‘മാറാട് പോയി,ആളുകളെ കണ്ടു, സംസാരിച്ചു തിരിച്ചുവന്നു’; പിണറായി പറഞ്ഞതിലെ വസ്തുത എന്ത് - FACT CHECK
2003 മെയ് നാലിന് രാവിലെ പത്തരയോടെയാണ് സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം കടപ്പുറത്ത് എത്തിയത്. പിറ്റേന്ന് ഇറങ്ങിയ പത്രങ്ങളുടെയെല്ലാം ഒന്നാം പേജിലെ പ്രധാനവാർത്തകളിലൊന്ന് ഈ സന്ദർശനമായിരുന്നു

- Updated:
2026-01-09 07:06:18.0

പിണറായി വിജയൻ |PHOTO FB -Pinarayi Vijayan
കോഴിക്കോട്: മാറാട് കടപ്പുറത്തെ പ്രശ്നബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ പിണറായി വിജയനെയും ഒരു വിഭാഗം നേതാക്കളെ നാട്ടുകാർ തടയുകയും ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയും ചെയ്തതിനെ തുടർന്ന് മടങ്ങിപ്പോവുകയായിരുന്നു. എന്നാൽ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു. അന്ന് ഞാൻ ഒരു പാർട്ടിയുടെ ഭാരവാഹിയായി പ്രവർത്തിക്കുന്ന കാലമാണല്ലോ, ഞാൻ അവിടെ പോയി, ആളുകളെ കണ്ടു. കാര്യങ്ങൾ സംസാരിച്ചു. തിരിച്ചുവരികയും ചെയ്തുവെന്നായിരുന്നു.
2003 മെയ് നാലിന് രാവിലെ പത്തരയോടെയാണ് സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം കടപ്പുറത്ത് എത്തിയത്. പിറ്റേന്ന് ഇറങ്ങിയ പത്രങ്ങളുടെയെല്ലാം ഒന്നാം പേജിലെ പ്രധാനവാർത്ത പിണറായിയെയും സംഘത്തെയും തടഞ്ഞതായിരുന്നു.
എംൽഎമാരായ കോടിയേരി ബാലകൃഷ്ണൻ, മത്തായി ചാക്കോ, ടി.പി രാമകൃഷ്ണൻ, പി.കെ ശ്രീമതി,വി.കെ.സി മമ്മദ് കോയ, എൽഡിഎഫ് കൺവീനർ പാലൊളി മുഹമ്മദ് കുട്ടി, മേയർ തോട്ടത്തിൽ രവീന്ദ്രൻ, ഡെപ്യൂട്ടി മേയർ പ്രൊഫ.പി.ടി അബ്ദുൽ ലത്തീഫ്,എളമരം കരീം, ജില്ലാ സെക്രട്ടറി വി.വി ദക്ഷിണാമൂർത്തി,എസ്.ശർമ,എം.കേളപ്പൻ, ബേപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്റ് പി.പി ബീരാൻകോയ തുടങ്ങിയവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
പിണറായി സംഘവും പ്രദേശത്തെത്തുമ്പോൾ തന്നെ അയൽവാസികളും ബിജെപി പ്രവർത്തകരും ഒരുമിച്ച് കൂടിയിരുന്നു. ആക്രമണത്തിൽ മരിച്ചവരുടെ വീടുകൾ സന്ദർശിക്കാനെത്തിയപ്പോഴാണ് സംഘത്തെ നാട്ടുകാർ തടഞ്ഞത്. മരിച്ച ആവത്താൻപുറായിൽ ദാസന്റെ വീട്ടിലേക്കാണ് സിപിഎം നേതാക്കൾ ആദ്യം പോയത്. വീട്ടിലേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ നേതാക്കളോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയായിരുന്നു. രോഷാകുലരായ ആളുകളെ സമാധാനിപ്പിക്കാൻ സിപിഎം നേതാക്കൾ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
2003 മെയ് 5 ന് ഇറങ്ങിയ മാധ്യമം പത്രത്തിൽ നിന്ന്
സിപിഎം നേതാക്കളോടൊപ്പമുണ്ടായിരുന്ന ബേപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്റ് പി.പി ബീരാൻകോയക്കു നേരെയും ശകാരവർഷമുണ്ടായി. സംഘർഷദിവസം രാത്രി അദ്ദേഹം ജീപ്പിൽ കടപ്പുറത്തേക്ക് വരുമ്പോൾ നാട്ടുകാർ കൈ കാണിച്ചിട്ടും നിർത്തിയില്ലെന്നതായിരുന്നു ആക്ഷേപം. എന്നാൽ, അയുധങ്ങളുമായി ജീപ്പിന് മുന്നിലേക്ക് ഒരു സംഘം ചാടിവീണതുകൊണ്ടാണ് ജീപ്പ് ഓടിച്ചുപോയതെന്ന് വ്യക്തമാക്കിയെങ്കിലും പ്രതിഷേധം തണുപ്പിക്കാനായില്ല. മരണവീട് സന്ദർശിക്കാൻ ബീരാൻ കോയക്ക് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ പിണറായി വിജയൻ അദ്ദേഹത്തെ ന്യായീകരിക്കുകയാണുണ്ടായതെന്നും മാറാട് അരയസമാജം സെക്രട്ടറിയായിരുന്ന ടി.സുരേഷ് അന്ന് മാധ്യമങ്ങളോട് പറഞ്ഞത്.
2003 മെയ് 5 ന് ഇറങ്ങിയ മാത്യഭൂമി പത്രത്തിൽ നിന്ന്
Adjust Story Font
16
