Quantcast

സ്ത്രീയുടെ സ്ഥാനം വീട്ടിനകത്താണെന്ന് കരുതുന്ന സംഘപരിവാര അനുയായികൾക്ക് ഞാന്‍ പറഞ്ഞത് താങ്ങാൻ പറ്റില്ല: ആര്‍ ബിന്ദു

ട്രോളുകൾ നന്നായെന്നും അങ്ങനെയെങ്കിലും താൻ അവതരിപ്പിച്ച രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുമല്ലോയെന്നും മന്ത്രി

MediaOne Logo

Web Desk

  • Updated:

    2023-06-15 04:54:35.0

Published:

15 Jun 2023 4:46 AM GMT

minister r bindu explains the metaphor woman bearing her house in head
X

തിരുവനന്തപുരം: തന്‍റെ ഇംഗ്ലീഷ് പ്രസംഗത്തിലെ ചില പരാമര്‍ശങ്ങളെ ട്രോളുന്നവര്‍ക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. സ്ത്രീ അവളുടെ വീടിനെ തലയില്‍ ചുമക്കുന്നുവെന്ന് പറഞ്ഞത് സമൂഹത്തില്‍ സ്ത്രീകളുടെ അവസ്ഥയെ സൂചിപ്പിക്കാനാണെന്ന് മന്ത്രി വിശദീകരിച്ചു. വ്യക്തമായ ധാരണയോടെയാണ് ആ വാചകം പറഞ്ഞത്. ട്രോളുകൾ നന്നായെന്നും അങ്ങനെയെങ്കിലും താൻ അവതരിപ്പിച്ച രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുമല്ലോയെന്നും മന്ത്രി പറഞ്ഞു.

എപ്പോഴും വീടിനെ തലയില്‍ ചുമക്കരുതെന്ന (Don't take your house in your head all the time) പ്രയോഗം ആദ്യം കേൾക്കുന്നത് ജെ.എൻ.യുവിൽ തന്റെ സൂപ്പർവൈസർ ആയിരുന്ന, സ്ത്രീപക്ഷ രാഷ്ട്രീയം സംബന്ധിച്ച് ശ്രദ്ധേയമായ പുസ്തകങ്ങൾ രചിച്ച അധ്യാപികയിൽ നിന്നാണെന്ന് ആര്‍ ബിന്ദു പറഞ്ഞു. കഴിഞ്ഞ മുപ്പതിലേറെ വർഷങ്ങളായി സ്ത്രീകളുടെ സദസ്സുകളിൽ എത്രയോ തവണ അത് പറഞ്ഞിട്ടുണ്ട്. സ്ത്രീപക്ഷ രാഷ്ട്രീയ നിലപാടുകളുള്ള ഒരുപാടുപേര്‍ തങ്ങളുടെ രചനകളിൽ ഈ ആശയം ഉപയോഗിച്ചിട്ടുണ്ട്. ഈ ആശയ പരിസരങ്ങളെ പരിചയമുള്ളവർക്ക് അത് മനസ്സിലാകുമെന്നും മന്ത്രി വിശദീകരിച്ചു.

ഡല്‍ഹിയില്‍ പെൺകുട്ടി ക്രൂരമായ കൂട്ടാബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ടപ്പോൾ, ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത് പറഞ്ഞത് വീടിനു ചുറ്റും ഒരു ലക്ഷ്മണരേഖയുണ്ടെന്നും അത് ലംഘിക്കുന്നവർക്ക് ദുരന്തമായിരിക്കും ഉണ്ടാവുക എന്നുമാണ്. സ്ത്രീയുടെ സ്ഥാനം വീട്ടിനകത്താണ് എന്നും അത് ലംഘിച്ച് പഠിക്കാൻ പോയതിന് കിട്ടിയ പ്രതിഫലമാണ് ഇത്തരം മരണമെന്നും പറയുന്ന തരത്തിലുള്ള സംഘപരിവാര നേതാക്കളുടെ അനുയായികൾക്ക് താങ്ങാൻ പറ്റുന്നതല്ല താൻ പറഞ്ഞ കാര്യങ്ങളെന്നും മന്ത്രി വിമര്‍ശിച്ചു. താനുപയോഗിച്ച അതേ പ്രയോഗം ടൈറ്റിൽ ആക്കിയ രണ്ട് ഇംഗ്ലീഷ് പുസ്തകങ്ങളുടെ പുറം ചട്ടകളും ആര്‍ ബിന്ദു ഫേസ് ബുക്കില്‍ പങ്കുവെച്ചു.

ഇന്ത്യ ടുഡേ സംഘടിപ്പിച്ച സൗത്ത് കോൺക്ലേവിലെ മന്ത്രിയുടെ പ്രസംഗത്തിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും പരിഹാസങ്ങളും നിറഞ്ഞത്. 'എന്താണ് നിങ്ങളുടെ ദിനചര്യ?' എന്ന് അവതാരക ചോദിച്ചപ്പോള്‍ മന്ത്രിയുടെ മറുപടി ഇങ്ങനെയായിരുന്നു- "മന്ത്രി എന്ന നിലയിൽ എനിക്ക് ജനങ്ങളെ കാണേണ്ടതുണ്ട്. അതൊരു തിരക്കേറിയ ഷെഡ്യൂൾ ആണ്. ഇതോടൊപ്പം തന്നെ കുടുംബപരമായ ചുമതലയും ഉണ്ട്. എവിടെയൊക്കെ ഞാൻ പോകുന്നുവോ അവിടെയൊക്കെ ഞാൻ എന്റെ വീടും തലയിലേറ്റിയാണ് പോകുന്നത്" എന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇതിൽനിന്നുള്ള ഭാഗമാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. കോളജില്‍ ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്ന മന്ത്രിക്ക് ഇംഗ്ലീഷ് അറിയില്ല എന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പരിഹാസം. ഇതോടെയാണ് വിശദീകരണവുമായി മന്ത്രി തന്നെ രംഗത്തെത്തിയത്.


Yes, I purposefully used the metaphor of a woman bearing her house in her head to denote the cloistered condition of...

Posted by Dr. R. Bindu on Wednesday, June 14, 2023


TAGS :

Next Story