Quantcast

സ്‌പോർട്ട്‌സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം മേഴ്‌സിക്കുട്ടൻ രാജി വയ്ക്കും

സിപിഎം ആവശ്യപ്പെട്ടത് പ്രകാരമാണ് രാജി

MediaOne Logo

Web Desk

  • Updated:

    2023-02-04 11:25:21.0

Published:

4 Feb 2023 11:18 AM GMT

Mercykkuttan sports council president
X

സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മേഴ്‌സിക്കുട്ടൻ രാജിവെക്കും. സിപിഎം ആവശ്യപ്പെട്ടത് പ്രകാരമാണ് രാജി. വൈസ് പ്രസിഡന്റിനോടും 5 സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളോടും രാജിവെക്കാൻ പാർട്ടി ആവശ്യപ്പെട്ടിടുണ്ട്.

കായിക മന്ത്രി വി അബ്ദുറഹിമാനുമായുള്ള അസ്വാരസ്യങ്ങളെ തുടർന്നാണ് പാർട്ടി രാജി ആവശ്യപ്പെട്ടത് എന്നാണ് സൂചന. 2019ൽ ടി.പി ദാസന്റെ പിൻഗാമിയായാണ് മേഴ്‌സിക്കുട്ടൻ സ്‌പോർട്ട്‌സ് കൗൺസിലിന്റെ തലപ്പത്തേക്ക് വരുന്നത്. കായികതാരം തന്നെ സ്‌പോർട്ട് കൗൺസിലിന്റെ തലപ്പത്തുണ്ടാവണം എന്ന മുൻ കായികമന്ത്രി ഇ.പി ജയരാജന്റെ നിർദേശപ്രകാരമായിരുന്നു നിയമനം.

എന്നാൽ പദവിയിൽ കാര്യമായ പേര് നേടിയെടുക്കാൻ മേഴ്‌സിക്കുട്ടന് സാധിച്ചിരുന്നില്ല. നിലവിലെ കായികമന്ത്രി വി.അബ്ദുറഹിമാനുമായി യോജിച്ചുപോകാൻ കഴിയാതിരുന്നതും ചർച്ചയായിരുന്നു. പ്രസിഡന്റ് സ്ഥാനത്ത് അഞ്ച് വർഷം പൂർത്തിയാക്കാൻ ഒരു വർഷം ബാക്കി നിൽക്കേയാണ് മേഴ്‌സിക്കുട്ടനോടും വൈസ് പ്രസിഡന്റിനോടും പാർട്ടി രാജി ആവശ്യപ്പെട്ടിരിക്കുന്നത്.

കായികതാരങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക സൗകര്യങ്ങളുമെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ വലിയ വിവാദമായിരുന്നു. താരങ്ങൾക്ക് പണം കൊടുക്കാതെ സർക്കാർ എന്തു ചെയ്യുകയാണെന്നതടക്കം വിമർശനമുയർന്നതോടെ പണം നൽകണമെന്നാവശ്യപ്പെട്ട് മന്ത്രിയ്‌ക്കെതിരെ മേഴ്‌സിക്കുട്ടൻ പരസ്യമായി രംഗത്തെത്തി. ഇതോടെ ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയെന്നോണമാണ് പാർട്ടി രാജി ആവശ്യപ്പെട്ടിരിക്കുന്നത്. രാജിക്കാര്യം പാർട്ടി ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് സംഭവത്തിൽ മേഴ്‌സിക്കുട്ടന്റെ പ്രതികരണം.

TAGS :

Next Story