പാലക്കാട് മീനാക്ഷിപുരം ചെക്ക്‌പോസ്റ്റ് പ്രവർത്തിക്കുന്നത് വാടക നൽകാതെ; കെട്ടിട ഉടമ ദുരിതത്തിൽ
കെട്ടിടം ഒഴിഞ്ഞ് തരണമെന്ന് ആവശ്യപെട്ടിട്ടും ഉദ്യോഗസ്ഥർ അത് അംഗീകരിക്കുന്നില്ലെന്നും കെട്ടിട ഉടമ പറയുന്നു

പാലക്കാട്: മോട്ടോർ വാഹന വകുപ്പിന്റെ പാലക്കാട് മീനാക്ഷിപുരം ചെക്ക്‌പോസ്റ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് ഒൻപത് വർഷമായി വാടക നൽകുന്നില്ല. കെട്ടിടം ഒഴിഞ്ഞ് തരണമെന്ന് ആവശ്യപെട്ടിട്ടും ഉദ്യോഗസ്ഥർ അത് അംഗീകരിക്കുന്നില്ലെന്നും കെട്ടിട ഉടമ പറയുന്നു. സ്വന്തം കെട്ടിടം പൊളിച്ചുപണിയാൻ പോലും കഴിയാതെ പ്രതിസന്ധിയിലാണ് കെട്ടിട ഉടമ.
2004 മുതലാണ് ഈ ചെറിയ കെട്ടിടത്തിൽ മീനാക്ഷിപുരം ചെക്ക്‌പോസ്റ്റ് പ്രവർത്തിച്ച് വരുന്നത്. പല സ്ഥലത്തും ഒരോ വർഷവും വാടക കൂട്ടും. 2004 ലെ വാടകയിൽ ഇതുവരെ ഒരുമാറ്റവും വരുത്തിയിട്ടില്ല . 2016 മുതൽ മോട്ടോർ വാഹന വകുപ്പ് വാടക നൽകുന്നില്ല . 9 വർഷമായി വാടക നൽകാതെയാണ് മോട്ടോർ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റ് പ്രവർത്തിക്കുന്നത് . കെട്ടിടം ഒഴിഞ്ഞ് തന്നാൽ പുതുക്കി പണിത് മറ്റ് ആർക്കെങ്കിലും വാടകക്ക് നൽകാം . കെട്ടിടം ഒഴിഞ്ഞു കൊടുക്കാനും ഉദ്യോഗസ്ഥർ തയ്യാറല്ല.
പഴയ വീടാണ് ചെക്ക് പോസ്റ്റായി പ്രവർത്തിക്കുന്നത്. നേരത്തെ വീടിന് ചെറിയ പണമാണ് നികുതിയായി നൽകിയിരുന്നത്. ആർടിഒ ചെക്ക് പോസ്റ്റിന് വാടകക്ക് നൽകിയതിനാൽ കെട്ടിട നികുതിയായും കൂടുതൽ പണം ഉടമയടക്കണം. മീനക്ഷിപുരത്തെ നിലവിലുള്ള ചെക്ക് പോസ്റ്റ് നിർത്തലാക്കുകയാണെന്നും വെർച്ചൽ ചെക്ക് പോസ്റ്റ് ഉടൻ വരുമെന്നും പാലക്കാട് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു. വാടക കുടിശ്ശിക വേഗത്തിൽ നൽകാൻ നടപടികൾ സ്വീകരിക്കുമെന്നും ആർടിഒ അറിയിച്ചു.
Adjust Story Font
16

