Quantcast

കാനറികള്‍ക്ക് ജയ് വിളിച്ച് ശിവന്‍കുട്ടി; 'വാമോസ് അര്‍ജന്‍റീന' മുഴക്കി മണിയാശാനും പോരാളികളും- ഫേസ്ബുക്കിൽ സി.പി.എം നേതാക്കളുടെ 'ഫാൻ ഫൈറ്റ്'

പാർട്ടി നേതാക്കളുടെ തമ്മിൽതല്ല് ശരിക്കും ആസ്വദിക്കുകയാണ് പ്രവർത്തകർ. ഇതല്ലെങ്കിലും, പാർട്ടി സമ്മേളനത്തിലെ അങ്കംവെട്ടു പോലെയല്ല, ഇത്തിരി രസമുള്ള ചേരിപ്പോരാണല്ലോ!!

MediaOne Logo

Web Desk

  • Published:

    21 Oct 2022 4:35 PM GMT

കാനറികള്‍ക്ക് ജയ് വിളിച്ച് ശിവന്‍കുട്ടി; വാമോസ് അര്‍ജന്‍റീന മുഴക്കി മണിയാശാനും പോരാളികളും- ഫേസ്ബുക്കിൽ സി.പി.എം നേതാക്കളുടെ ഫാൻ ഫൈറ്റ്
X

തിരുവനന്തപുരം: ഖത്തറിൽ ഫിഫ ലോകകപ്പിന് വിസിൽ മുഴങ്ങാൻ ഇനി 30 നാൾ മാത്രം. ഫുട്‌ബോൾ പൂരം കത്തിപ്പടരാനായി ആരാധകർ കണ്ണുംനട്ട് കാത്തിരിപ്പാണ്. ലക്ഷക്കണക്കിനു മലയാളികൾ ജോലി ചെയ്യുന്ന ഖത്തറാണ് ലോകകപ്പ് ആതിഥേയരെന്നതിനാൽ ഇത്തവണ കേരളത്തിൽ ഫാൻപോര് കുറച്ചധികം കടുക്കുമെന്നുറപ്പാണ്.

എന്നാൽ, ഫുട്‌ബോൾ ആവേശത്തിലേക്ക് നാടും നഗരവും നീങ്ങുംമുൻപ് തന്നെ ഇവിടെ ഒരു സംഘം വി.ഐ.പികൾ ഫാൻപോര് ആരംഭിച്ചുകഴിഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കത്തിച്ചുവിട്ട പോരാണ് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ മുതൽ മുൻ മന്ത്രി എം.എം മണി വരെയുള്ള സി.പി.എം ക്യാംപിലെ കളിക്കമ്പക്കാർ ഏറ്റെടുത്തിരിക്കുന്നത്.

ബ്രസീൽ ആരാധകനായ വി. ശിവൻകുട്ടി ഇത്തവണ സ്വന്തം ടീം തന്നെ കപ്പടിക്കുമെന്ന് വീരവാദം മുഴക്കി. കടുത്ത അർജന്റീന ആരാധകരും മുൻ മന്ത്രിമാരുമായ എം.എം മണിയെയും കടകംപള്ളി സുരേന്ദ്രനെയും ടാഗ് ചെയ്ത് ഒരു വെല്ലുവിളിയും. ഫുട്‌ബോൾ ലോകകപ്പിന് ഇനി 30 ദിവസം എന്ന അടിക്കുറിപ്പോടെയായിരുന്നു ശിവൻകുട്ടിയുടെ പോസ്റ്റ്.

എന്നാൽ, മണിയാശാൻ അങ്ങനെ വിടുമോ! ''ബ്രസീൽ തിരിച്ചുള്ള ആദ്യ ഫ്‌ളൈറ്റ് പിടിക്കാതിരിക്കട്ടെ... സെമി വരെയെങ്കിലും എത്തണേ...''-ആശാൻ വക നല്ല മുട്ടൻ കൗണ്ടർ. 'നമുക്ക് കാണാം ആശാനേ' എന്നു മാത്രം പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി തടിതപ്പി.

എന്നാൽ, പിന്നീടായിരുന്നു പൂരം. സി.പി.എം ക്യാംപിലെ അർജന്റീന ആരാധകർ ഓരോന്നായി 'വാമോസ് അർജന്റീന' മുഴക്കി മണിയാശാന്റെ പിന്നിൽ അണിനിരന്നു. യുവ എം.എൽ.എമാരാണ് അർജന്റീനയ്ക്ക് ജയ് വിളിച്ച് ശിവൻകുട്ടിക്ക് പൊങ്കാലയുമായി ആദ്യം തന്നെ കമന്റ് ബോക്‌സിൽ കൂടിയത്. പിന്നാലെ, സാക്ഷാൽ ഇ.പി ജയരാജൻ തന്നെയെത്തി.

''ഈ കപ്പ് കണ്ട് പനിക്കേണ്ട സഖാവേ... ഇത് ഞാനും മണിയാശാനും ഇങ്ങ് എടുത്തു''-തിരുവനന്തപുരത്തിന്റെ എം.എൽ.എ ബ്രോ വി.കെ പ്രശാന്തിന്റെ കമന്റ്. എന്നാൽ, ഇത്തവണ കപ്പിൽ മുത്തമിടുന്നത് ബ്രസീൽ തന്നെയാകുമെന്ന് ശിവൻകുട്ടിയുടെ ഉറച്ച മറുപടിയും. ഈ കപ്പ് അർജന്റീനയ്ക്കുള്ളതാണെന്ന് വ്യക്തമാക്കി അഴീക്കോട് എം.എൽ.എ കെ.വി സുമേഷ്. നമുക്ക് കളിക്കളത്തിൽ കാണാമെന്ന് ശിവൻകുട്ടിയും. ഈ കപ്പ് കണ്ട് പനിക്കേണ്ട, ഇത് ഞങ്ങളിങ്ങെടുത്തുവെന്ന് ആവർത്തിച്ചു തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്. കളത്തിൽ കാണാമെന്ന് ശിവൻകുട്ടിയും. എം. നൗഷാദ്, എം. വിജിൻ എം.എൽ.എമാരെല്ലാം അർജന്റീനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

മുന്നണിത്തിരക്കുകൾ കാരണമാകും, എല്ലാം കഴിഞ്ഞാണ് ഇ.പിയുടെ വരവ്. എന്നാൽ, ലേറ്റായാലും ലേറ്റസ്റ്റ് തന്നെയായിരുന്നു ആ വരവ്. കണക്കും കാരണങ്ങളും നിരത്തി ഇ.പി ജയരാജൻ. ''കോപ അമേരിക്ക കീഴടക്കി, ഫൈനലിസ്സിമയും നേടി. ഇനി ഖത്തറിൽ ലോകകപ്പിലും മുത്തമിടും.''-വാമോസ് അർജന്റീന മുഴക്കി, അർജന്റീനയുടെ കൊടികുത്തി ഇ.പി. തിരിച്ച് കണക്കോ കഥയോ പറയാൻ നിന്നില്ല ശിവൻകുട്ടി; ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നു മാത്രം പറഞ്ഞ് അധികം കിടന്നുരുളാതെ തടിതപ്പി.

ബാലുശ്ശേരി എം.എൽ.എയും പുതുമണവാളനുമായ സച്ചിൻദേവ് മാത്രമാണ് ശിവൻകുട്ടിക്ക് പ്രതിരോധമൊരുക്കാൻ സി.പി.എം ക്യാംപിലുണ്ടായിരുന്നത്. കപ്പ് ബ്രസീലിനു തന്നെ, മറ്റുള്ളവർക്ക് ഖത്തറിലെ കാഴ്ച കണ്ടുമടങ്ങാമെന്ന് ഒരു പഞ്ചിൽ സച്ചിൻദേവ്. എന്നാൽ, കാനറിപ്പടയ്ക്കും ശിവൻകുട്ടിക്കും പ്രതിരോധം തീർക്കാൻ സച്ചിൻ മാത്രം വിചാരിച്ചാൽ നടക്കുമായിരുന്നില്ല. അത്രയുമായിരുന്നു, അർജന്റീനയ്ക്കു വേണ്ടി പടയ്ക്കിറങ്ങി താരപ്പട.

കുന്നത്തുനാട്ടിൽ ട്വന്റി ട്വന്റിയോട് ഒറ്റയ്ക്ക് പടവെട്ടുന്ന അഡ്വ. പി.വി ശ്രീനിജൻ എം.എൽ.എ ഇവിടെയും ഒറ്റയ്ക്കു തന്നെ! ഇങ്ങനെ ഒറ്റയ്ക്കുള്ള പോരാട്ടം പുള്ളിയുടെ രക്തത്തിലുള്ളതാണെന്നു തോന്നുന്നു; കമന്റ് ബോക്‌സിലെ അർജന്റീന-ബ്രസീൽ കൂട്ടപ്പൊരിച്ചിലിനിടയിൽ 'സായിപ്പന്മാർക്കു' ജയ് വിളിച്ചായിരുന്നു ശ്രീനിജയന്റെ വരവ്. മഞ്ഞയ്ക്കും നീലയ്ക്കുമല്ല, കപ്പ് ഇംഗ്ലണ്ടിനു തന്നെയെന്ന് പ്രഖ്യാപനം. അർജന്റീന-ബ്രസീൽ തല്ലുമാലയ്ക്കിടയിൽ അതങ്ങ് മുങ്ങിപ്പോയെങ്കിലും ഒറ്റയാൾ പോരാളിയായി അദ്ദേഹം വീണ്ടും വീര്യം തെളിയിച്ചുവെന്നു തന്നെ പറയാം.

ഏതായാലും പാർട്ടി നേതാക്കളുടെ തമ്മിൽതല്ല് ഇത്തവണ ശരിക്കും ആസ്വദിക്കുകയാണ് പ്രവർത്തകർ. ഇതല്ലെങ്കിലും, പാർട്ടി സമ്മേളനത്തിലെ അങ്കംവെട്ടു പോലെയല്ല, അൽപം രസമുള്ള ചേരിപ്പോരാണല്ലോ..!! അർജന്റീന-ബ്രസീൽ എന്നിങ്ങനെ രണ്ടായിപ്പിരിഞ്ഞ നേതാക്കളിൽനിന്നു വ്യത്യസ്തരാണ് വ്യത്യസ്തരാണ് അണികൾ. ജർമനി, പോർച്ചുഗൽ, സ്‌പെയിൻ, ഇംഗ്ലണ്ട്, ഫ്രാൻസ്... അങ്ങനെ അണികൾ കുറച്ച് വിശാലമനസ്‌കരാണ്. ബെൽജിയം കപ്പടിക്കുന്നത് കാത്തിരിക്കുന്നവർ വരെ അക്കൂട്ടത്തിലുണ്ട്. കപ്പ് ആരടിച്ചാലും പൊലീസിന്റെ തല്ല് ഡി.വൈ.എഫ്.ഐയ്ക്ക് തന്നെയെന്ന് ട്രോളാനായി കമന്റ് ബോക്‌സിൽ വന്ന രാഷ്ട്രീയ എതിരാളികളെയും മറക്കാനാകില്ല.

Summary: Minister V Sivankutty declares support for Brazil in the 2022 World Cup, while MM Mani and co stand strong behind Argentina; 'Fan fight' of CPM leaders on Facebook

TAGS :

Next Story