തലസ്ഥാനത്തെ സ്മാർട് സിറ്റി റോഡുകളുടെ ക്രെഡിറ്റിനെ ചൊല്ലി എം.ബി രാജേഷ് -മുഹമ്മദ് റിയാസ് പോര്
തിരുവനന്തപുരത്തെ സ്മ്ർട്ട് സിറ്റി റോഡ് ഉദ്ഘാടനത്തിൽ കണ്ടത് ഓവർ സ്മാർട് ആവാൻ മന്ത്രി മുഹ്മമ്മദ് റിയാസ് നടത്തിയ നീക്കം

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്മാർട് സിറ്റി റോഡുകളുടെ നിർമാണത്തിന്‍റെ ക്രെഡിറ്റിനെ ചൊല്ലി മന്ത്രിമാർക്കിടയിൽ അഭിപ്രായവ്യത്യാസം. പണം മുടക്കിയ തദ്ദേശവകുപ്പിനെ വെട്ടി ഉദ്ഘാടന സമയത്ത് പൊതുമരാമത്ത് മന്ത്രി പി. എ മുഹമ്മദ് റിയാസ് പൂർണമായി ക്രെഡിറ്റ് ഏറ്റെടുക്കാൻ നീക്കം നടത്തിയതോടെ എതിരഭിപ്രായമുയർന്നു എന്നാണ് വിവരം. രണ്ടു മന്ത്രിമാർക്കിടയിൽ അഭിപ്രായവ്യത്യാസം ഉണ്ടായതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്മാർട് സിറ്റി റോഡ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാതിരുന്നതെന്നാണ് അറിയുന്നത്.
തിരുവനന്തപുരത്തെ സ്മ്ർട്ട് സിറ്റി റോഡ് ഉദ്ഘാടനത്തിൽ കണ്ടത് ഓവർ സ്മാർട് ആവാൻ മന്ത്രി മുഹ്മമ്മദ് റിയാസ് നടത്തിയ നീക്കം. ഫണ്ട് വകയിരുത്തിയ തദ്ദേശവകുപ്പും കോർപ്പറേഷനും ചിത്രത്തിൽ ഇല്ലാത്തവിധമായിരുന്നു റിയാസിന്‍റെ വൺമാൻ ഷോ. തലസ്ഥാനത്തെ സ്മാർട്ട് റോഡ് നിർമ്മാണത്തിന് ആകെ കണക്കാക്കിയത് 200 കോടി. ഇതിൽ 80 കോടി രൂപ നൽകിയത് മന്ത്രി എം.ബി രാജേഷിന്‍റെ തദ്ദേശവകുപ്പ്.
റിയാസിന്‍റെ വകുപ്പിന് കീഴിലുളള കേരള റോഡ് ഫണ്ട് ബോർഡിന്‍റെ പങ്ക് സ്മാർട് റോഡിന്‍റെ നിർമാണ മേൽനോട്ടം മാത്രം. എന്നാൽ നഗരം മുഴുവൻ നിറഞ്ഞ് നിന്നത് ഒരു രൂപ പോലും ചെലവഴിക്കാത്ത മന്ത്രി റിയാസിന്‍റെ മുഖ്യമന്ത്രിക്കൊപ്പമുള്ള ഫ്ലക്സുകൾ. ഇതിലെ വിയോജിപ്പ് മന്ത്രി എം.ബി രാജേഷ് മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചതോടെയാണ് ഉദ്ഘാടന ചടങ്ങിൽ നിന്ന് പിണറായി വിജയൻ വിട്ടു നിന്നതെന്നാണ് വിവരം. തലസ്ഥാനത്തെ എല്ലാ എംഎൽമാരും പങ്കെടുത്ത പരിപാടിയിൽ സ്മാർട്ട് റോഡ് നിർമാണത്തിന്റെ പേരിൽ മന്ത്രി റിയാസിനോട് കൊമ്പ് കോർത്ത കടകം പള്ളിയുടെ അസാന്നിധ്യം ശ്രദ്ധേയമായി.
ക്രഡിറ്റ് തർക്കം വാർത്തയായതോടെ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. ആരോഗ്യകാരണങ്ങളാൽ ആണ് സ്മാർട്ട് റോഡ് ഉദ്ഘാടനത്തിൽ നിന്ന് വിട്ടുനിന്നതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാൽ ഉദ്ഘാടന ദിവസം ഉച്ചവരെയും പിറ്റേന്ന് രാവിലെ നടന്ന പൊതുപരിപാടികളിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. മന്ത്രി റിയാസ് നടത്തുന്ന അമിതാധികാര ഇടപെടലുകളിൽ മറ്റുചില മന്ത്രിമാർക്കും പാർട്ടിക്കുള്ളിലും കടുത്ത അതൃപ്തിയുണ്ട്.
Adjust Story Font
16

