മലയാളം സർവകലാശാല ഭൂമി ഏറ്റെടുക്കൽ: കെ.ടി ജലീലിനെതിരെ രേഖകൾ പുറത്തു വിട്ട് പി.കെ ഫിറോസ്
2017ൽ നിർത്തിവെച്ച ഭൂമി ഏറ്റെടുക്കൽ നടപടികൾ കെ.ടി ജലീൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് പുനരാരംഭിച്ചതെന്ന് പി.കെ ഫിറോസ് പറഞ്ഞു

കോഴിക്കോട്: മലയാളം സർവകലാശാല ഭൂമി ഏറ്റെടുക്കൽ ഇടപാടിൽ മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന് നേരിട്ട് പങ്ക് ഉണ്ടെന്നതിനുള്ള രേഖകൾ പുറത്തു വിട്ട് പി.കെ ഫിറോസ്. 2017ൽ നിർത്തിവെച്ച ഭൂമി ഏറ്റെടുക്കൽ നടപടികൾ കെ.ടി ജലീൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് പുനരാരംഭിച്ചതെന്ന് പി.കെ ഫിറോസ് പറഞ്ഞു.
സ്ഥലം ഏറ്റെടുപ്പിന് ഫണ്ട് അനുവദിക്കാൻ മന്ത്രിസഭയിൽ വെച്ച നോട്ടിൻ്റെയും 2017ൽ ഭൂമി ഏറ്റെടുക്കൽ നിർത്തി വെച്ചതിൻ്റെയും രേഖകളാണ് ഫിറോസ് പുറത്തു വിട്ടത്. മലയാളം സർവകലാശാലക്ക് ഏറ്റെടുക്കേണ്ട ഭൂമിക്ക് വില നിശ്ചയിച്ചത് മുതൽ നിർണായക തീരുമാനങ്ങൾ എടുത്തത് 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതുമുതലാണെന്ന് ഫിറോസ് പറഞ്ഞു.
വെട്ടം, ആതവനാട്, ബെഞ്ച് മാർക്ക് ഭൂമി സംബന്ധിച്ച തർക്കമുയർന്നതോടെ 2017ൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരുന്ന സി. രവീന്ദ്രനാഥ് ഭൂമി ഏറ്റെടുക്കൽ നിർത്തിവെച്ച് ഇറക്കിയ ഉത്തരവ് പി.കെ ഫിറോസ് പുറത്തു വിട്ടു.
പിന്നീട് കെ.ടി ജലീലിനെ ഉന്നത വിദ്യാഭ്യാസ മന്ത്രിയാക്കിയ ശേഷം ഇത് പുനരാരംഭിച്ചു. 2019 മാർച്ചിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായ ജലീലിൻ്റെ ആവശ്യം പരിഗണിച്ച് ഭൂമി ഏറ്റെടുക്കലിന്ന് പണം അനുവദിക്കാൻ മന്ത്രിസഭ തിരുമാനിച്ചതിൻ്റ രേഖയും ഫിറോസ് പുറത്തു വിട്ടു.
മന്ത്രി വി. അബ്ദുറഹ്മാൻ്റെ ബന്ധുക്കളും ഗഫൂർ പി. ലില്ലീസും ആണ് ഭൂമി ഇടപാടിൽ ലാഭമുണ്ടാക്കിയതെന്നും എല്ലാവർക്കുമെതിരെ അന്വേഷണം നടത്തണമെന്നും ഫിറോസ് ആവശ്യപ്പെടു. ഫിറോസിൻ്റെ പുതിയ ആരോപണങ്ങളിൽ കെ.ടി ജലീലിൻ്റെ പ്രതികരണം വന്നിട്ടില്ല.
Adjust Story Font
16

