Quantcast

കേസ് നടത്തിപ്പ്; മമ്മൂട്ടി സഹായം വാഗ്ദാനം ചെയ്‌തെന്ന് മധുവിന്റെ കുടുംബം

നിയമസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് നിയമമന്ത്രി പി. രാജീവുമായി മമ്മൂട്ടി സംസാരിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    30 Jan 2022 4:55 AM GMT

കേസ് നടത്തിപ്പ്; മമ്മൂട്ടി സഹായം വാഗ്ദാനം ചെയ്‌തെന്ന് മധുവിന്റെ കുടുംബം
X

അഗളി: ആൾക്കൂട്ടമർദനത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് നിയമസഹായം നൽകുന്നതിന് നടപടികൾ സ്വീകരിക്കാൻ തയ്യാറാണെന്ന് നടൻ മമ്മൂട്ടിയുടെ ഓഫീസ്. മധുവിന്റെ സഹോദരി സരസുവാണ് ഇക്കാര്യം അറിയിച്ചത്.

നിയമസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് നിയമമന്ത്രി പി. രാജീവുമായി മമ്മൂട്ടി സംസാരിച്ചിരുന്നു. മന്ത്രി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അടുത്ത ദിവസങ്ങളിൽ മമ്മൂട്ടിയുടെ ഓഫിസിൽനിന്നുള്ളവർ മധുവിന്റെ വീട്ടിലെത്തുമെന്നാണ് സൂചന.

മധുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായും മറ്റുള്ള കാര്യങ്ങൾ ആദിവാസി സംഘടനകളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും മധുവിന്റെ സഹോദരി പറഞ്ഞു.

കേസിൽ ഗുരുതര വീഴ്ച

കേസിൽ തുടക്കം മുതൽ സർക്കാറിന് വീഴ്ച സംഭവിച്ചെന്നാണ് വിലയിരുത്തൽ. സംഭവം നടന്ന് ഒന്നര വർഷത്തിന് ശേഷമാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടികാട്ടി രണ്ടുമാസം മുമ്പ് വി.ടി രഘുനാഥ് കത്ത് നൽകിയിട്ടും പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചില്ല. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിർദേശപ്രകാരം പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനായി നടപടികൾ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന പട്ടികജാതി, പട്ടികഗോത്രവർഗ കമ്മീഷനാണ് നിയമവകുപ്പ് സെക്രട്ടറിക്ക് ഇതുമായി ബന്ധപ്പെട്ട് നിർദേശം നൽകിയത്. പബ്ലിക്ക് പ്രോസിക്യൂട്ടർ ഹാജരാകാത്തതിനാൽ കോടതിയിൽ വിചാരണ നീണ്ടുപോകുന്നതായി വിമർശനമുയർന്നിരുന്നു. ഇതിനു പിന്നാലെയാണ് കമ്മീഷൻ നിയമ വകുപ്പ് സെക്രട്ടറിയെ സമീപിച്ചത്.

2018 ഫെബ്രുവരി 22 നാണ് ആൾക്കൂട്ടം മധുവിനെ തല്ലികൊന്നത്. മാധ്യമങ്ങളിൽ വലിയ ചർച്ചയായെങ്കിലും കേസിന്റെ നിയമ നടപടികളിൽ സർക്കാർ കാര്യമായി ശ്രദ്ധിച്ചില്ല. മണ്ണാർക്കാട് എസ്.സി / എസ്.ടി കോടതിയിലാണ് കേസ് നടക്കുന്നത്. ഇവിടെ ഒരു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ പോലും സർക്കാർ തയ്യറായില്ല. നൂറുകണക്കിന് കേസുകൾ വാദിക്കുന്ന മണ്ണാർക്കാട് എസ്.സി / എസ്.ടി കോടതിയിലെ പ്രോസിക്യൂട്ടർ തന്നെ മധു വധക്കേസും വാദിക്കട്ടെ എന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.

തുടർച്ചയായ മെല്ലെപ്പോക്ക്

വിമർശനങ്ങൾ ഉയർന്നു വന്നതോടെ ഒന്നര വർഷങ്ങൾക്ക് ശേഷം ഗോപിനാഥിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. എന്നാൽ ഇദേഹത്തിന് ആവശ്യമായ സൗകര്യങ്ങൾ ഇല്ലെന്ന് പറഞ്ഞ് തൽസ്ഥാനത്ത് നിന്നും ഒഴിഞ്ഞു. പിന്നീട് ആക്ഷൻ കൗൺസിൽ നിർദേശപ്രകാരമാണ് വി.ടി. രഘുനാഥിനെ 2019 ൽ നിയമിച്ചത്. ഇദ്ദേഹം രണ്ടു തവണയാണ് കോടതിയിൽ ഹാജറായത്.

2021 നവംബർ 24 ന് ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടികാട്ടി കോടതിയിൽ ഹാജറാവാൻ കഴിയില്ലെന്ന് രഘുനാഥ് ഡി.ജി.പിയെ അറിയിച്ചിരുന്നു. എന്നാൽ രണ്ടു മാസത്തിന് ശേഷം കോടതി പ്രോസിക്യൂട്ടർ എവിടെയെന്ന് ചോദിക്കുകയും, ഇത് ചർച്ചയാവുകയും ചെയ്തതോടെയാണ് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കാൻ തീരുമാനിച്ചത്.

പുതിയ പ്രോസിക്യൂട്ടർ മുവായിരത്തിലധികം പേജുള്ള കുറ്റപത്രം പഠിച്ച് കോടതിയിൽ അവതരിപ്പിക്കാൻ ഇനിയും സമയമെടുക്കും. ഇത് കൂടാതെ പ്രതികൾ ആവശ്യപെട്ട രേഖകൾ കൈമാറാൻ പൊലീസ് വൈകുന്നത് കേസ് നീണ്ടു പോകുന്നതിനും കാരണമാകുന്നു.

TAGS :

Next Story