Quantcast

'ദേശീയപാതയുടെ അറ്റകുറ്റപ്പണി ഉടൻ നടത്തണം'; കരാറുകാർക്കെതിരെ നടപടിയെടുക്കാൻ കേന്ദ്രം നട്ടെല്ല് കാണിക്കണമെന്ന് മന്ത്രി

ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള മേഖലകളിൽ അറ്റകുറ്റപണി നടത്താൻ സംസ്ഥാന സർക്കാരിന് കഴിയില്ല. സാഹചര്യം നിരവധി തവണ കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും പി.എ മുഹമ്മദ് റിയാസ് മീഡിയവണിനോട് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-08-06 06:45:56.0

Published:

6 Aug 2022 5:40 AM GMT

ദേശീയപാതയുടെ അറ്റകുറ്റപ്പണി ഉടൻ നടത്തണം; കരാറുകാർക്കെതിരെ നടപടിയെടുക്കാൻ കേന്ദ്രം നട്ടെല്ല് കാണിക്കണമെന്ന് മന്ത്രി
X

എറണാകുളം: ദേശീയപാതയുടെ അറ്റകുറ്റപ്പണി ഉടൻ നടത്തണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നെടുമ്പാശ്ശേരിയില്‍ റോഡിലെ കുഴിയില്‍ വീണ ബൈക്ക് യാത്രക്കാരന്‍ മരിച്ച പശ്ചാത്തലത്തിലാണ് പ്രതികരണം. അപകടത്തിന് ഉത്തരവാദികള്‍ കരാറുകാരാണ്, തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നട്ടെല്ല് കാണിക്കണം. അല്ലെങ്കില്‍ പി.ഡബ്ല്യൂ.ഡി ശക്തമായ നിലപാട് സ്വീകരിക്കുമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.

"സംസ്ഥാന സർക്കാർ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ട്. ദേശീയ പാത അതോറിറ്റിയുടെ കീഴിലുള്ള മേഖലകളിൽ അറ്റകുറ്റപണി നടത്താൻ സര്‍ക്കാരിന് കഴിയില്ല. സാഹചര്യം നിരവധി തവണ കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്. നിയമസഭയിലും വിഷയത്തിൽ ശക്തമായ നിലപാടെടുത്തതാണ്"- മന്ത്രി വ്യക്തമാക്കി. നെടുമ്പാശ്ശേരിയിലെ അപകടം അടിയന്തര പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും കേന്ദ്രമന്ത്രിയുമായി ഉടൻ സംസാരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ദേശീയപാതകളിൽ അറ്റകുറ്റപണി നടത്താത്ത കോൺട്രാക്ടർമാർക്കെതിരെ കർക്കശമായ നിലപാടെടുക്കണമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ ക്രിമിനൽ കേസെടുക്കുന്നതടക്കം ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു.

നെടുമ്പാശ്ശേരിയില്‍ ഇന്നലെ രാത്രി 10.30 നാണ് അപകടമുണ്ടായത്. പറവൂർ മാഞ്ഞാലി സ്വദേശി ഹാഷിമാണ് മരിച്ചത്. അങ്കമാലി ബദരിയ ഹോട്ടലിലെ ജീവനക്കാരനായ ഹാഷിം ജോലി കഴിഞ്ഞ് മടങ്ങവെ നെടുമ്പാശേരി മാർ അത്തനേഷ്യസ് സ്കൂളിന് മുന്നിലെ കുഴിയിൽ വീഴുകയായിരുന്നു. മറ്റൊരു വാഹനം ഹാഷിമിനുമേല്‍ കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്. ഹാഷിം സംഭവസ്ഥലത്ത് തന്നെ മരിച്ചതായി നാട്ടുകാര്‍ പറയുന്നു. അപകടത്തിന് പിന്നാലെ റോഡിലെ കുഴിയെല്ലാം അധികൃതരെത്തി അടക്കുകയായിരുന്നു.

പ്രദേശത്ത് പ്രതിഷേധവുമായി പൊതുപ്രവര്‍ത്തകരും നാട്ടുകാരും രംഗത്തുണ്ട്. റോഡിലെ കുഴികളടക്കേണ്ട ഉത്തരവാദിത്തം ടോള്‍ പിരിക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്കുണ്ട്. അത് ചെയ്തില്ലെങ്കില്‍ അധികൃതര്‍ ചെയ്യിക്കണം. എന്നാല്‍ കോണ്‍ട്രാക്ടര്‍ക്ക് സാമ്പത്തിക ലാഭമുണ്ടാക്കി കൊടുക്കാന്‍ അധികൃതര്‍ അതിന് മുതിരുന്നില്ലെന്ന് ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത് പ്രതികരിച്ചു. അപകടമരണത്തില്‍ ദേശീയപാതാ അതോറിറ്റി അധികൃതർക്കെതിരെയും കോൺട്രാക്ടർക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും മരിച്ച ഹാഷിമിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും എം.എല്‍.എ പറഞ്ഞു.

TAGS :

Next Story