Quantcast

രണ്ടാഴ്ചയായി മലപ്പുറത്തിന് പൊലീസ് മേധാവിയില്ല; സുജിത്ത്ദാസിനെ തിരിച്ചു കൊണ്ടുവരാനുള്ള നീക്കമെന്ന് ആരോപണം

താമിർ ജിഫ്രിയുടെ മരണം വിവാദമായതിന് പിന്നാലെയാണ് നാഷണൽ പൊലീസ് അക്കാദമിയിൽ എസ്.പിയെ പരിശീലനത്തിന് അയച്ചത്

MediaOne Logo

Web Desk

  • Published:

    18 Sept 2023 7:22 AM IST

malappuram district police ,sp sujith das,Malappuram police chief,Tamir Jifri case,Tanur custodial death,മലപ്പുറം ജില്ലാ പൊലീസ് മേധാവി,താമിര്‍ ജിഫ്രി കേസ്, ജില്ലാപൊലീസ് മേധാവിയില്ലാതെ മലപ്പുറം,എസ്.പി സുജിത് ദാസ്,
X

മലപ്പുറം: രണ്ടാഴ്ചയായി മലപ്പുറത്തിന് ജില്ലാ പൊലീസ് മേധാവിയില്ല. കസ്റ്റഡി കൊലപാതകക്കേസ് വിവാദമായതിന് പിന്നാലെ എസ്.പി സുജിത്ത്ദാസിനെ ഹൈദരാബാദിൽ പരിശീലനത്തിന് അയച്ചിരിക്കുകയാണ്. പകരം എസ്.പിയെ നിയമിക്കാത്തത് സുജിത് ദാസിനെത്തന്നെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കമാണെന്ന് ആരോപണമുണ്ട്.

എസ്.പി സുജിത്ത് ദാസിന്റെ കീഴിലുള്ള പ്രത്യേക സംഘത്തിന്റെ കസ്റ്റഡിയിൽ കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ മരണം വിവാദമായതിന് പിന്നാലെയാണ് നാഷണൽ പൊലീസ് അക്കാദമിയിൽ എസ്.പിയെ പരിശീലനത്തിന് അയച്ചത്. കസ്റ്റഡി കൊലക്കേസിൽ പ്രതികളായ പ്രത്യേക സംഘത്തിലെ പൊലീസുകാരെ ഇതുവരെ പിടികൂടിയിട്ടുമില്ല. സുജിത് ദാസ് സ്ഥാനമൊഴിഞ്ഞാൽ കസ്റ്റഡി കൊലക്കേസിൽ ഫലപ്രദമായ അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പാലക്കാട് എസ്.പിക്ക് അധികച്ചുമതല നൽകുക മാത്രമാണ് സർക്കാർ ചെയ്തത്.

പകരം ഉദ്യോഗസ്ഥനെ നിയമിക്കാത്തത് കസ്റ്റഡിക്കൊലക്കേസിൽ എസ്.പിയെ സംരക്ഷിക്കനാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഇടത് സർക്കാറിലെയും ആഭ്യന്തര വകുപ്പിലെയും ഉന്നതരുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് സുജിത്ത് ദാസ്. മൂന്ന് വർഷമായിട്ടും സ്ഥലം മാറ്റമില്ലാതെ സുജിത്ത് ദാസ് മലപ്പുറത്ത് തുടരുന്നതും അതുകൊണ്ടുതന്നെയാണെന്നും പകരം ഉദ്യോഗസ്ഥനെ നിയമിക്കാത്തത് സുജിത് ദാസിനെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ആരോപണമുണ്ട്.

കസ്റ്റഡി കൊലക്കേസിൽ സുജിത്ത് ദാസിനെതിരെ നടപടി വേണമെന്ന് നിയമസഭയിലടക്കം ആവശ്യം ഉയർന്നിരുന്നു. എന്നിട്ടും എസ്.പി ഇല്ലാതായി രണ്ടാഴ്ചക്ക് ശേഷവും പുതിയ എസ്.പിയെ നിയമിക്കാൻ സർക്കാർ തയാറായിട്ടില്ല.


TAGS :

Next Story