Quantcast

'സൗകര്യങ്ങൾ തുല്യമായി ഉപയോഗിക്കുക എന്നത് പൗരന്റെ അവകാശം': ഹൈബി ഈഡനെ പിന്തുണച്ച് ഡിസിസി സെക്രട്ടറി

"കേരള സംസ്ഥാന രൂപീകരണ കാലം തൊട്ട് ആവശ്യങ്ങൾക്കായി ജനം വടക്കേ അറ്റത്ത് നിന്നും ദുരിതവും സമയവും ചെലവഴിച്ച് തെക്കോട്ട് യാത്ര ചെയ്യേണ്ടവരായി വിധിക്കപ്പെട്ടിരിക്കുന്നു"

MediaOne Logo

Web Desk

  • Updated:

    2023-07-02 18:02:45.0

Published:

2 July 2023 5:25 PM GMT

Malappuram DCC Secretary in support of Hibi Eden in state capital row
X

കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എം.പിയുടെ സ്വകാര്യ ബില്ലിനെ പിന്തുണച്ച് മലപ്പുറം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സിദ്ദിഖ് പന്താവൂർ. ഹൈബി ഈഡന്റെ വാദത്തിൽ എന്താണ് തെറ്റെന്നും സംസ്ഥാനത്തെ സൗകര്യങ്ങൾ തുല്യമായി ഉപയോഗിക്കുക എന്നത് പൗരന്റെ അവകാശമാണെന്നും സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

പ്രിയ ഹൈബി ഈഡൻ എം പി പാർലമെന്റിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലാണ് ഇന്ന് അവഹേളന സ്വഭാവവും പരിഹാസം ഭാവത്തോടെയും മറ്റും ചർച്ച ചെയ്യുന്ന ഒന്നായി തീർന്നിട്ടുള്ളത്.

പ്രിയ നേതാവ് ഉയർത്തിയ ഈ വാദത്തിൽ എന്താണ് തെറ്റുള്ളത്?

ഏതൊരു സംസ്ഥാനത്തെയും വിഭവങ്ങളും സൗകര്യങ്ങളും മൊത്തം ജനതയും തുല്ല്യമായും സൗകര്യ പ്രദമായും ഉപയോഗിക്കുക എന്നത് ഏതൊരു ജനാധിപത്യ രാജ്യത്തെയും പൗരന്റെ അവകാശമാണ്. കേരള സംസ്ഥാന രൂപീകരണ കാലം തൊട്ട് ഈ ആവശ്യങ്ങൾക്കായി ജനം വടക്കേ അറ്റത്ത് നിന്നും ദുരിതവും സമയവും ചെലവഴിച്ച് തെക്കോട്ട് യാത്ര ചെയ്യേണ്ടവരായി വിധിക്കപ്പെട്ടിരിക്കുന്നു.

ആ കാലത്തെ അധികാര സ്വാധീന വർഗ്ഗം തലസ്ഥാന സൗകര്യം തിരുവനന്തപുരത്ത് സ്ഥാപിച്ചു എന്ന ഒറ്റ കാരണത്താൽ ഇതെന്നും സഹിക്കണമെന്നുള്ള ധിക്കാരം തിരുത്തേണ്ടതല്ലേ?

ഇതിനായി കൂടുതൽ ശബ്ദങ്ങൾ ഉയരേണ്ടതാണ്

#വേണം മധ്യത്തിലൊരു തലസ്ഥാനം

#സ്ഥാനദ്വിത്ഹിബി

മധ്യകേരളമാണ് സംസ്ഥാനത്തിന്റെ മറ്റെല്ലാ ഭാഗത്ത് നിന്നും ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്നതെന്നതാണ് ഇതിനായി ഭൂമിശാസ്ത്രപരമായ കാരണങ്ങളടക്കം ഹൈബി ഈഡൻ എം.പി ചൂണ്ടിക്കാട്ടിയിരുന്നു.

ഹൈബി ഈഡന്‍റെ സ്വകാര്യ ബിൽ കോൺഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്. യു.ഡി.എഫിൽ നിന്നടക്കം വിമർശനം ഉയർന്നതോടെ പാർട്ടി നിലപാട് വിശദീകരിക്കേണ്ടതിലേക്ക് കോൺഗ്രസ് എത്തിച്ചേർന്നു.

യു.ഡി.എഫ് ഘടകകക്ഷികളടക്കം ഹൈബിക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്. മണ്ഡലം നിലനിർത്താനുള്ള അടവെന്നാണ് ആർ.എസ്.പി തുറന്നടിച്ചത്. അനാവശ്യ നീക്കമാണ് ഹൈബി ഈഡൻ നടത്തിയതെന്ന അഭിപ്രായം കോണ്‍ഗ്രസിലും യു.ഡി.എഫിലും ശക്തമായിട്ടുണ്ട്.

ഹൈബിയുടെ ആവശ്യം അപ്രായോഗികമാണെന്ന് ശശി തരൂർ എം.പി ട്വീറ്റ് ചെയ്തിരുന്നു. ഇപ്പോൾ തലസ്ഥാനം മാറ്റേണ്ടതില്ലെന്നാണ് കെ.മുരളീധരൻ എം.പിയും പ്രതികരിച്ചത്

TAGS :

Next Story