Quantcast

ആൾക്കൂട്ട മർദനമേറ്റ ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

ഉത്തർപ്രദേശ് ബസന്ത്പൂർ സ്വദേശി നയിം സൽമാനിയാണ് കുഴഞ്ഞു വീണു മരിച്ചത്

MediaOne Logo

Web Desk

  • Published:

    28 Dec 2025 5:56 PM IST

ആൾക്കൂട്ട മർദനമേറ്റ ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
X

കണ്ണൂർ: കണ്ണൂർ ശ്രീകണ്ഠപുരത്ത് ആൾക്കൂട്ട മർദനമേറ്റ ഉത്തർപ്രദേശ് സ്വദേശി കുഴഞ്ഞ് വീണ് മരിച്ചതിൽ ദുരൂഹത. ചേപ്പറമ്പിലെ ബാർബർ തൊഴിലാളി ബസന്ത്പൂർ സ്വദേശി നയിം സൽമാനിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയരുന്നത്. ഹൃദ്രോഗിയായ നയിമിനെ കടയിൽ വച്ച് ഒരു സംഘം മർദിച്ചിരുന്നു. പിന്നീട് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. സംഭവത്തിൽ ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തു.

മുടിവെട്ടിയതിന്റെ കൂലിയുമായി ബന്ധപ്പെട്ട് ക്രിസ്മസ് തലേന്ന് ജിസ് വർഗീസ് എന്ന ചെറുപ്പക്കാരൻ നയിമുമായി കശപിശ ഉണ്ടായിരുന്നു.അടുത്ത ദിവസം സുഹൃത്തുക്കളുമായി എത്തിയ ജിസ് കടയിൽ ജോലി ചെയ്യുന്ന നയിമിനെയും മകനെയും ആക്രമിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവർ ഇടപെട്ട് സംഘർഷം തടഞ്ഞു. എന്നാൽ രാത്രി ഇതേ സംഘം കൊട്ടൂർ വയലിലെ താമസ സ്ഥലത്ത് എത്തി നയിം ഉപയോഗിക്കുന്ന സ്‌കൂട്ടർ അടിച്ചു തകർത്തു. മാറിത്താമസിച്ചതു കാരണം അക്രമത്തിന് ഇരയായില്ല. എന്നാൽ, അടുത്ത ദിവസം രാവിലെ ശ്രീകണ്ഠപുരം ടൗണിൽ നയിമിനെ മരിച്ച നിലയിൽ കണ്ടെത്തി.

മരണ കാരണം ഹൃദയാഘാതം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ജിസ് വർഗീസും സംഘവും നടത്തിയ അക്രമവും ഭീഷണിയും കാരണമാണ് നയിം മരിച്ചതെന്നാണ് ആരോപണം. കടയിൽ വെച്ച് നയിമിനെ അക്രമി സംഘം മർദിക്കുന്നത് നേരിൽ കണ്ടവരുണ്ട്. അസ്വാഭാവിക മരണത്തിനും കടയിൽ കയറി അക്രമിച്ചതിനും ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം നയിമിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി.

TAGS :

Next Story