'തേക്കപ്പെട്ട സുന്ദരിയും','ശാലിനി ഒണ്ണിക്കൃഷ്ണനും'; ബോളിവുഡിലെ 'മലയാളി മങ്കകൾ'
യാഥാർഥ്യത്തോട് ഒരു പൊടിക്ക് പോലും ചേർത്ത് വെക്കാൻ സാധിക്കാത്ത പടത്തിനെതിരെ സംസാരിച്ച മലയാളി ഇൻഫ്‌ളുവൻസറുടെ വീഡിയോക്ക് കോപിറൈറ്റ് സ്‌ട്രൈക്ക് നൽകിയാണ് ബോളിവുഡ് പ്രതികരിച്ചത്

ജാൻവി കപൂർ നായികയാകുന്ന 'പരം സുന്ദരി' സിനിമയുടെ ട്രെയിലർ അടുത്തകാലത്താണ് പുറത്തുവന്നത്. ഇതിന് പിന്നാലെ സിനിമയിലെ ജാൻവിയുടെ കഥാപാത്രത്തിന് സാമൂഹിക മാധ്യമങ്ങളിൽ നിന്ന് വലിയ വിമർശനമാണ് നേരിടുന്നത്. മലയാളിയായ ജാൻവി കപൂറിന് മലയാളം പറയാൻ അറിയില്ലെന്നതാണ് പ്രേക്ഷകരെ ചൊടിപ്പിച്ചത്.
ഇതാദ്യമായല്ല ഹിന്ദി സിനിമയിൽ മലയാളികളെ പ്രതിനിധീകരിക്കുന്നതിന് സ്റ്റീരിയോടൈപ്പുകളെ പിൻപറ്റുന്നത്. നേരത്തെ കേരള സ്റ്റോറി സിനിമയിൽ പ്രധാന കഥാപാത്രം ഹിന്ദി കലർന്ന മലയാളം പറയുന്നത് വലിയ രീതിയിൽ ട്രോളിന് പാത്രമായിരുന്നു. സദാ സമയം പട്ടുപാവാടയും മുല്ലപ്പൂവും ചൂടി നടക്കുന്ന തിരുവനന്തപുരം സ്വദേശിയായ മലയാളി പെൺകുട്ടിക്ക് പക്ഷേ മലയാളം അറിയില്ല.
മലയാളി പെൺകുട്ടികളെല്ലാം മുഴുവൻ സമയവും സാരിയുടുത്ത്, പൊട്ടു കുത്തി നടക്കുന്നവരാണെന്ന ഉത്തരേന്ത്യൻ ചിന്താഗതിയെ അതേപടി പകർത്തിവെക്കുന്നതാണ് പരം സുന്ദരിയും. വിശേഷ ദിവസങ്ങളിൽ മാത്രമാണ് മലയാളികൾ മുല്ലപൂവ് ചൂടാറുള്ളത്. ശാലിനി ഉണ്ണിക്കൃഷ്ണനാകട്ടെ മുല്ലപൂവ് ചൂടാത്തൊരു ദിവസവുമില്ല. പബ്ബിൽ പോകുമ്പോൾ പോലും പട്ടുപാവാടയുടുത്ത് മുല്ലപൂവ് ചൂടിയ ശാലിനിയെ നിഷ്‌കളങ്ക മലയാളി പെൺകുട്ടിയായി അവതരിപ്പിക്കാനാണ് സംവിധായകൻ ശ്രമിച്ചതെങ്കിലും ട്രോളിനിരയാവുകയാണ് ചെയ്തത്. ശാലിനി ഉണ്ണിക്കൃഷ്ണനും മീനമ്മക്കും ഒത്തൊരു എതിരാളിയാണ് ജാൻവിയുടെ സുന്ദരിയും എന്ന കാര്യത്തിൽ സംശയമില്ല.
തെക്കേപ്പാട്ട് സുന്ദരി ദാമോദരൻ പിള്ള എന്ന് ജാൻവി സ്വയം പരിചയപ്പെടുത്തുന്നതായി ട്രൈലറിൽ കാണാം. എന്നാൽ ജാൻവിയുടെ ഉച്ചാരണപിശക് മൂലം ഇത് തേക്കപ്പെട്ട സുന്ദരി എന്നാണ് കേൾക്കുന്നത്. പിള്ള എന്നതിന് തമിഴ് കലർന്ന രീതിയിൽ പിള്ളൈ എന്നാണ് പറയുന്നത്. സ്വന്തം പേര് പോലും മലയാളി ശൈലിയിൽ പറയാൻ അറിയാത്ത നായികയെ മലയാളിയായി അവതരിപ്പിച്ചതിലെ യുക്തിബോധമില്ലായ്മയെ സാമൂഹിക മാധ്യമങ്ങളിലുടനീളം പരിഹസിക്കുകയാണ് ട്രോളന്മാർ.
കേരളത്തനിമ ഒന്നു കൂട്ടാൻ അവിടവിടെയായി കുറച്ച് കഥകളിയും,കളരിപ്പയറ്റും ചേർത്ത് മേമ്പൊടി ഇടാൻ സംവിധായകൻ മറന്നിട്ടില്ല. മലയാളവുമായി യാതൊരു ബന്ധവുമില്ലാത്ത അഭിനേതാക്കളെ വെച്ച് വലിയ മുതൽമുടക്കിൽ സ്റ്റീരിയോടൈപ്പ് മാത്രം പറയുന്ന പടമെടുക്കുന്ന ബോളിവുഡിന്റെ രീതി വീണ്ടും ആവർത്തിക്കുന്നതാണ് പരം സുന്ദരി.
യാഥാർഥ്യത്തോട് ഒരു പൊടിക്ക് പോലും ചേർത്ത് വെക്കാൻ സാധിക്കാത്ത പടത്തിനെതിരെ സംസാരിച്ച മലയാളി ഇൻഫ്‌ളുവൻസറുടെ വീഡിയോക്ക് കോപിറൈറ്റ് സ്‌ട്രൈക്ക് നൽകിയാണ് ബോളിവുഡ് പ്രതികരിച്ചത്. തന്റെ കഥാപാത്രം പാതി തമിഴ് കൂടിയാണെന്ന് പറഞ്ഞ് ജാൻവിയും ന്യായീകരിച്ചു. മലയാളത്തോടും കേരളത്തോടും നീതി പുലർത്താൻ സാധിക്കുമായിരുന്ന അഭിനേത്രികൾ ഒരുപാടുണ്ടായിരുന്നിട്ടും ഹിന്ദി മാത്രമറിയുന്ന ജാൻവിയെ നായികയായി തെരഞ്ഞെടുത്തതിന് പിന്നിലെ യുക്തിയെന്താണ് എന്ന് മലയാളികൾ ചോദിക്കുന്നു.
Adjust Story Font
16

