അന്ന് മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന പിതാവ് തോറ്റു, ഇന്ന് മകനും; ചരിത്രത്തിന്‍റെ തനിയാവര്‍ത്തനമായി മുസാഫറിന്‍റെ തോൽവി
കോഴിക്കോട് സൗത്തിലെ മുൻ എംഎൽഎയായ സി.പി. കുഞ്ഞുവിന്റെ മകൻ കൂടിയായ മുസാഫർ കോഴിക്കോട് സൗത്തിൽ നിന്ന് നിയമസഭയിലേയ്ക്കും ജനവിധി തേടിയിരുന്നു

കോഴിക്കോട്: സിപിഎമ്മിനെ ഞെട്ടിക്കുന്ന തോൽവിയായിരുന്നു കോഴിക്കോട് കോര്‍പറേഷനിലെ നിലവിലെ ഡെപ്യൂട്ടി മേയറും മേയര്‍ സ്ഥാനാര്‍ഥിയുമായ സി.പി.മുസാഫര്‍ അഹമ്മദിന്‍റേത്. കോര്‍പ്പറേഷന്‍ 39-ാം വാർഡായ മീഞ്ചന്തയില്‍ നിന്നായിരുന്നു മുസാഫർ ജനവിധി തേടിയത്. എന്നാൽ 270 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി എസ്.കെ അബൂബക്കറാണ് വിജയിച്ചത്.
കോഴിക്കോട് സൗത്തിലെ മുൻ എംഎൽഎയായ സി.പി. കുഞ്ഞുവിന്റെ മകൻ കൂടിയായ മുസാഫർ കോഴിക്കോട് സൗത്തിൽ നിന്ന് നിയമസഭയിലേയ്ക്കും ജനവിധി തേടിയിരുന്നു.
2000ത്തിൽ നടന്ന കോർപറേഷൻ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിച്ചപ്പോൾ മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന സി.പി കുഞ്ഞു പരാജയപ്പെട്ടിരുന്നു അതിന്‍റെ തനിയാവർത്തനമാണ് മകൻ മുസാഫർ അഹമ്മദിൻ്റെ കാര്യത്തിലും സംഭവിച്ചത്. സിവിൽ സ്റ്റേഷൻ വാർഡിൽ നിന്നാണ് സി.പി പരാജയപ്പെട്ടത്. അന്ന് സിപിഎം ജില്ലാകമ്മിറ്റി അംഗമായിരുന്നു കുഞ്ഞു. ശക്തികേന്ദ്രമെന്ന നിലയിലാണ് കുഞ്ഞുവിനെ സിവിൽ സ്റ്റേഷനിൽ മത്സരിപ്പിച്ചത്. അതുപോലെ പാര്‍ട്ടിയുടെ മറ്റൊരു കോട്ടയിലായിരുന്നു മകൻ മുസാഫറിൻ്റെയും പരാജയം.
നേരത്തെ ബിജെപിയുടെ സിറ്റിങ് വാർഡായിരുന്നു ഇത്.. എന്നാൽ, ഇക്കുറി വാർഡ് പൂർണമായി പുനർനിർണയിക്കപ്പെട്ടു. 2010-ല്‍ മുസാഫര്‍ ആദ്യമായി കൗണ്‍സിലറായിരുന്ന പയ്യാനക്കല്‍ വാര്‍ഡിന്റെ ഭൂരിഭാഗവും കൂട്ടിച്ചേര്‍ത്താണ് ഇത്തവണ വാര്‍ഡ് വിഭജനശേഷം നിലവിലെ 39-ാം വാര്‍ഡുണ്ടായത്.
മീഞ്ചന്ത വാര്‍ഡില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 130 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപിയാണ് ജയിച്ചത്. വാര്‍ഡ് വിഭജനത്തോടെ ഈ വാര്‍ഡിലെ വലിയ ഭാഗം തിരുവണ്ണൂരിലേക്ക് പോയി. പയ്യാനക്കല്‍ വാര്‍ഡില്‍ കഴിഞ്ഞ വര്‍ഷം 713 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫാണ് ജയിച്ചത്. പയ്യാനക്കല്‍ വാര്‍ഡിന്റെ വലിയഭാഗം മീഞ്ചന്തയിലേക്ക് ചേരുന്നതോടെ വാര്‍ഡ് തങ്ങള്‍ക്ക് അനുകൂലമാകുമെന്നായിരുന്നു എല്‍ഡിഎഫിന്റെ കണക്കുകൂട്ടിയിരുന്നത്.
Adjust Story Font
16

