Quantcast

സാഹചര്യം വഷളാകുമ്പോൾ കേന്ദ്രം ആവശ്യമായ നടപടികള്‍ സ്വീകരിക്കും: വി മുരളീധരന്‍

'എന്തുകൊണ്ട് കേരളത്തിലിങ്ങനെ കൊലപാതകങ്ങളും ഗുണ്ടാ ആക്രമണങ്ങളും നടക്കുന്നതെന്ന് ചോദിക്കേണ്ടത് പിണറായി വിജയനോട്'

MediaOne Logo

Web Desk

  • Published:

    16 April 2022 12:27 PM GMT

സാഹചര്യം വഷളാകുമ്പോൾ കേന്ദ്രം ആവശ്യമായ നടപടികള്‍ സ്വീകരിക്കും: വി മുരളീധരന്‍
X

പാലക്കാട്: കേരളത്തില്‍ ക്രമസമാധാന നില വഷളാകുന്നു എന്നത് ആശങ്ക ഉണ്ടാക്കുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. സാഹചര്യം വഷളാകുമ്പോൾ ഫെഡറല്‍ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. നിയാനുസൃതമായ മാര്‍ഗത്തിലൂടെയായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

"മുഖ്യമന്ത്രി നേരിട്ട് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന ഒരു സംസ്ഥാനത്ത് ഇത്രയും കുത്തഴിഞ്ഞ രീതിയില്‍ കാര്യങ്ങള്‍ നീങ്ങുന്നു എന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. നിങ്ങളാരും അദ്ദേഹത്തോട് ഇക്കാര്യമെന്താ ചോദിക്കാത്തതെന്ന് എനിക്കു തന്നെ തോന്നാറുണ്ട്. എന്നോട് ഇതൊക്കെ ചോദിക്കുന്നു. വാസ്തവത്തില്‍ ചോദിക്കേണ്ടത് ശ്രീ പിണറായി വിജയനോടാണ്- എന്തുകൊണ്ട് കേരളത്തിലിങ്ങനെ നിരന്തരമായി കൊലപാതകങ്ങളും ഗുണ്ടാ ആക്രമണങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും നടക്കുന്നതെന്ന്"- മുരളീധരന്‍ പറഞ്ഞു.

പാലക്കാട് ആർഎസ്എസ് നേതാവ് എസ്.കെ ശ്രീനിവാസനെ ആറംഗസംഘം കടയിൽ കയറി വെട്ടിക്കൊന്നതിന് പിന്നാലെയാണ് വി മുരളീധരന്‍റെ പ്രതികരണം. പാലക്കാട് നഗരത്തിലെ പച്ചക്കറി മാർക്കറ്റിന് സമീപമുള്ള കടയില്‍ കയറി വെട്ടുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പി ആരോപിച്ചു. ബൈക്കിലെത്തിയ സംഘമാണ് ശ്രീനിവാസനെ വെട്ടിയത്. തലയ്ക്കും നെറ്റിയിലുമാണ് വെട്ടേറ്റതെന്ന് ദൃക്സാക്ഷി പറഞ്ഞു. കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് നേതാവിന്‍റെ കൊലപാതകത്തെ തുടർന്ന് ജില്ലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് ആർഎസ്എസ് പ്രവർത്തകന്‍ കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ടത് ഒരു കേസിലും പ്രതിയാകാത്ത ആർഎസ്എസ് പ്രവർത്തകനാണെന്നും ആ സമയത്ത് കേരളാ പൊലീസ് എന്തെടുക്കുകയായിരുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചോദിച്ചു. മേലാമുറി വർഗീയ സംഘർഷമുണ്ടായ സ്ഥലമാണെന്നും അവിടെ പൊലീസ് പിക്കറ്റ് ഏർപ്പെടുത്താന്‍ തയ്യാറാകാത്തതാണ് പ്രശ്‌നത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാറും പൊലീസും തീവ്രവാദ സംഘങ്ങൾക്ക് കൊലപാതകം നടത്താൻ ഒത്താശ നൽകുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. ഇത്തരം സംഭവങ്ങളിൽ ഇടപെടേണ്ട രീതി മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര വകുപ്പിനും അറിയില്ലെങ്കിൽ കേന്ദ്രസർക്കാർ ഇടപെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മതഭീകരവാദ സംഘടനകളെ സംസ്ഥാന സർക്കാർ അഴിഞ്ഞാടാൻ വിട്ടിരിക്കുകയാണ്. ആർഎസ്എസ്സും പോപ്പുലർ ഫ്രണ്ടും ഒരു പോലെയാണെന്ന് വരുത്തി തീർക്കാനാണ് സിപിഎമ്മിന്റെ ശ്രമം. എന്നാൽ അവർ ജനാധിപത്യത്തെ മാനിക്കാത്ത ഭീകരവാദ സംഘടനയാണ്. അവരോടാണോ ചർച്ച നടത്തേണ്ടതെന്നും എന്തുകൊണ്ടാണ് ഇവരെ നിരോധിക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ആവശ്യപ്പെടാത്തതെന്നും അദ്ദേഹം ചോദിച്ചു. ഇതിന് മുഖ്യമന്ത്രിക്ക് ധൈര്യമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

പാലക്കാട്ടുണ്ടായത് ആലപ്പുഴയിലേതിന് സമാനമായ സംഭവമാമെണന്നും പൊലീസിന് കാര്യങ്ങളെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരുന്നുവെങ്കിലും ഒരു ജാഗ്രതയും ഉണ്ടായില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. കൊടും ക്രിമിനലുകൾ ആയുധവുമായി റോന്ത് ചുറ്റുന്നുവെന്ന് അറിഞ്ഞിട്ടും പൊലീസ് ഒന്നും ചെയ്തില്ലെന്നും ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് കൊലപാതക പരമ്പരകൾക്ക് കാരണമെന്നും സുരേന്ദ്രൻ വിമർശിച്ചു.

എസ്ഡിപിഐ നേതാവും ആർഎസ്എസ് നേതാവും രണ്ടു ദിവസത്തിനിടെ കൊല്ലപ്പെട്ട പാലക്കാട്ടേക്ക് കൂടുതൽ പൊലീസെത്തും. എറണാകുളം റൂറലിൽ നിന്ന് ഒരു ബറ്റാലിയൻ പാലക്കാട്ടേക്ക് തിരിച്ചു. കെഎപി - 1 ബറ്റാലിയനാണ് പാലക്കാട്ടേക്ക് പോകുന്നത്. മൂന്ന് കമ്പനി സേന ഉടൻ പാലക്കാട് എത്തും. 300 പൊലീസുകാരാണ് സംഘത്തിലുണ്ടാകുക. ക്രമസമാധാന പാലന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയുടെ നേതൃത്വത്തിൽ സുരക്ഷ വിപുലീകരിക്കാനാണ് തീരുമാനം. ഇന്ന് വൈകീട്ടോടെ ഇദ്ദേഹം പാലക്കാടെത്തും. ഡിജിപി അനിൽ കാന്ത് ഇദ്ദേഹത്തിന് നിർദേശങ്ങൾ നൽകിയിരുന്നു. എല്ലാ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. എസ്ഡിപിഐ, ആർഎസ്എസ് നേതാക്കൾക്ക് സംരക്ഷണം നൽകും. ജില്ലകളിൽ സുരക്ഷാ പരിശോധന കർശനമാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

TAGS :

Next Story