'വൈറ്റില മേല്‍പ്പാലം തല്ലിപ്പൊട്ടിച്ച് കളയണം, റോഡിലൂടെ വാഹനം പോകുന്നത് ചിന്തിക്കാതെ പാലം പണിതു '; മന്ത്രി ഗണേഷ് കുമാര്‍
പുതുക്കി പണിയാന്‍ ഒന്നരക്കോടി അനുവദിച്ചിട്ടുണ്ടെന്നും എത്രത്തോളം ശരിയാകുമെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു

വൈറ്റില: എറണാകുളം വൈറ്റില മേൽപ്പാലം പൊളിക്കണമെന്ന ഗാതാഗതമന്ത്രി ഗണേഷ് കുമാറിന്റെ പ്രസ്താവന ചർച്ചയാവുന്നു. ഗതാഗതക്കുരക്ക് രൂക്ഷമാകാൻ പാലമാണ് കാരണമെന്നാണ് മന്ത്രിയുടെ വാദം. പുതുക്കി പണിയാൻ ഒന്നരക്കോടി അനുവദിച്ചതായും മന്ത്രി പറഞ്ഞു. മേൽപാലത്തിൻ്റെ തൂണുകൾ സ്ഥാപിച്ചതിൽ പിഴവുണ്ട്. അശാസ്ത്രീയ നിർമാണം നീക്കണമെന്നും മന്ത്രി പറഞ്ഞു. ഒന്നാംപിണറായി സർക്കാരിന്റെ കാലത്താണ് വൈറ്റില പാലം നിർമ്മിച്ചത്.
'എറണാകുളത്ത് വൈറ്റിലയിൽ ഒരു ഫ്‌ളൈ ഓവറുണ്ട്. അശാസ്ത്രീയമായി തൂണുകൾ അവിടെയും ഇവിടെയും വെച്ചു. റോഡിൽക്കൂടി വണ്ടി പോകുന്നത് ചിന്തിക്കാതെ പാലം പണിതു. താഴെക്കൂടെ വണ്ടിപോകുമെന്ന കാര്യം പാലം പണിതയാൾ ചിന്തിച്ചില്ല. അയാളെ സംബന്ധിച്ച് പാലം പണിയുക എന്നത് മാത്രമായിരുന്നു ഉണ്ടായിരുന്നത്. പാലം പണിയുമ്പോൾ കൃത്യമായി താഴത്തെ ട്രാഫിക് കൂടി പരിഗണിച്ച് അത് ടേൺ ചെയ്യാനുള്ള സൗകര്യം കൂടെ കൊടുത്ത് തൂൺ പണിതിരുന്നെങ്കിൽ പാലത്തിന് ബലം കിട്ടിയേനേ. പാലത്തിന് താഴെയുള്ള കുരുക്കഴിക്കാൻ വലിയ പ്രയാസമാണ്. അത് തല്ലിപ്പൊട്ടിച്ച് കളഞ്ഞ് പുതുക്കി പണിയാനാണ് ഒന്നരക്കോടി അനുവദിച്ചത്.എന്നാലും എത്രത്തോളം ശരിയാകുമെന്ന് അറിയില്ല'. മന്ത്രി പറഞ്ഞു.
അതേസമയം, മന്ത്രി ഗണേഷ് കുമാറിനെ തള്ളി മുൻ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ. വൈറ്റില മേൽപ്പാലം വന്നതോടെ ഗതാഗതക്കുരുക്ക് മാറിയെന്ന് സുധാകരന്‍ മീഡിയവണിനോട് പറഞ്ഞു. രണ്ടുമാസം മുമ്പും താൻ ആ വഴി പോയതാണ്. മൊത്തം ഗതാഗത സംവിധാനങ്ങളുടെ ഭാഗമായി കുരുക്കുണ്ടാവാം. തല്ലി പൊളിക്കണമെന്ന് ഗണേഷ് പറയുന്നത് ശരിയല്ലെന്നും ജി.സുധാകരൻ പറഞ്ഞു.
Adjust Story Font
16

