Quantcast

വഖഫ് നിയമനങ്ങൾ പിഎസ്‌സി വഴി തന്നെ; തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വി അബ്ദുറഹ്‌മാൻ

കേരളത്തിൽ പച്ചയും യുപിയിൽ കാവിയുമുടുത്ത് നടക്കുന്നവരാണ് വഖഫ് ഭൂമി കൈമാറിയതെന്ന് ലീഗിനെ പരിഹസിച്ച് മന്ത്രി വി അബ്ദുറഹ്‌മാൻ

MediaOne Logo

Web Desk

  • Updated:

    2022-03-15 05:15:03.0

Published:

15 March 2022 4:15 AM GMT

വഖഫ് നിയമനങ്ങൾ പിഎസ്‌സി വഴി തന്നെ; തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വി അബ്ദുറഹ്‌മാൻ
X

സംസ്ഥാനത്തെ വഖഫ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വി അബ്ദുറഹ്‌മാൻ. ആശങ്ക അറിയിച്ച സംഘടനകളുമായി ചർച്ച നടത്തുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്നത് സുതാര്യ നിലപാടാണെന്നും മന്ത്രി പറഞ്ഞു. പൊതു ആവശ്യങ്ങൾക്ക് വഖഫ് ഭൂമി കൈമാറ്റം ചെയ്യാൻ പറ്റില്ലെന്നും ഇക്കാര്യത്തിൽ മുസ്‌ലിം ലീഗിന്റെ സഹായം സർക്കാരിന് വേണ്ടേന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ പച്ചയും യുപിയിൽ കാവിയുമുടുത്ത് നടക്കുന്നവരാണ് വഖഫ് ഭൂമി കൈമാറിയതെന്ന് ലീഗിനെ പരിഹസിച്ച് മന്ത്രി വി അബ്ദുറഹ്‌മാൻ പറഞ്ഞു. കുറ്റിക്കാട്ടൂരിൽ തളിപ്പറമ്പും കൈമാറ്റിയ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കാസർകോട് ടാറ്റയുമായി ചേർന്ന് ആശുപത്രി നിർമിക്കുന്നതിന് നടപടി പുരോഗമിക്കുന്നുവെന്നും ഇതിനായി ഭൂമി ഏറ്റെടുത്ത് നടപടികൾ സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചോദ്യോത്തര വേളയിൽ ചില കീഴ്‌വഴക്കങ്ങളുണ്ടെന്നും അതു പാലിക്കണമെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു. മന്ത്രിമാർ പ്രകോപനകരമായി മറുപടി പറയുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വഖഫ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടാനുള്ള തീരുമാനത്തിനെതിരെ മുസ്‌ലിം സംഘടനകൾ കടുത്ത പ്രതിഷേധമുയർത്തിയിരുന്നു. മുസ്‌ലിംലീഗിന്റെ നേതൃത്വത്തിൽ സംഘടനകൾ സംയുക്തസമരത്തിനിറങ്ങിയെങ്കിലും സമസ്ത പിൻവാങ്ങുകയായിരുന്നു. പള്ളികളിൽ പ്രതിഷേധം നടത്തുന്നതുമായി ബന്ധപ്പെട്ട് വിവാദത്തെ തുടർന്നായിരുന്നു പിന്മാറ്റം. പ്രതിഷേധമല്ല, ബോധവത്കരണമാണ് പള്ളികളിൽ നടത്താൻ ഉദ്യേശിച്ചതെന്ന് ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പിന്നീട് വ്യക്തമാക്കിയിരുന്നു. വഖഫ് നിയമനം പിഎസ്സിക്ക് വിട്ടതിനെതിരെ പള്ളികളിൽ നടക്കുന്ന പ്രചാരണം തടയണമെന്ന് സിപിഎം ആഹ്വാനം ചെയ്തിരുന്നു. ഇത് പള്ളികളിൽ സംഘർഷാവസ്ഥ സൃഷ്ടിക്കാനാണെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം വിമർശിക്കുകയും ചെയ്തിരുന്നു.

വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. സമസ്ത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. വഖഫ് ബോർഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാരിനെ അറിയിച്ചത്. സർക്കാരിന്റെ നിർദേശമായിരുന്നില്ല അത്. അതുകൊണ്ടു തന്നെ സർക്കാരിന് ഇക്കാര്യത്തിൽ പ്രത്യേക വാശിയൊന്നുമില്ല എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. മുസ്ലിം സംഘടനകളുമായി വിശദമായ ചർച്ച നടത്തും, തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരും. നിയമനം പിഎസ്സിക്ക് വിടുന്നതിലൂടെ മുസ്ലിം വിഭാഗത്തിൽ പെടാത്തവർക്കും വഖഫ് ബോർഡിൽ ജോലി കിട്ടും എന്ന പ്രചാരണം സമസ്ത നേതാക്കൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. വസ്തുതാവിരുദ്ധമായ പ്രചാരണമാണ് അതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരം ഒരാശങ്കക്കും അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് സമസ്ത നേതാക്കൾ പ്രതികരിച്ചു. ആശങ്കകൾ പരിഹരിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. തിരക്കിട്ട് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. തുടർനടപടികൾ സമസ്ത പ്രസിഡന്റ് അടക്കമുള്ളവരുമായി ചർച്ച നടത്തിയ ശേഷം തീരുമാനിക്കുമെന്നും നേതാക്കൾ പറഞ്ഞിരുന്നു. സമസ്ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാർ, അബ്ദുസമദ് പൂക്കോട്ടൂർ, ഉമർ ഫൈസി മുക്കം എന്നിവരാണ് സമസ്തയെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തിരുന്നത്.

Minister V Abdurahman said that the decision to leave the Waqf appointments in the state to PSC will go ahead

TAGS :

Next Story