Quantcast

കസ്റ്റംസിൽ കൂട്ടപ്പിരിച്ചുവിടല്‍; 11 പേരെ പിരിച്ചുവിട്ടു

ഇതാദ്യമായാണ് കസ്റ്റംസിൽ കൂട്ടപ്പിരിച്ചുവിടൽ

MediaOne Logo

Web Desk

  • Updated:

    2023-04-23 07:17:28.0

Published:

23 April 2023 10:19 AM IST

customs
X

കസ്റ്റംസ്

തിരുവനന്തപുരം: കരിപ്പൂർ വിമാനത്താവളം വഴിയുള്ള കള്ളക്കടത്ത് കേസിൽ പ്രതിയായ 11 കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. വകുപ്പുതല അന്വേഷണത്തിന് ശേഷമാണ് നടപടി.കേസിൽ 13 കസ്റ്റംസ് ഉദ്യോഗസ്ഥരടക്കം 30 പേർക്കെതിരെ സി.ബി.ഐ കുറ്റപത്രം നൽകിയിരുന്നു.

രണ്ട് സൂപ്രണ്ടുമാരുൾപ്പെടെ 11 പേർക്കെതിരെയാണ് കൂട്ട നടപടി. സൂപ്രണ്ടുമാരായ എസ്.ആശ, ഗണപതി പോറ്റി ഇൻസ്പെക്ടർമാരായ യോഗേഷ്, യാസർ അരാഫത്, സുധീർ കുമാർ, നരേഷ് ഗുലിയ, ഹെഡ് ഹവിൽദാർമാരായ സി അശോകൻ, പി എം ഫ്രാൻസിസ് എന്നിവരെയാണ് പിരിച്ചുവിട്ടത്. വകുപ്പുതല അന്വേഷണത്തിന് ശേഷമാണ് കസ്റ്റംസ് പ്രിവൻ്റീവ് കമ്മീഷണർ രാജേന്ദ്രകുമാറിൻ്റെ ഉത്തരവ്. പിരിച്ചുവിട്ട രണ്ട് സൂപ്രണ്ടുമാരെ ഒരു സർക്കാർ സർവീസിലും നിയോഗിക്കരുതെന്നും ഉത്തരവിലുണ്ട്. നടപടി നേരിട്ട രണ്ട് ഉദ്യോഗസ്ഥർ നേരത്തെ വിരമിച്ചിരുന്നു .

കരിപ്പൂർ വിമാനത്താവളം വഴി വൻതോതിൽ കള്ളക്കടത്ത് നടക്കുന്നുണ്ടെന്ന പരാതിയെ തുടർന്ന് 2021 ജനുവരി 12 ന് പുലർച്ചെയാണ് ഡിആർഐയും സി.ബി.ഐയും സംയുക്തമായി പരിശോധന നടത്തിയത്. കസ്റ്റംസ് ഉദ്യോഗസ്ഥർ അനധികൃതമായി പുറത്തേക്ക് കടത്തിവിട്ട 70 ലക്ഷം രൂപയുടെ ബാഗേജുകൾ അന്വേഷണ സംഘം പിടികൂടിയിരുന്നു. ഉദ്യോഗസ്ഥരിൽ നിന്ന് മൂന്ന് ലക്ഷത്തോളം രൂപ, വിദേശമദ്യം, വിദേശ കറൻസി, ആറര ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ എന്നിവയും റെയ്ഡിൽ കണ്ടെത്തി.ഈ കേസിലാണ് സർവീസിൽ നിന്ന് പിരിച്ചുവിട്ടവരടക്കം 13 കസ്റ്റംസ് ഉദ്യോഗസ്ഥരെ പ്രതിചേർത്ത് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത്.

ഉദ്യോഗസ്ഥർ കള്ളക്കടത്ത്കാരിൽ നിന്ന് പാരിതോഷികങ്ങൾ കൈപ്പറ്റുന്ന സിസി ടിവി ദൃശ്യങ്ങളും തെളിവായി സമർപ്പിച്ചിരുന്നു. കസ്റ്റംസിൽ ഇതാദ്യമായാണ് ഇത്രയധികം ഉദ്യോഗസ്ഥർക്കെതിരെ കൂട്ടനടപടി ഉണ്ടാകുന്നത്.


TAGS :

Next Story