Quantcast

''ഞാൻ പിടിച്ച മുയലിന് മൂന്ന് കൊമ്പെന്ന ദുരഭിമാനമില്ല''; അനുരാഗ് താക്കൂറുമായുള്ള സൗഹൃദത്തിന് വിശദീകരണവുമായി എംബി രാജേഷ്

ഇഛാഭംഗത്തിന്റെ മുറിവ് കാലത്തിനും ഉണക്കാൻ കഴിയാതെ പോയാൽ, ചില മനുഷ്യർ ഇങ്ങനെ പഴയത് മറന്ന് പരസ്പരവിരുദ്ധമായി സംസാരിക്കുമെന്ന് തൃത്താല മുൻ എംഎൽഎ വിടി ബൽറാമിനെ വ്യംഗമായി സൂചിപ്പിച്ച് സ്പീക്കര്‍ എബി രാജേഷ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    23 Nov 2021 11:50 AM GMT

ഞാൻ പിടിച്ച മുയലിന് മൂന്ന് കൊമ്പെന്ന ദുരഭിമാനമില്ല; അനുരാഗ് താക്കൂറുമായുള്ള സൗഹൃദത്തിന് വിശദീകരണവുമായി എംബി രാജേഷ്
X

ഡൽഹി വംശഹത്യയ്ക്ക് ആഹ്വാനം ചെയ്ത കേന്ദ്രമന്ത്രി അനുരാഗ് താക്കൂറുമായുള്ള സൗഹൃദം ആഘോഷിച്ച ഫേസ്ബുക്ക് കുറിപ്പിന് വിശദീകരണവുമായി തൃത്താല എംഎൽഎയും നിയമസഭാ സ്പീക്കറുമായ എംബി രാജേഷ്. വ്യക്തിബന്ധങ്ങൾക്കും സൗഹൃദങ്ങൾക്കും രാഷ്ട്രീയമുണ്ടെന്നും താക്കൂറിന്റെ തീവ്രനിലപാടുകളെ ചൂണ്ടിക്കാണിച്ച് ഉയർന്ന വിമർശനങ്ങളെ പൂർണമായും മാനിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നുവെന്നും രാജേഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.

അതേസമയം, രാഹുൽ ഗാന്ധിയെക്കുറിച്ച് നല്ല വാക്ക് പറഞ്ഞതിന് ആക്രമണം അഴിച്ചുവിട്ട വർഗീയവാദികളുടെ അതേഭാഷയും ശൈലിയുമായിരുന്നു ഒരുകൂട്ടം വിമർശകർക്കെന്നും രാജേഷ് കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധി പാർലമെന്റിൽ പ്രധാനമന്ത്രിയെ പരസ്യമായി ആലിംഗനം ചെയ്ത് സൗഹൃദം പ്രകടിപ്പിച്ചതിനെ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുമായി കൂട്ടിക്കുഴക്കേണ്ടെന്ന് വാശിയോടെ വാദിച്ചവരാണ് ചിത്രത്തിന്റെ പേരിൽ എന്റെ രാഷ്ട്രീയനിലപാടിനെ ചോദ്യം ചെയ്യുന്നത്. ഇഛാഭംഗത്തിന്റെ മുറിവ് കാലത്തിനും ഉണക്കാൻ കഴിയാതെ പോയാൽ, ചില മനുഷ്യർ ഇങ്ങനെ പഴയത് മറന്ന് പരസ്പരവിരുദ്ധമായി സംസാരിക്കും. അതിനെ ആ നിലയിലേ എടുക്കുന്നുള്ളൂവെന്നും തൃത്താല മുൻ എംഎൽഎ വിടി ബൽറാമിനെ വ്യംഗമായി ലക്ഷ്യമിട്ട് രാജേഷ് പറഞ്ഞു.

വർഗീയതക്കെതിരായി മതനിരപേക്ഷത സംരക്ഷിക്കാനുള്ള നിർണായകമായ പോരാട്ടം നടക്കുന്ന ഈ ചരിത്രസന്ദർഭത്തിൽ വിമർശനത്തിന്റെ ഉദ്ദേശശുദ്ധി ഞാൻ മനസിലാക്കുന്നു. സ്വയം വിമർശനം നടത്താനും ഭാവിയിൽ കൂടുതൽ ജാഗ്രത പുലർത്താനും എന്നെ അത് സഹായിക്കുകയും ചെയ്യും. വ്യക്തിബന്ധങ്ങൾ മുതൽ കുടുംബബന്ധങ്ങൾ വരെ ഏതും കക്ഷിരാഷ്ട്രീയത്തിനതീതമാകാമെങ്കിലും ആത്യന്തികമായി രാഷ്ട്രീയശരിക്കു മുകളിലല്ല എന്നതാണ് എന്റെ ഉറച്ചബോധ്യം. ആ രാഷ്ട്രീയബോധ്യമാണ്, അല്ലാതെ ഞാൻ പിടിച്ച മുയലിന് കൊമ്പ് മൂന്ന് എന്ന ദുരഭിമാന നിലപാടല്ല ഈ വിഷയത്തിൽ എന്നെ നയിക്കുന്നത്-രാജേഷ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഡൽഹി വംശഹത്യയിലേക്കു നയിച്ച പരസ്യ കൊലവിളി പ്രസംഗങ്ങൾക്ക് നേതൃത്വം നൽകിയ ബിജെപി നേതാക്കളിൽ പ്രധാനിയാണ് അനുരാഗ് താക്കൂർ. 'രാജ്യദ്രോഹികളെ' പരസ്യമായി വെടിവയ്ക്കണമെന്ന താക്കൂറിന്റെ പരസ്യ ആഹ്വാനം വംശഹത്യ ആളിപ്പടർത്തുന്നതിന് സഹായിച്ചതായി വസ്തുതാന്വേഷണങ്ങളിൽ തെളിഞ്ഞിരുന്നു.

അനുരാഗ് താക്കൂറുമായി ഒരു വ്യാഴവട്ടത്തിലേറെക്കാലത്തെ സൗഹൃദമാണുള്ളതെന്നാണ് എം.ബി രാജേഷ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞത്. പത്തുവർഷം പാർലമെന്റിൽ ഒരുമിച്ച് പ്രവർത്തിച്ചപ്പോൾ ശക്തിപ്പെട്ട സൗഹൃദമാണ് താക്കൂറുമായുള്ളതെന്നും പാർലമെന്റിൽ പരസ്പരം എതിർചേരിയിൽനിന്ന് വാദിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായ സൗഹൃദത്തിന് അതൊരിക്കലും തടസമായിരുന്നില്ലെന്നും കുറിപ്പിൽ ഓർമിക്കുന്നു. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് അനുരാഗ് താക്കൂറിനെ നേരിൽ കാണുന്നതെന്നും നേരിൽ കാണാനും സൗഹൃദം പുതുക്കാനും കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും എം.ബി രാജേഷ് പറഞ്ഞു.

അതേസമയം, മലയാള മനോരമ ഓൺലൈനിന് എംബി രാജേഷ് നൽകിയ അഭിമുഖത്തിൽ വിടി ബൽറാമുമായി അടുത്ത സൗഹൃദമില്ലെന്ന് രാജേഷ് വ്യക്തമാക്കിയിരുന്നു. തൃത്താലയിൽ എതിർ സ്ഥാനാർഥിയായിരുന്ന വിടി ബൽറാമുമായി സൗഹാർദം പുനഃസ്ഥാപിക്കാൻ സാധിച്ചോ എന്ന ചോദ്യത്തിനായിരുന്നു ബൽറാമുമായി അടുത്ത സൗഹൃദം മുൻപും ഇല്ലെന്ന് എംബി രാജേഷ് മറുപടി നൽകിയത്. ഈ സൗഹൃദമില്ലായ്മയിൽ താൻ സന്തോഷിക്കുന്നു, അഭിമാനിക്കുന്നുവെന്ന് ബൽറാം ഫേസ്ബുക്കിലൂടെ ഇതിനോട് പ്രതികരിക്കുകയും ചെയ്തിരുന്നു.

എംബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം

വ്യക്തിബന്ധങ്ങൾക്കും സൗഹൃദങ്ങൾക്കും രാഷ്ട്രീയമുണ്ടോ? ഉണ്ട് എന്നു തന്നെയാണ് അസന്ദിഗ്ധമായ ഉത്തരം. അവ കക്ഷിരാഷ്ട്രീയത്തിന് അതീതമാകാമെങ്കിലും രാഷ്ട്രീയത്തിന് അതീതമാവുകയില്ല.

എല്ലാവർക്കുമെന്ന പോലെ എനിക്കും കക്ഷി - ജാതി-മത-ലിംഗ ഭേദങ്ങൾക്കതീതമായ സൗഹൃദങ്ങളും വ്യക്തിബന്ധങ്ങളുമുണ്ട്. പാർലമെന്റിൽ പ്രവർത്തിച്ച കാലത്ത് കൂടുതൽ വിപുലമായ സൗഹൃദങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രതിപക്ഷത്തുള്ളവരിൽ ഏറ്റവും ഗാഢമായ വ്യക്തി ബന്ധം രാഹുൽ ഗാന്ധിയുമായിട്ടാണ് ഉണ്ടായിരുന്നത്. രാഹുൽ ഗാന്ധിയും ഈ വ്യക്തി ബന്ധത്തെക്കുറിച്ച് തന്നോട് സംസാരിച്ച കാര്യം കുറച്ചു ദിവസം മുമ്പ് ശ്രീ. രമേശ് ചെന്നിത്തല ഒരു പൊതു ചടങ്ങിൽ പറഞ്ഞത് വാർത്തയായിരുന്നല്ലോ.

ഡെക്കാൺ ക്രോണിക്കിളിന് 2014 ൽ നൽകിയ ഇന്റർവ്യൂവിൽ ഞാൻ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടിനോട് വിയോജിച്ചു കൊണ്ടു തന്നെ രാഹുൽ ഗാന്ധി എന്ന വ്യക്തിയെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞിരുന്നു. വർഗീയ വാദികൾ ദേശീയ തലത്തിൽതന്നെ അദ്ദേഹത്തെ പരിഹാസപ്പേരിട്ട് ആസൂത്രിതമായി വ്യക്തിഹത്യ നടത്തിയിരുന്ന കാലത്തായിരുന്നു അത് എന്നോർക്കണം.എന്റെ ആ നല്ല വാക്കുകൾ വ്യക്തിഹത്യക്ക് നേതൃത്വം കൊടുത്തവരെ പ്രകോപിപ്പിച്ചു. അവർ എനിക്കെതിരെയും അതിന്റെ പേരിൽ കടന്നാക്രമണം നടത്തി. ഞാൻ അത് അവഗണിച്ചിട്ടേയുള്ളൂ എതിർ പക്ഷത്തുള്ളവരെ വ്യക്തിഹത്യ നടത്തുന്ന വിധമുള്ള പരാമർശങ്ങൾ ഞാൻ ഒരിക്കലും നടത്തിയിട്ടില്ല. രാഹുൽ ഗാന്ധി മുതൽ ബഹു. പ്രതിപക്ഷ നേതാവ് അടക്കം എല്ലാവരെക്കുറിച്ചും വ്യക്തിപരമായി നല്ലത് മാത്രമേ പറഞ്ഞിട്ടുള്ളൂ.എന്നാൽ രാഷ്ട്രീയമായി ശക്തമായി വിമർശിക്കേണ്ടി വന്നപ്പോളൊന്നും അതിൽ ഒരിളവും കാണിച്ചിട്ടുമില്ല.

ഒരാഴ്ച മുമ്പ് ഷിംലയിൽ ഔദ്യോഗിക യോഗത്തിൽ കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിനൊപ്പമുള്ള ചിത്രവും കുറിപ്പും ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതിനെക്കുറിച്ച് രണ്ടു തരത്തിലുള്ള പ്രതികരണങ്ങളുണ്ടായി. ഒന്ന് ആസൂത്രിതമായി സൃഷ്ടിക്കപ്പെട്ടതായിരുന്നു. ഞാൻ എന്നും ഉയർത്തിപ്പിടിച്ച, വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷ നിലപാടിനെ മുഴുവൻ റദ്ദാക്കാനുള്ള വ്യഗ്രത ഈ ആസൂത്രിത നീക്കത്തിൽ മുഴച്ചു നിന്നിരുന്നു. രാഹുൽ ഗാന്ധിയെക്കുറിച്ച് നല്ല വാക്ക് പറഞ്ഞതിന് ആക്രമണം അഴിച്ചുവിട്ട വർഗീയ വാദികളുടെ അതേ ഭാഷയും ശൈലിയുമായിരുന്നു ഇവർക്കും. രാഹുൽ ഗാന്ധി പാർലമെന്റിൽ വച്ച് പ്രധാനമന്ത്രിയെ പരസ്യമായി ആലിംഗനം ചെയ്ത് സൗഹൃദം പ്രകടിപ്പിച്ചതിനെ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുമായി കൂട്ടിക്കുഴക്കേണ്ടെന്ന് (അത് ശരിയുമാണ്) വാശിയോടെ വാദിച്ചവരാണ് ചിത്രത്തിന്റെ പേരിൽ എന്റെ രാഷ്ട്രീയ നിലപാടിനെ ചോദ്യം ചെയ്യുന്നത്.അന്ന് Hate the sin, not the sinner എന്ന ഗാന്ധി വചനമൊക്ക ഉദ്ധരിച്ചായിരുന്നു വാദമുഖങ്ങൾ.ഇഛാഭംഗത്തിന്റെ മുറിവ് കാലത്തിനും ഉണക്കാൻ കഴിയാതെ പോയാൽ, ചില മനുഷ്യർ ഇങ്ങനെ പഴയതു മറന്ന് പരസ്പര വിരുദ്ധമായി സംസാരിക്കും. അതിനെ ആ നിലയിലേ എടുക്കുന്നുള്ളൂ.

എന്നാൽ മറ്റു ചിലർ ഉയർത്തിയ വിമർശനം അങ്ങനെയല്ല. ദൽഹി വംശഹത്യക്ക് നിദാനമായ വിദ്വേഷ പ്രസംഗം നടത്തിയ അനുരാഗ് താക്കൂറിന്റെ തീവ്ര നിലപാടുകളെ ചൂണ്ടിക്കാണിച്ച് അവർ ഉയർത്തിയ വിമർശനം ന്യായവും പ്രസക്തവുമാണ്. അതിനെ പൂർണ്ണമായും മാനിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നു. വർഗീയതക്കെതിരായി മതനിരപേക്ഷത സംരക്ഷിക്കാനുള്ള നിർണായകമായ പോരാട്ടം നടക്കുന്ന ഈ ചരിത്ര സന്ദർഭത്തിൽ ആ വിമർശനത്തിന്റെ ഉദ്ദേശശുദ്ധി ഞാൻ മനസിലാക്കുന്നു. സ്വയം വിമർശനം നടത്താനും ഭാവിയിൽ കൂടുതൽ ജാഗ്രത പുലർത്താനും എന്നെ അത് സഹായിക്കുകയും ചെയ്യും. വ്യക്തിബന്ധങ്ങൾ മുതൽ കുടുംബ ബന്ധങ്ങൾ വരെ ഏതും കക്ഷിരാഷ്ട്രീയത്തിനതീതമാകാമെങ്കിലും ആത്യന്തികമായി രാഷ്ട്രീയ ശരിക്കു മുകളിലല്ല എന്നതാണ് എന്റെ ഉറച്ച ബോധ്യം. ആ രാഷ്ട്രീയ ബോധ്യമാണ് അല്ലാതെ ഞാൻ പിടിച്ച മുയലിന് കൊമ്പ് മൂന്ന് എന്ന ദുരഭിമാന നിലപാടല്ല ഈ വിഷയത്തിൽ എന്നെ നയിക്കുന്നത്.

Summary: Trithala MLA and Assembly Speaker MB Rajesh commented on a Facebook post celebrating his friendship with Union Minister Anurag Thakur, who called for the Delhi genocide. In a Facebook post, Rajesh said that personal relationships and friendships have politics and that he fully respects and agrees with criticism mentioning about Thakur's extremist ideology.

TAGS :

Next Story