പരാതികൾ പരിശോധിക്കും, ചർച്ചയ്ക്ക് തയാർ; ഭിന്നശേഷി അധ്യാപക നിയമനത്തിൽ സർക്കാർ അയയുന്നു
ക്രൈസ്തവ സഭകൾ വിമർശനവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് സർക്കാരിന്റെ പുതിയ നീക്കം.

Photo|Special Arrangement
തിരുവനന്തപുരം: ഭിന്നശേഷി അധ്യാപക നിയമനത്തിൽ സർക്കാർ അയയുന്നു. ഇക്കാര്യത്തിൽ വിമർശനം ഉന്നയിക്കുന്നവരുമായി ചർച്ചയ്ക്ക് തുറന്ന മനസാണെന്നും പരാതികൾ പരിശോധിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോടതിവിധികൾക്കനുസരിച്ചാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും അഡ്വക്കേറ്റ് ജനറലിനോട് ഒരിക്കൽക്കൂടി നിയമോപദേശം പരിശോധിക്കാൻ ആവശ്യപ്പെടുമെന്നും വി.ശിവൻകുട്ടി പറഞ്ഞു. ക്രൈസ്തവ സഭകൾ വിമർശനവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് സർക്കാരിന്റെ പുതിയ നീക്കം.
സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിയമനം നടപ്പാക്കുന്നതെന്നും അതിൽനിന്ന് പിന്നോട്ടുപോവാൻ സർക്കാരിന് കഴിയില്ലെന്നുമാണ് മന്ത്രി നിയമസഭയിൽ പറഞ്ഞത്. സർക്കാർ നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് സഭകളിൽ നിന്നും മാനേജ്‌മെന്റുകളിൽനിന്നും ഉണ്ടായത്. ഇന്ന് തൃശൂർ ഓർത്തഡോക്‌സ് സഭ മാധ്യമവിഭാഗം അധ്യക്ഷൻ ദിയോസ്‌കോറസ് മെത്രാപ്പൊലീത്തയും സർക്കാരിനെതിരെ രംഗത്തുവന്നിരുന്നു. കൂടാതെ, സഭകളിൽനിന്ന് മുഖ്യമന്ത്രിക്ക് പരാതി ലഭിക്കുകയും ചെയ്തു.
പരാതി മുഖ്യമന്ത്രി വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സർക്കാർ അയഞ്ഞത്. നേരത്തെ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഭിന്നശേഷി അധ്യാപക നിയമനം നടപ്പാക്കാനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ടുപോയത്. വിഷയത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരം കാണാമെന്നാണ് മന്ത്രി പറയുന്നത്. സമവായ ചർച്ചകൾ ഏത് രീതിയിലായിരിക്കുമെന്ന് വരുംദിവസങ്ങളിൽ വ്യക്തമാകും.
Adjust Story Font
16

