മൂന്നാം ദിവസവും കാണാമറയത്ത്; ശ്രീനന്ദ എവിടെ ?
പാലക്കാട് നിന്നുള്ള പ്രത്യേക അന്വേഷണസംഘവും കർണാടകയിൽ തിരച്ചിൽ നടത്തുന്നുണ്ട്

ബംഗളൂരു: കർണാടകയിൽ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദക്കായി തിരച്ചിൽ തുടരുന്നു. ചിക്കമംഗളൂരുവിൽ കുടുംബത്തോടൊപ്പമുള്ള വിനോദയാത്രക്കിടെയാണ് 15കാരിയെ കാണാതായത്. പാലക്കാട് നിന്നുള്ള പ്രത്യേക അന്വേഷണസംഘവും കർണാടകയിൽ തിരച്ചിൽ നടത്തുന്നുണ്ട്.
ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപത്തു നിന്നാണ് ശ്രീനന്ദയെ കാണാതായത്. കുട്ടിയെ കാണാതായ മാണിക്കധാര വെള്ളച്ചാട്ടത്തിലും ബാബാബുഡാൻ ഗിരികുന്നിലും വ്യാപകമായ തിരച്ചിലാണ് വ്യാഴാഴ്ചയും നടത്തിയത്. ബാബുഡാൻ കുന്നിലെ 300 അടി താഴ്ചയിൽവരെ തെൽമൽ ഡ്രോൺ ഉപയോഗിച്ച് വ്യാഴാഴ്ച പരിശോധന നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനായിട്ടില്ല.
പാലക്കാട് കടമ്പഴിപ്പുറത്തെ രമേശ്- രോഹിണി ദമ്പതിമാരുടെ മകൾ ശ്രീനന്ദയെ ചൊവ്വാഴ്ച വൈകീട്ടോടെയാണ് കാണാതായത്. വൈകീട്ട് 5.20-വരെ കുട്ടി മാതാപിതാക്കളുടെ കൂടെയുണ്ടായിരുന്നു. നാല് മിനിറ്റിനുള്ളിലാണ് യാത്രാസംഘത്തിൽനിന്ന് കുട്ടിയെ കാണാതാകുന്നത്.
വെള്ളച്ചാട്ടത്തിൽ വീണെന്നു സംശയമുയർന്നെങ്കിലും തിരച്ചിലിനു ശേഷം പൊലീസ് സാധ്യത തള്ളി. പാലക്കാടു നിന്നുള്ള സംഘം സന്ദർശിക്കുമ്പോൾ മറ്റു 10 പേർ കൂടി വ്യൂപോയിന്റിൽ ഉണ്ടായിരുന്നു. ഇവരെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്.
Adjust Story Font
16

