50 ലക്ഷത്തിന്‍റെ കടബാധ്യത; ആത്മഹത്യ ചെയ്യുകയാണെന്ന് കുറിപ്പെഴുതിവെച്ച് നാടുവിട്ടയാളെ ബംഗളൂരുവില്‍ കണ്ടെത്തി
പൊലീസും ഫയർഫോഴ്സുമെല്ലാം മൂന്ന് ദിവസമാണ് ഭാരതപ്പുഴയില്‍ സിറാജ് അഹമ്മദിനായി തിരച്ചിൽ നടത്തിയത്

Photo| MediaOne
ഷൊർണ്ണൂർ: കടക്കാരെ അഭിമുഖീകരിക്കാൻ കഴിയാത്തതിനാൽ ആത്മഹത്യ ചെയ്തുവെന്ന് വരുത്തി തീർത്ത് നാടുവിട്ട യുവാവിനെ പൊലീസ് കണ്ടെത്തി. ഗുജറാത്ത് സ്വദേശിയായ സിറാജ് അഹമ്മദിനെ ബംഗളൂരുവിൽ നിന്നാണ് കണ്ടെത്തിയത്.ഷൊർണ്ണൂർ ചെറുതുരുത്തി പാലത്തിൽ നിന്ന് ചാടുമെന്ന് കുറിപ്പ് എഴുതിവെച്ചാണ് നാടുവിട്ടത്.
സിറാജ് അഹമ്മദ് ഭാരതപ്പുഴയുടെ തീരത്താണ് കുറിപ്പെഴുതി വെച്ചത്. മരിക്കുകയാണന്ന് കുടുംബത്തെ ഫോൺ വിളിച്ച് അറിയിച്ചു. പൊലീസും ഫയർഫോഴ്സുമെല്ലാം മൂന്ന് ദിവസം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല . ആത്മഹത്യ കുറിപ്പ് എഴുതി വെച്ചതിന് ശേഷം സിറാജ് നേരെ ബംഗളൂരുവിലേക്ക് ട്രയിൻ കയറി.
ഒരു മാസത്തോളം ഡ്രൈവറായി ജോലി ചെയ്യുന്നതിനിടയിലാണ് ഷൊർണ്ണൂർ പൊലീസ് സിറാജ് അഹമ്മദിനെ തേടിയെത്തിയത്. ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കിയ സിറാജിനെ കോടതി വിട്ടയച്ചു. കച്ചവടത്തിനായി പലരിൽ നിന്നായി 50 ലക്ഷം രൂപ കടം വാങ്ങിയിരുന്നുവെന്നും, നഷ്ടം സംഭവിച്ചതിനാൽ പണം തിരികെ നൽകാൻ കഴിഞ്ഞില്ല. കടക്കാരെ അഭിമുഖീകരിക്കാൻ കഴിയാത്തതിനലാണ് ആത്മഹത്യ ചെയ്യുകയാണെന്ന് വരുത്തി തീർത്ത് നാട് വിട്ടതെന്ന് സിറാജ് അഹമ്മദ് പൊലീസിനോട് പറഞ്ഞു.സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സിറാജ് ബംഗളൂരുവിലേക്ക് പോയ വിവരം പൊലീസിന് ലഭിച്ചത്.
(ആത്മഹത്യ പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)
Adjust Story Font
16

