ഹിന്ദുക്കളേ..., ആയുധമെടുക്കു; മുസ്‍ലിം വിരുദ്ധതയും വിദ്വേഷ പ്രചാരണവും ചൂടുപിടിപ്പിക്കുന്ന മലയാള 'എക്സ് സ്പേസസ്'
ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ കെൽപുള്ളതും ആൾക്കൂട്ടത്തിൽ വെറുപ്പും വിദ്വേഷവും പടർത്തുന്നതുമായ ചർച്ചകളാണ് എക്‌സ് സ്‌പേസസിൽ നടക്കുന്ന ഹിന്ദുത്വ ചർച്ചകളധികവും. ഇത്തരം ചർച്ചകളാകട്ടെ പലപ്പോഴും ഹിന്ദുത്വാനുകൂല മാധ്യമങ്ങൾ ഏറ്റുപിടിക്കുകയും ഊതി വീർപ്പിച്ച് പ്രചരിപ്പിക്കുകയും ചെയ്യുന്നു

THE NEWS MINUTE ന് വേണ്ടി ഹരിത മാനവ് നടത്തിയ അന്വേഷണാത്മക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയത്
'നമുക്ക് നേരെ ആക്രമണം നടക്കുന്ന ഒരു ദിവസം തീർച്ചയായും വരും, അതവരുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിൽ പറഞ്ഞിട്ടുള്ളതാണ്. ആളുകളെല്ലാം ഇസ്ലാം മതവിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യണമെന്നാണ് മുസ്ലിംകളുടെ ആഗ്രഹം. അങ്ങനെ മാറിയില്ലെങ്കിൽ അവർ നിങ്ങളെ ആക്രമിക്കും. നിങ്ങൾക്ക് എപ്പോഴെങ്കിലും ഭയം തോന്നുകയാണെങ്കിൽ ആർഎസ്എസ് ശാഖയിലേക്ക് പോവുക...' എക്സ് സ്പേസസ് പ്ലാറ്റ്‌ഫോമിൽ നടന്ന ചർച്ചയിൽ മലയാളിയാളിയായ ഒരു ഉപഭോക്താവിന്റെ പ്രസ്താവനയാണിത്. ഇതൊരു ഒറ്റപ്പെട്ട സംഭവമോ ആദ്യത്തെ സംഭവമോ അല്ല. കേരളത്തിലെ ഹിന്ദു മത വിശ്വാസികൾക്ക് മുസ്‌ലിംകളിൽ നിന്നും ഭീഷണിയുണ്ടാകുന്നു എന്ന ഹിന്ദുത്വ വാദത്തെ സ്ഥാപിക്കാനുള്ള അക്ഷീണ പ്രയത്‌നത്തിന്റെ ഭാഗം മാത്രമാണ് എക്‌സ് സ്‌പേസസിൽ നടക്കുന്ന ഇത്തരം ചർച്ചയെന്ന് വ്യക്തം.
ഓഡിയോ ചാറ്റുകളിലൂടെ ആശയവിനിമയം നടത്താൻ സാധിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് എക്‌സ് സ്‌പേസസ്. ഏതെങ്കിലും വിഷയം സംബന്ധിച്ച് നടത്തുന്ന ചർച്ചകളിൽ പങ്കെടുക്കുന്നവർക്ക് അത് കേട്ടിരിക്കുകയോ അഭിപ്രായ പ്രകടനം നടത്തുകയോ ചെയ്യാം. ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ കെൽപുള്ളതും ആൾക്കൂട്ടത്തിൽ വെറുപ്പും വിദ്വേഷവും പടർത്തുന്നതുമായ ചർച്ചകളാണ് എക്‌സ് സ്‌പേസസിൽ നടക്കുന്ന ഹിന്ദുത്വ ചർച്ചകളധികവും. ഇത്തരം ചർച്ചകളാകട്ടെ പലപ്പോഴും ഹിന്ദുത്വാനുകൂല മാധ്യമങ്ങൾ ഏറ്റുപിടിക്കുകയും ഊതി വീർപ്പിച്ച് പ്രചരിപ്പിക്കുകയും ചെയ്യുന്നു.
ആഴ്ചയിൽ നാലോ അഞ്ചോ തവണ നടക്കുന്ന ചർച്ചകൾ പുലർച്ചവരെ നീണ്ടുനിൽക്കും. പങ്കെടുക്കുന്നവരധികവും ഉപയോഗിക്കുന്നത് വ്യാജ പ്രൊഫൈലുകളാണെന്നതിനാൽ ഐഡന്റിറ്റി ട്രാക്കിങ് അത്ര എളുപ്പമല്ല. ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന മലയാളികളായ ഹിന്ദുക്കളാണ് ചർച്ചയിൽ പങ്കെടുക്കുന്നവരിൽ വലിയൊരു പങ്ക്. അതിൽ തന്നെ വലിയൊരു വിഭാഗം ഗൾഫ് പോലുള്ള മുസ്‌ലിം രാജ്യങ്ങളിൽ താമസിക്കുന്നവരാണ്. ചർച്ചകളുടെ അടിസ്ഥാന വിഷയം എന്തായിരുന്നാലും മുസ്‌ലിം വിരുദ്ധത പറയാതെ ചർച്ചകളൊന്നും കടന്നുപോകാറില്ല. മുസ്‌ലിംകളെ സൂചിപ്പിക്കാൻ സാമൂഹിക മാധ്യമങ്ങളിൽ ഉപയോഗിച്ച് വരാറുള്ള അധിക്ഷേപ പദങ്ങളായ 'സുഡു, കോയ, മുറിയൻ' തുടങ്ങിയവ തന്നെയാണ് ഇവിടെയും ഉപയോഗിക്കുന്നത്. വെറുപ്പും വിദ്വേഷവും പടർത്തുന്നതിന് അക്ഷീണം പ്രയത്‌നിക്കുന്ന വ്യാജ അക്കൗണ്ടുകൾ അടക്കമുള്ളവയ്ക്ക് ആയിരക്കണക്കിന് ഫോളോവേർസ് ഉണ്ടെന്ന കാര്യവും ഭയപ്പെടുത്തുന്നതാണ്. ഇവരെല്ലാം തന്നെ ഏതെങ്കിലും വിധത്തിൽ സംഘപരിവാറുമായി ബന്ധപ്പെട്ടവരാണെന്നതും ശ്രദ്ധേയമാണ്.
'നാളെ 'അവർ' ഞങ്ങളുടെ കുടുംബത്തിലേക്ക് വരികയാണെങ്കിലോ, അവരെത്ര അപകടകാരികളാണെന്നതിനെക്കുറിച്ച് ആളുകളെ ബോധ്യപ്പെടുത്തുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്', ബിജെപിയുടെ ആലത്തൂർ മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് കൃഷ്ണന്റെ വാക്കുകളാണിത്. എക്‌സ് സ്‌പേസസിൽ നടക്കുന്ന ചർച്ചകളിൽ നിരന്തരം പങ്കെടുക്കുകയും അഭിപ്രായ പ്രകടനം നടത്തുകയും ചെയ്യുന്ന വ്യക്തിയാണ് ഇദ്ദേഹം. മേയ് 27ന് തീവ്ര വലതുപക്ഷ അനുഭാവിയായ ഒരാൾ സംഘടിപ്പിച്ച 'കോൺഗ്രസ്-ജമാഅത്തെ ഇസ്‌ലാമി' ചർച്ചയിൽ താൻ വർഗീയ വാദിയാണെന്ന പ്രഖ്യാപനം നടത്താനും രാജേഷ് മുതിർന്നിരുന്നു. സമാന ചർച്ചയിൽ ഖുർആൻ കത്തിക്കണമെന്ന പ്രസ്താവനയുമായി മറ്റൊരു ഉപയോക്താവും രംഗത്തെത്തി. ഗ്രന്ഥത്തിന്റെ പേര് പറയാൻ ആദ്യം മടികാണിച്ച വ്യക്തി പിന്നീട് ചർച്ചയിൽ പങ്കെടുത്ത മറ്റൊരാളുടെ നിർബന്ധത്തിന് വഴങ്ങി ഖുർആനെക്കുറിച്ചാണ് പറഞ്ഞതെന്ന് സമ്മതിക്കുകയായിരുന്നു.
ഹിന്ദുക്കൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഉന്നയിക്കാനും അതുവഴി കേരളത്തിൽ ഹിന്ദുവിഭാഗം അനുഭവിക്കുന്ന 'ഭീഷണികളെക്കുറിച്ച്' സംസ്ഥാനത്തിന് പുറത്തുള്ളവരെ അറിയിക്കാനും ഒരു യുവതി ആവശ്യപ്പെടുകയുണ്ടായി. 'വടക്കേ ഇന്ത്യക്കാരെയും കേന്ദ്രസർക്കാരിനെയും കേരളത്തിലെ ഹിന്ദുക്കൾ അനുഭവിക്കുന്ന ഭീഷണിയെക്കുറിച്ച് ബോധ്യപ്പെടുത്താൻ ഇതിനെക്കുറിച്ച് നിരന്തരം സാമൂഹിക മാധ്യമങ്ങളിൽ സംസാരിച്ചു കൊണ്ടേയിരിക്കുക' എന്നാണ് ഈ യുവതിയുടെ വാക്കുകൾ.
'അതെ ഞാൻ വർഗീയ വാദിയാണ്'
'മുസ്‌ലിം ആക്രമണങ്ങൾക്കെതിരെ' തയാറെടുക്കാൻ ഹിന്ദുക്കളോട് ആഹ്വാനം ചെയ്യുന്നതിന് പുറമെ, യാതൊരു അടിസ്ഥാനവുമില്ലാതെ രാഷ്ട്രീയവും ചരിത്രവും വളച്ചൊടിച്ച് തങ്ങളുടെ മുസ്‌ലിം വിരുദ്ധ ആഖ്യാനത്തെ ശക്തിപ്പെടുത്താനും കിണഞ്ഞു പരിശ്രമിക്കുന്നു. മത വിദ്വേഷം കൂടാതെ കടുത്ത സ്ത്രീ വിരുദ്ധതയും കമ്യൂണിസ്റ്റ് വിരുദ്ധ വികാരവും ചർച്ചകളുടെ പ്രധാന വിഷയമായി കടന്നുവരാറുണ്ട്. ഇന്ത്യയുടെ സാംസ്‌കാരിക പുരോഗതിയെ തകർത്തത് മുസ്‌ലിംകളുടെ കടന്നുവരവാണെന്ന് ഒരു വ്യക്തി ആരോപിക്കുകയുണ്ടായി. ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന ഈ വ്യക്തിയുടെ അഭിപ്രായത്തിൽ വടക്കേ ഇന്ത്യക്കാർക്കും വിദേശികൾക്കും കേരളത്തിൽ നിന്നുള്ളവരെ ജോലിക്കാരായി സ്വീകരിക്കാൻ വിമുഖതയുണ്ടെന്നാണ്. കേരളത്തിൽ നിന്നുള്ളവർ അത്യന്തികമായി 'ജിഹാദികളോ, കമ്യൂണിസ്റ്റുകളോ' ആയിരിക്കുമെന്ന തോന്നൽ അവർക്കുള്ളതാണ് ഇതിന് കാരണമെന്നും ഈ വ്യക്തി പറയുന്നു.
നവജാത ശിശുക്കളുടെയും കുട്ടികളുടെയും ചേലാകർമത്തിന് ശേഷം നീക്കം ചെയ്യുന്ന അഗ്രചർമം വിലകൂടിയ സൗന്ദര്യ വർധക ഉത്പന്നങ്ങളിൽ ഉപയോഗിക്കാനായി അവയവ മാഫിയ കടത്തുന്നുണ്ടെന്ന് ജൂലൈ 10ന് നടന്ന മറ്റൊരു ചർച്ചയിൽ ഇതേ വ്യക്തി അഭിപ്രായപ്പെട്ടു. പല കാരണങ്ങളാൽ ഒരുപാട് ആളുകൾ ചേലാകർമം ചെയ്യാറുണ്ടെങ്കിലും കേരളത്തിലെ മുസ്‌ലിം വിഭാഗത്തിനിടയിൽ പ്രചാരത്തിലുള്ള സുന്നത്ത് കല്യാണത്തെക്കുറിച്ചാണ് ഈ വ്യക്തിയുടെ ആരോപണം. എന്നാൽ വാദത്തിൽ ഉറച്ചുനിൽക്കാൻ ഈ വ്യക്തിയും തയാറായില്ല. താൻ ഇതിൽ കാര്യമായ പഠനം നടത്തിയിട്ടില്ലെന്നും ആർക്കെങ്കിലും സമയമുണ്ടെങ്കിൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഈ വ്യക്തി പറഞ്ഞു. കേരളത്തിലും ഇത്തരത്തിൽ സംഘങ്ങളുണ്ടെന്ന് താൻ കരുതുന്നതായും അയാൾ വ്യക്തമാക്കി.നവജാത ശിശുക്കളുടെ അഗ്രചർമത്തിൽ നിന്ന് കോശങ്ങൾ വേർതിരിച്ചെടുത്ത് സൗന്ദര്യ വർധക ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ നിന്ന് ഇത്തരത്തിലുള്ള കള്ളക്കടത്ത് നടക്കുന്നതുമായി ബന്ധപ്പെട്ട് വിശ്വസനീയമായ റിപ്പോർട്ടുകളൊന്നും തന്നെയില്ല.
സ്‌പേസസിൽ നടന്ന മറ്റൊരു ചർച്ചയിൽ, ഗസയിലെ കുട്ടികളെ കാണുമ്പോൾ താൻ പൊട്ടിച്ചിരിക്കാറുണ്ടെന്ന് രാജേഷ് പറയുകയുണ്ടായി. 'ഗസയിൽ ഇപ്പോൾ മരിച്ച കുട്ടികൾ ഭാവിയിലെ തീവ്രവാദികളാകേണ്ടവരായിരുന്നു, അതുകൊണ്ട് അവരെ കൊലപ്പെടുത്തിയതിൽ തെറ്റുള്ളതായി തോന്നുന്നില്ല. അവർ കുട്ടികളാണെന്നത് ശരി, പക്ഷേ അവരുടെ കാര്യത്തിൽ മാനുഷിക പരിഗണനയൊന്നും വേണ്ടതില്ല' എന്നാണ് രാജേഷിന്റെ പ്രസ്താവന. എക്‌സ് സ്‌പേസസിലെ ചർച്ചകളിലെ പ്രസ്താവനക്കുറിച്ച് ദ ന്യൂസ് മിനുട്ടിന്റെ ചോദ്യത്തിന് അതെല്ലാം വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നാണ് രാജേഷ് നൽകിയ മറുപടി. 'കോൺഗ്രസ് അനുഭാവികളും കമ്യൂണിസ്റ്റ് അനുഭാവികളും ഞങ്ങളെ ചാണകം, വർഗീയ വാദികൾ എന്നൊക്കെയാണല്ലോ വിളിക്കുന്നത്. നിങ്ങൾ എന്നെ വർഗീയവാദി എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അതെ ഞാൻ വർഗീയവാദിയാണ്. മറ്റുള്ളവരുടെ കാഴ്ചപ്പാട് മാറ്റാൻ എനിക്ക് സമയമില്ല' എന്നാണ് രാജേഷിന്റെ വാദം.
'മതത്തിന്റെ പേരിൽ ആളുകളെ കൊല്ലുന്നവരോട് മാനുഷിക പരിഗണന കാണിക്കേണ്ടതില്ല. മനുഷ്യരോട് മാത്രമേ മനുഷ്യത്വം കാണിക്കേണ്ടതുള്ളൂ. എന്റെ വാദങ്ങളിൽ ഞാൻ ഉറച്ചുനിൽക്കുന്നു' എന്നാണ് ഗസയോടുള്ള മനുഷ്യത്വരഹിത പ്രസ്താവനകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി രാജേഷ് നൽകിയത്.ആളുകൾക്കിടയിൽ വർഗ,മത,സാമുദായിക വിഷയങ്ങളെ അടിസ്ഥാനമാക്കി ശത്രുതയോ സംഘർഷമോ പ്രോത്സാഹിപ്പിക്കുന്ന എല്ലാത്തരം പരാമർശങ്ങളും ഭാരതീയ ന്യായ സംഹിത പ്രകാരം വിദ്വേഷ പ്രസംഗമായി കണക്കാക്കുന്നുണ്ട്. പൊതു സമാധാനത്തിന് ഭംഗം വരുത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് ശിക്ഷ നൽകാനും ബിഎൻഎസിൽ പരാമർശിക്കുന്നു.
എന്നാൽ തന്റെ പ്രസ്താവനകൾ വിദ്വേഷ പ്രസംഗത്തിന്റെ പരിധിയിൽ വരുന്നതല്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് രാജേഷ്. ആളുകളെ രാഷ്ട്രീയമായി മാത്രമാണ് വിമർശിക്കുന്നതെന്നും അത് വിദ്വേഷ പ്രസംഗമായി കണക്കാക്കാനാകില്ലെന്നുമാണ് രാജേഷിന്റെ പക്ഷം. തനിക്ക് ധാരാളം മുസ്‌ലിം സുഹൃത്തുക്കളുണ്ടെന്നും രാഷ്ട്രീയമായി മാത്രമാണ് ഇസ്‌ലാമിനെ വിമർശിക്കുന്നതെന്നും രാജേഷ് അവകാശപ്പെടുന്നു. മതം വ്യക്തിപരമായ കാര്യവും ഭരണഘടനാപരമായ അവകാശവുമാണെന്ന് വിശ്വസിക്കുന്നതിനാൽ അതിനെ വിമർശിക്കുന്നില്ലെന്നും അതിന് തനിക്ക് അവകാശമുള്ളതായി കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എക്‌സ് സ്‌പേസസിൽ വർഗീയതയുടെ വളർച്ച
സാമൂഹിക മാധ്യമ ഉപയോക്താക്കൾക്കിടയിൽ ക്ലബ് ഹൗസ് വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് 2020 ഡിസംബറിൽ ട്വിറ്റർ (ഇപ്പോൾ എക്‌സ്) സ്‌പേസസ് അവതരിപ്പിച്ചത്. വിദ്വേഷ പ്രചരണത്തിനായി എക്‌സ് സ്‌പേസസ് ഉപയോഗിക്കുന്നത് ഒരു ലോകവ്യാപക പ്രതിഭാസമാണെന്ന് ഓസ്‌ട്രേലിയ സിഡ്‌നിയിലെ മക്വാറി യൂണിവേഴ്‌സിറ്റിയിലെ കുർട്ട് സെൻഗുൽ നടത്തിയ പഠനത്തിൽ പറയുന്നു. 2022ൽ ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതോടെ തീവ്ര വലതുപക്ഷ ആശയങ്ങളെ അനുകൂലിക്കുന്നവർക്കിടയിൽ ഈ പ്ലാറ്റ്‌ഫോമിനോടുള്ള താത്പര്യത്തിൽ ഗണ്യമായ വർധനവാണുണ്ടായത്.
ഇന്ത്യയിൽ എങ്ങനെയാണ് എക്‌സ് സ്‌പേസസ് ചർച്ചകൾ വർഗീയ വിദ്വേഷം വളർത്താൻ ഉപയോഗിച്ച് തുടങ്ങിയതെന്ന കാര്യത്തിൽ കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. എന്നാൽ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു എക്‌സ് ഉപയോക്താവ് പറഞ്ഞത് അനുസരിച്ച് കോവിഡ് കാലഘട്ടത്തിൽ ആളുകൾ സാമൂഹിക മാധ്യമങ്ങളിൽ സജീവമായ സമയത്ത് തന്നെയാണ് ഇത്തരം ഫോറങ്ങളും വ്യാപകമായി പ്രചാരത്തിൽ വന്നത്.മിക്ക സ്‌പേസസ് ഫോറങ്ങളും തുടങ്ങിയത് രാഷ്ട്രീയ ചർച്ചകൾ നടത്തുന്നതിനായിരുന്നു. കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയുമുൾപ്പടെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഇത്തരം ഫോറങ്ങളിൽ സജീവമായിരുന്നു. എന്നാൽ കാലക്രമേണ ഇത്തരത്തിൽ ഫോറങ്ങൾ രൂപീകരിച്ച് മതവിദ്വേഷ പ്രചാരണങ്ങൾ നടത്താനായി ഉപയോഗിക്കുകയായിരുന്നുവെന്ന് ഉപയോക്താക്കൾ പറയുന്നു.ചെറിയ ഗ്രൂപ്പുകളായി തുടങ്ങിയ സംഘം പതുക്കെ വലുതാവുകയായിരുന്നു. തങ്ങളുടെ ആഖ്യാനങ്ങളെ ഏതുവിധേനയും സാധൂകരിക്കാൻ പൊതു വിവാദങ്ങളെയെല്ലാം വർഗീയവത്കരിച്ച് ചർച്ചകൾ നടത്തുന്നതിലേക്ക് ഈ സംഘങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചു.
പഹൽഗാം, എമ്പുരാൻ, എൻഐഎ; വിവാദങ്ങൾ അജണ്ടകളാക്കുന്നവർ
സമീപകാലത്തിറങ്ങിയ പൃഥ്വിരാജ് - മോഹൻലാൽ ചിത്രം എമ്പുരാൻ സിനിമയുടെ റിലീസിന് ശേഷം എക്‌സ് സ്‌പേസസിൽ മുസ്‌ലിം വിരുദ്ധ വിദ്വേഷം പ്രചരിപ്പിക്കുന്ന വലതുപക്ഷത്തിന്റെ ചർച്ചകൾക്ക് ആക്കം കൂടി. മാർച്ച് 27ന് സിനിമ ഇറങ്ങിയതിന് പിന്നാലെ സിനിമയിൽ 2002ലെ ഗുജറാത്ത് കലാപത്തെ സൂചിപ്പിക്കുന്ന രംഗങ്ങളെ വിമർശിച്ചുകൊണ്ട് ആർഎസ്എസ് മുഖപത്രം ഓർഗനൈസർ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ ഫലമായി സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള വിമർശനമുയരുകയും സിനിമയുടെ നിർമാതാക്കൾ ചിത്രത്തിലെ 24 ഭാഗങ്ങൾ വെട്ടിമാറ്റുകയും ചെയ്തിരുന്നു.എക്‌സ് സ്‌പേസസിൽ നടന്ന ഒരു ചർച്ചയിലാണ് എമ്പുരാൻ ഹിന്ദു വിരുദ്ധ സിനിമയാണെന്ന പ്രചാരണം ആദ്യം ഉയർന്നത്. പിന്നാലെ ഈ വാദം മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നുവെന്ന് ചർച്ചയിൽ പങ്കെടുത്തിട്ടുള്ള ഒരു വ്യക്തി സാക്ഷ്യപ്പെടുത്തുന്നു.
ഏപ്രിൽ 22ന് കാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെയും വർഗീയവത്കരിച്ച് ദുരുപയോഗം ചെയ്യാൻ ഈ സ്‌പേസസ് ഹാൻഡിലുകൾ ശ്രമിച്ചിരുന്നു. ദ ന്യൂസ് മിനുട്ട് നേരിട്ട് പങ്കെടുത്ത ഒരു ചർച്ചയിൽ ആക്രമണത്തിൽ കൊല്ലപ്പെട്ട നേവി ഓഫീസറുടെ ഭാര്യക്ക് നേരെയടക്കം അധിക്ഷേപ പരാമർശങ്ങളുണ്ടായിരുന്നു. നേവി ഓഫീസർ വിനയ് നർവാളിന്റെ മരണത്തിന് കാരണം അദ്ദേഹത്തിന്റെ ഭാര്യ ഹിമാൻഷി ആണെന്ന് തന്റെ വ്യാജ പ്രൊഫൈലുപയോഗിച്ച് ഒരു വ്യക്തി ആരോപിച്ചു. സംഭവത്തിന് ശേഷം ഹിമാൻഷിയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സ് കൂടിയത് ചൂണ്ടിക്കാട്ടി മറ്റൊരു ഉപയോക്താവും രംഗത്തെത്തി. തന്റെ ഭർത്താവിന്റെ മരണത്തെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടാനുള്ള മാർഗമായിട്ടാണ് ഹിമാൻഷി ഉപയോഗിച്ചതെന്നാണ് ഈ വ്യക്തിയുടെ വാദം.
രണ്ട് ഉപയോക്താക്കളും ഹിമാൻഷിയെക്കുറിച്ച് നിന്ദ്യമായ പരാമർശങ്ങൾ നടത്തുകയുണ്ടായി. ഹിമാൻഷി ജെഎൻയുവിലെ പൂർവ വിദ്യാർഥിയാണെന്നത് ചൂണ്ടിക്കാട്ടി ഇത്തരം മതേതര, പുരോഗമന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സ്ഥാപനങ്ങളെ ഒരു പ്രശ്‌നമായി അവതരിപ്പിക്കാനുള്ള ശ്രമങ്ങളുമുണ്ടായി. കേരളത്തിൽ നിന്നുള്ള ആരതിയും ഇത്തരത്തിൽ തീവ്ര വലതുപക്ഷത്തിന്റെ ഇരയായിരുന്നു. പഹൽഗാം ഭീകരാക്രമണത്തിൽ ആരതിയുടെ അച്ഛൻ കുടുംബത്തിന്റെ കൺമുന്നിൽ വെച്ചാണ് കൊല്ലപ്പെട്ടത്. തന്റെ കുട്ടികളെയും ചേർത്ത് പിടിച്ച് ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട ആരതി തന്നെ രക്ഷപ്പെടാൻ സഹായിച്ചത് രണ്ട് കാശ്മീരി മുസ്‌ലിം ഡ്രൈവർമാരായിരുന്നു എന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതോടെ വലതുപക്ഷ എക്‌സ് സ്‌പേസസ് ഹാൻഡിലുകൾക്ക് ആരതി ശത്രുവായി.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ സൈനിക തിരിച്ചടിയെ പല ഹാൻഡിലുകളും തൃശൂർ പൂരത്തോടാണ് ഉപമിച്ചത്. ഓപറേഷൻ സിന്ദൂരിനെ തൃശൂർ പൂരത്തിലെ വെടിക്കെട്ടായും പൂരം പോലെ ആഹ്ലാദിക്കാനുള്ള അവസരമായിട്ടുമാണ് ഈ ഹാൻഡിലുകൾ അവതരിപ്പിച്ചത്. യുദ്ധ സമാനമായ അന്തരീക്ഷത്തിലൂടെ രാജ്യം കടന്നുപോകുമ്പോഴും സ്‌പേസസിൽ 'പൂരം' ആഘോഷിക്കുകയായിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ദുബൈയിൽ നടന്ന കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജിയുടെ പൂർവ വിദ്യാർഥി കൂട്ടായ്മയിൽ മുൻ പാകിസ്താനി ക്രിക്കറ്റർ ഷാഹിദ് അഫ്രീദിക്ക് സ്വീകരണം നൽകുന്ന വീഡിയോ വലിയ വിവാദമാവുകയും വിദ്വേഷ പ്രചരണത്തിന് വ്യാപകമായി ഉപയോഗിക്കപ്പെടുകയും ചെയ്തിരുന്നു. ഈ വിവാദത്തിന് തീകൊളുത്തിയതും ഇതേ എക്‌സ് സ്‌പേസസ് ഗ്രൂപ്പുകളായിരുന്നു.
ഇതൊരു ആസൂത്രിത സംഭവമാണെന്നും പരിപാടിയുടെ സംഘാടകർ മുൻ എസ്എഫ്‌ഐ പ്രവർത്തകരാണെന്നും സംഭവത്തെക്കുറിച്ചുള്ള ചർച്ചക്കിടെ ഒരു വ്യക്തി ആരോപിച്ചു. സംഘാടകർക്കെതിരെ അന്വേഷണം നടത്തണമെന്നും പണമിടപാടുകൾ പരിശോധിച്ച് സ്വത്തുവകകൾ കണ്ടുകെട്ടണമെന്നുമായിരുന്നു ഈ വ്യക്തിയുടെ ആവശ്യം. കുസാറ്റിലെ പൂർവ വിദ്യാർഥി സംഘടന തീവ്രവാദത്തെ പിന്തുണക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Newslaundry തയ്യാറാക്കിയ റിപ്പോർട്ട്
നമ്മുടെ രാജ്യം നേരിടുന്ന ഭീഷണി പാകിസ്താനിൽ നിന്നോ ബംഗ്ലാദേശിൽ നിന്നോ അല്ല, മറിച്ച് രാജ്യത്തിനകത്ത് നിന്നാണ്. അഫ്രീദിയെ ക്ഷണിച്ച, ഭീകരവാദത്തെ പിന്തുണക്കുന്നവർക്ക് നേരെ നടത്തുന്ന അന്വേഷണം ഫാസിസമല്ല. ഇവരുടെയെല്ലാം കുടുംബത്തെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടണം. കുസാറ്റ് ഐഎസ്‌ഐസ് റിക്രൂട്ട്‌മെന്റുകൾ നടത്തുന്ന കേന്ദ്രമാണോ? എന്നാണ് യുവതിയുടെ പ്രസ്താവന. പൂർവ വിദ്യാർഥി സംഗമം സംഘടിപ്പിച്ചിരുന്ന സ്ഥലത്തുണ്ടായിരുന്ന അഫ്രീദിയും മറ്റു പാകിസ്താനി ക്രിക്കറ്റ് കളിക്കാരും ആകസ്മികമായി പങ്കെടുക്കുകയായിരുന്നുവെന്നും സംഘാടകർ വിശദീകരണം നൽകിയിരുന്നു.ഛത്തീസ്ഗഢിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിലും വിവാദ വിദ്വേഷ പ്രചരണവുമായി എക്‌സ് ഗ്രൂപ്പുകൾ രംഗത്തുവന്നിരുന്നു. ക്രിസ്ത്യാനികളും മുസ് ലിംകളും ഹിന്ദുക്കൾക്കെതിരെ ഒന്നിക്കുന്നുവെന്ന് ഈ ഗ്രൂപ്പുകളിൽ നടന്ന ചർച്ചകളിൽ അഭിപ്രായമുയർന്നു. 'മതപരിവർത്തനത്തിന് സഹായിക്കുന്നത് ആര്' എന്ന പേരിൽ സംഘടിപ്പിച്ച ചർച്ചയിൽ ഹിന്ദുക്കളെ വെറുക്കാനും ശത്രുക്കളായി കണക്കാക്കാനും പഠിപ്പിക്കുന്നുണ്ടെന്നും അതേസമയം മുസ്‌ലിംകളെ അവരുടെ സഹോദരങ്ങളായി കണക്കാക്കുന്നുണ്ടെന്നും വാദമുയർന്നിരുന്നു.
കോൺഗ്രസ് പാർട്ടി വോട്ട് ബാങ്കുണ്ടാക്കുന്നതിനായി ക്രിസ്ത്യൻ മതപരിവർത്തനത്തെ പിന്തുണക്കുന്നുണ്ടെന്ന് ചർച്ചയിൽ അവകാശപ്പെട്ടു. അതേ ചർച്ചയിൽ തന്നെ ഹിന്ദുക്കളോട് മതപരിവർത്തനങ്ങൾ നടത്താനും ആവശ്യപ്പെട്ടു. 'നിങ്ങൾക്ക് ഒന്നുകിൽ കരയാം അല്ലെങ്കിൽ പരിവർത്തനങ്ങൾ നടത്താൻ തുനിഞ്ഞിറങ്ങാം. യുദ്ധം നടത്തണമെന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷേ അവർ ചെയ്യുന്നതെന്താണോ അത് തന്നെ നിങ്ങളും ചെയ്യുക. ഘർ വാപ്‌സിയെന്നോ മറ്റോ പേരിട്ടോളൂ, എന്നിട്ടവരുടെ വീടുകളിലേക്ക് പോവുക' എന്നാണ് ഒരു വ്യക്തി പറഞ്ഞത്. എൻഐഎ നടത്തുന്ന അന്വേഷണങ്ങൾ ഈ ചർച്ചകളിലെ മറ്റൊരു പ്രധാന വിഷയമാണ്. മുസ്‌ലിംകൾക്കെതിരെ എൻഐഎ എടുക്കുന്ന നീക്കങ്ങൾ എന്നു ചൂണ്ടിക്കാട്ടിയാണ് വിഷയങ്ങൾ അവതരിപ്പിക്കുന്നത്. എക്‌സ് ഫോറത്തിൽ സജീവമായി പങ്കെടുക്കുന്ന ഒരു വ്യക്തി കേരളത്തിലെ മതപരിവർത്തന കേന്ദ്രങ്ങളെക്കുറിച്ച് എൻഐഎ അന്വേഷണത്തിനൊരുങ്ങുന്നതായി തനിക്ക് വിവരം ലഭിച്ചെന്ന് അവകാശവാദമുന്നയിച്ചിരുന്നു. പ്രയാഗ്രാജിൽ നിന്നും ദലിത് പെൺകുട്ടിയെ മതപരിവർത്തനത്തിനായി കേരളത്തിലെത്തിച്ചെന്ന വാർത്തയാണ് ഈ വാദത്തിന്റെ ഉത്ഭവസ്ഥാനം.
അജണ്ടകൾ ഏറ്റുപിടിക്കുന്ന മാധ്യമങ്ങൾ
സ്‌പേസസ് ഫോറങ്ങളിലെ ചർച്ചകൾ വലതുപക്ഷ മാധ്യമങ്ങൾ അതേപടി പകർത്തിവെക്കുകയാണ്. വാർത്താ മൂല്യമുണ്ടെന്ന് വരുത്തി ഈ അവകാശവാദങ്ങളെ സാധൂകരിക്കുകയാണ് ഇത്തരം മാധ്യമങ്ങൾ ചെയ്യുന്നത്. ഉദാഹരണത്തിന്, വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യു.എം.സി) തങ്ങളുടെ 14-ാമത്തെ ദ്വിവത്സര ഗ്ലോബൽ കോൺഫറൻസ് അസർബൈജാനിലെ ബാക്കുവിൽ നടത്താൻ തീരുമാനിച്ചപ്പോൾ, ഇതിനെതിരെ സ്‌പേസസ് ചർച്ചകളിൽ വലിയ വിമർശനങ്ങൾ ഉയർന്നു. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് അസർബൈജാൻ പാകിസ്താനെ പിന്തുണച്ചതാണ് കാരണം.
'പ്രവാസി സമ്മേളനം അസർബൈജാനിൽ വെച്ച് നടത്തുന്നത് മലയാളികളെ വീണ്ടും അപമാനിക്കുകയാണോ?' എന്ന തലക്കെട്ടിലുള്ള സ്‌പേസസ് ചർച്ചയിൽ ബിജെപി അനുകൂല മലയാളം വാർത്താ ചാനലായ ജനം ടിവിയിലെ മാധ്യമപ്രവർത്തക നീലിമ ഭാസ്‌കർ പങ്കെടുത്തിരുന്നു. വലതുപക്ഷ എക്‌സ് ഗ്രൂപ്പുകളിൽ നിന്ന് നിരവധി ചർച്ചകൾ ജനം ടിവി ഏറ്റെടുക്കാറുണ്ടെന്ന് അവർ വ്യക്തമാക്കി. ഇത്തരം സ്‌പേസസ് ഗ്രൂപ്പുകൾക്ക് തങ്ങളുടെ ചർച്ചകൾക്ക് ആവശ്യമായ പ്രചാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സ്വാധീനമുണ്ട്. അവർ പ്രചരിപ്പിക്കുന്ന അവകാശവാദങ്ങൾ ഏറ്റുപാടാൻ തയ്യാറായ മാധ്യമ സ്ഥാപനങ്ങളുമുണ്ട്. ഓപ് ഇന്ത്യ എന്ന വലതുപക്ഷ പ്രസിദ്ധീകരണം, ഡബ്ല്യു.എം.സി-അസർബൈജാൻ വാർത്ത കവർ ചെയ്തപ്പോൾ ഈ ഹാൻഡിലുകളിൽ ചിലരുടെ ട്വീറ്റുകൾ അതോടൊപ്പം ചേർത്തു.
മറുവശത്ത്, വലതുപക്ഷ അജണ്ടയെ വിമർശിക്കുന്ന മാധ്യമ സ്ഥാപനങ്ങളെ എക്‌സ് ഫോറങ്ങളിലെ പ്രഭാഷകർ 'ജിഹാദി' എന്ന് മുദ്രകുത്തുന്നു. അത്തരം ഫോറങ്ങളിൽ വളരെ സജീവമായ ഒരു ഉപയോക്താവ് മലയാളം വാർത്താ ചാനലായ മീഡിയവണിനെ ജിഹാദി ചാനൽ എന്നാണ് ആരോപിച്ചത്. ''എല്ലാ മലയാള മാധ്യമങ്ങളിലെയും ഓൺലൈൻ വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്നത് സുഡാപ്പികളാണ്. അവരുടെ റിപ്പോർട്ടർമാരെല്ലാം സുഡാപ്പികളാണ്. വനിതാ മാധ്യമപ്രവർത്തകർ എല്ലാവരും സുഡാപ്പികളെ വിവാഹം കഴിച്ചവരും, മിക്ക വനിതാ അവതാരകരും സുഡാപ്പികളോടൊപ്പം കിടക്ക പങ്കിടുന്നവരുമാണ്' എന്ന് സ്‌പേസസ് ചർച്ചക്കിടെ ഒരു വ്യക്തി പറഞ്ഞു. ഇതുകാരണം ഹിന്ദുക്കൾക്ക് 'അവരുടെ പ്രശ്‌നങ്ങൾ പരസ്യമായി ചർച്ച ചെയ്യാൻ കഴിയില്ല' എന്നാണ് ഈ വ്യക്തിയുടെ സങ്കടം. 'മാധ്യമങ്ങളും മതേതര പാർട്ടികളും നമ്മളെ വർഗീയവാദികളെന്ന് മുദ്രകുത്തും. ഒരു രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ ബിജെപിക്ക് ഇടപെടുന്നതിൽ പരിമിതികളുണ്ടായിരിക്കാം, പക്ഷേ ഹിന്ദു സംഘടനകൾ ലവ് ജിഹാദിനെയും മതപരിവർത്തന മാഫിയയെയും കുറിച്ച് ജാഗ്രത പുലർത്തണം' എന്ന് ഇതേ വ്യക്തി പ്രസ്താവിച്ചു.
വിദ്വേഷ പ്രസംഗവും അഭിപ്രായ സ്വാതന്ത്ര്യവും
വിദ്വേഷ പ്രസംഗവും അഭിപ്രായ സ്വാതന്ത്ര്യവും തമ്മിൽ നേർത്തൊരു അതിർ വരമ്പുണ്ട്. വിദ്വേഷ പ്രസംഗങ്ങൾ തടയാൻ മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കുമ്പോൾ അതീവ സൂക്ഷ്മത പാലിച്ചില്ലെങ്കിൽ സംസ്ഥാനങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിടാൻ അതുപയോഗിച്ചേക്കാമെന്ന് സുപ്രിംകോടതി അഭിഭാഷകനായ അനസ് തൻവീർ പറയുന്നു.കേരളവും പശ്ചിമ ബംഗാളും സംഘപരിവാർ ജയിക്കണമെന്ന് ആഗ്രഹിക്കുന്ന രണ്ട് സംസ്ഥാനങ്ങളാണ്. വിദ്വേഷം പ്രചരിപ്പിച്ച് സമൂഹത്തെ വിഭജിക്കുക എന്നതാണ് അത് നേടാൻ അവർക്ക് മുന്നിലുള്ള ഒരേയൊരു വഴി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എക്‌സ് സ്‌പേസസിൽ നടക്കുന്ന ചർച്ചകളുടെ ഉള്ളടക്കങ്ങൾ മിക്കതും കോടതിയിൽ വിദ്വേഷ പ്രസംഗത്തിന്റെ പരിധിയിൽ വരുന്നതാണ്. എന്നിരുന്നാലും മത വിദ്വേഷം പ്രചരിപ്പിക്കുന്നതിന് കോടതിയോ നിയമമോ ഇത്തരം ഗ്രൂപ്പുകൾക്ക് ഒരു തടസ്സമായി തോന്നുന്നില്ലെന്നതാണ് വാസ്തവം.
Adjust Story Font
16

