്മരിച്ച് എം.എ യൂസുഫലി

സഹോദരതുല്യനായ വി.എസ്സിന്റെ വേർപാട് താങ്ങാനുള്ള കരുത്ത് കുടുംബാംഗങ്ങൾക്കും കേരള സമൂഹത്തിനും ഉണ്ടാകട്ടെയെന്നും യൂസുഫലി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2025-07-21 15:41:51.0

Published:

21 July 2025 8:15 PM IST

MA Yusufali memory about VS
X

ആലപ്പുഴ: വിവിധ വിഷയങ്ങളിൽ സജീവമായി ഇടപെട്ട് ജനങ്ങൾക്ക് വേണ്ടി എന്നും നിലകൊണ്ടിരുന്ന ഒരു ജനനേതാവിനെയാണ് വി.എസിന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് പ്രമുഖ വ്യവസായി എം.എ യൂസുഫലി. വി.എസ്സുമായി വളരെ അടുത്ത സ്‌നേഹബന്ധമാണ് താൻ വെച്ചുപുലർത്തിയിരുന്നത്. 2017ൽ യുഎഇ സന്ദർശിച്ച അവസരത്തിൽ അബൂദബിയിലെ വസതിയിൽ അദ്ദേഹമെത്തിയത് ഒരു ഓർമയായി ഇന്നും താൻ ഹൃദയത്തിൽ സൂക്ഷിക്കുന്നു.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ ചെയർമാനായിരുന്ന അദ്ദേഹത്തോടൊപ്പം ഡയറക്ടർ ബോർഡംഗമായി അഞ്ച് വർഷം അടുത്ത് പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്. കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ടും അടുത്ത് ഇടപഴകാൻ ഒട്ടേറെ അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. അതോടൊപ്പം കേരളത്തിലെ തന്റെ ആദ്യത്തെ സംരംഭമായ തൃശൂർ ലുലു കൺവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹമെത്തിയത് ഒരിക്കലും മറക്കാൻ സാധ്യമല്ല. ചെളിയിൽ നിന്നും വിരിയിച്ച താമര എന്നായിരുന്നു കൺവെൻഷൻ സെന്ററിനെപ്പറ്റി അദ്ദേഹം അന്ന് പരാമർശിച്ചത്. ബോൾഗാട്ടി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായപ്പോൾ സത്യസന്ധനായ കച്ചവടക്കാരൻ എന്നായിരുന്നു അദ്ദേഹം തന്നെപ്പറ്റി പറഞ്ഞത്.

തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിയെപ്പറ്റി അവിടെപ്പോയി മകൻ അരുൺ കുമാറിനോടും മറ്റ് ബന്ധുക്കളോടും അന്വേഷിക്കുകയും ചെയ്തിരുന്നു. സഹോദരതുല്യനായ വി.എസ്സിന്റെ വേർപാട് താങ്ങാനുള്ള കരുത്ത് കുടുംബാംഗങ്ങൾക്കും കേരള സമൂഹത്തിനും ഉണ്ടാകട്ടെയെന്നും യൂസുഫലി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

TAGS :

Next Story