'അമ്മ'യിലെ തർക്കത്തിൽ അപവാദ പ്രചാരണം നടത്തി; യൂട്യൂബ് ചാനലിന് നോട്ടിസ് അയച്ച് മാലാ പാർവതി
സംഘടനയിലെ ആഭ്യന്തര തർക്കങ്ങളിലേക്ക് തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കരുതെന്നും നടി കൂട്ടിച്ചേർത്തു.

കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തർക്കങ്ങളുമായി ബന്ധപ്പെടുത്തി തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയ യൂട്യൂബ് ചാനലിനെതിരെ നിയമനടപടിയുമായി നടി മാലാ പാർവതി. 'വൺ ടു ടോക്ക്' (One To Talk) എന്ന യൂട്യൂബ് ചാനലിനാണ് നടി വക്കീൽ നോട്ടീസ് അയച്ചത്.
'അമ്മ'യുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ നടി കുക്കു പരമേശ്വരൻ മാലാ പാർവതിക്ക് വേണ്ടി ചോർത്തി നൽകിയെന്ന തരത്തിൽ ചാനൽ വാർത്ത നൽകിയിരുന്നു. ഈ പരാമർശം തികച്ചും തെറ്റാണെന്നും അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കിയാണ് മാലാ പാർവതി ലീഗൽ നോട്ടീസ് അയച്ചിരിക്കുന്നത്.
വാർത്ത പിൻവലിച്ച് ചാനൽ മാപ്പ് പറയണമെന്നാണ് നോട്ടീസിലെ പ്രധാന ആവശ്യം. ഏഴ് ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ വലിയ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശക്തമായ നിയമനടപടികളിലേക്ക് കടക്കുമെന്നും നടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ അടങ്ങുന്ന ഹാർഡ് ഡിസ്കോ മറ്റ് തെളിവുകളോ താൻ കൈപ്പറ്റിയിട്ടില്ലെന്നും, കുക്കു പരമേശ്വരൻ അങ്ങനെ ഒരു കാര്യത്തിലും ഇടപെട്ടിട്ടില്ലെന്നും മാലാ പാർവതി വ്യക്തമാക്കി.
സംഘടനയിലെ ആഭ്യന്തര തർക്കങ്ങളിലേക്ക് തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കരുതെന്നും നടി കൂട്ടിച്ചേർത്തു.
Watch Video Report
Adjust Story Font
16

