സെന്റ് മേരീസില്‍ 1100 ദിവസങ്ങള്‍ക്ക് ശേഷം കുര്‍ബാന പുനരാരംഭിച്ചു
കുർബാന തർക്കത്തെ തുടർന്ന് 2022 നവംബർ 27 മുതൽ ബസലിക്കയിൽ കുർബാന നടന്നിരുന്നില്ല

എറണാകുളം: സീറോ മലബാര്‍ സഭാ ആസ്ഥാന ദേവാലയമായ എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്കയില്‍ കുര്‍ബാന പുനരാരംഭിച്ചു. 1100 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്നലെ മുതല്‍ കുര്‍ബാന ആരംഭിച്ചത്. കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് 2022 നവംബര്‍ 27 മുതല്‍ ബസലിക്കയില്‍ കുര്‍ബാന നടന്നിരുന്നില്ല.
അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായിരുന്ന മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഏകീകൃത കുര്‍ബാന അര്‍പ്പണത്തിനെത്തിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. പിന്നാലെ, സിനഡ് അനുകൂല പക്ഷവും ജനാഭിമുഖ കുര്‍ബാന പക്ഷവും തമ്മില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷുണ്ടാകുകയും ചെയ്തു. അതോടെയാണ് കുര്‍ബാന നിര്‍ത്തിവെക്കേണ്ടിവന്നത്.
സീറോ മലബാര്‍ സഭയിലെ ആരാധനാക്രമം പരിഷ്‌കരിക്കാന്‍ 1999ല്‍ സിനഡ് ശുപാര്‍ശ ചെയ്തിരുന്നു. വത്തിക്കാന്‍ 2021 ജൂലൈയില്‍ ഇതിന് അനുമതി നല്‍കി. കുര്‍ബാന അര്‍പ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡിന്റെ തീരുമാനം. കുര്‍ബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അള്‍ത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിര്‍വഹിക്കുകയെന്നതാണ് ഏകീകരിച്ച രീതി. കുര്‍ബാന അര്‍പ്പിച്ച രീതിയിലാണ് തര്‍ക്കമുണ്ടായിരുന്നത്.
നിലവില്‍, അതിരൂപതയില്‍ നിലനില്‍ക്കുന്ന സമവായപ്രകാരം ഞായറാഴ്ചകളില്‍ ഒരു കുര്‍ബാന ഏകീകൃത രീതിയില്‍ ആയിരിക്കും നടക്കുക. കുര്‍ബാനക്ക് തടസം വരുത്തിയാല്‍ പ്രതിരോധിക്കാനാണ് അല്‍മായ മുന്നേറ്റത്തിന്റെ നീക്കം.
Adjust Story Font
16

