Quantcast

'പ്രയാസം തുറന്നുപറഞ്ഞതിന് അഭിനന്ദനം': ഇങ്ങനെ എഴുതാന്‍ തരല്ലേന്ന് ടീച്ചര്‍മാരോട് അപേക്ഷിച്ച കുട്ടിയെ തേടി മന്ത്രിയുടെ കോള്‍

ആറാം ക്ലാസ് വിദ്യാര്‍ഥി അഭയ് കൃഷ്ണയാണ് പഠനം തന്നെ വെറുത്തുപോയെന്ന് തുറന്നുപറഞ്ഞത്.

MediaOne Logo

Web Desk

  • Updated:

    2021-07-05 10:48:48.0

Published:

5 July 2021 10:36 AM GMT

പ്രയാസം തുറന്നുപറഞ്ഞതിന് അഭിനന്ദനം: ഇങ്ങനെ എഴുതാന്‍ തരല്ലേന്ന് ടീച്ചര്‍മാരോട് അപേക്ഷിച്ച കുട്ടിയെ തേടി മന്ത്രിയുടെ കോള്‍
X

ലോക്ഡൌണ്‍ കാലത്തെ ഓണ്‍ലൈന്‍ ക്ലാസ്സും നോട്ടെഴുത്തും എത്രമാത്രം ഭാരമാകുന്നുവെന്ന് തുറന്നുപറഞ്ഞ വിദ്യാര്‍ഥിയോട് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി സംസാരിച്ചു. വൈത്തിരി എച്ച്ഐഎം യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി അഭയ് കൃഷ്ണയാണ് പഠനം തന്നെ വെറുത്തുപോയെന്ന് തുറന്നുപറഞ്ഞത്. അഭയ് ഉന്നയിച്ച വിഷയം ഗൗരവമുള്ളതാണെന്ന് മന്ത്രി പറഞ്ഞു. പഠനം പൊതുവേയും കോവിഡ് ഘട്ടത്തിൽ പ്രത്യേകിച്ചും കുട്ടിക്ക് ഭാരമാകാതെ നോക്കേണ്ടതുണ്ട്. നാല് ചുമരുകൾക്കുള്ളിൽ കഴിയുന്ന കുഞ്ഞുങ്ങളുടെ ശാരീരിക -മാനസിക- വൈകാരിക ആരോഗ്യം കാത്തുസൂക്ഷിച്ച് മാത്രമേ നമുക്ക് മുന്നോട്ട് പോകാനാകൂ. മണിക്കൂറുകളോളം ചെറിയ സ്‌ക്രീനിൽ നോക്കിയുള്ള ഇരുപ്പ്, ഓരോ ടീച്ചറും നൽകുന്ന ഹോംവർക്കിന്റെ ഭാരം എല്ലാം മനം മടുപ്പിച്ചേക്കും. ഓൺലൈൻ വിദ്യാഭ്യാസത്തിലെ കരുതൽ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് അധ്യാപകരുമായി ആശയവിനിമയം നടത്തും. പ്രയാസം തുറന്നുപറഞ്ഞ അഭയ് അഭിനന്ദനം അർഹിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

'ങ്ങളിങ്ങനെ ഇടല്ലേ.. കാലുപിടിച്ച് പറയുവാ ടീച്ചര്‍മാരേ'..

'ഈ പഠിത്തം പഠിത്തം എന്നൊക്കെ പറയുന്നുണ്ടല്ലോ ടീച്ചർമാരേ.. ഈ പഠിത്തം എന്താ സാധനം ടീച്ചർമാരേ.. ഈ പഠിച്ചു പഠിച്ചു പഠിച്ച് എന്‍റെ തല കേടാവുന്നുണ്ട് കേട്ടോ.. ഇങ്ങള വിചാരം ഞങ്ങള് പഠിക്കുന്നില്ലെന്ന്.. ഞങ്ങള വിചാരം ഇവരിങ്ങനെ ഇട്ടിട്ടിട്ട്.. എനിക്ക് വെറുത്തു ടീച്ചര്‍മാരേ.. സങ്കടത്തോടെ പറയുകയാ ങ്ങളിങ്ങനെ ഇടല്ലീ.. ഈ ഗ്രൂപ്പും ഒക്കെ ഉണ്ടാക്കിയിട്ട്.. ങ്ങളിതിതെന്തിനാ എന്നോട്.. എഴുതാനിടുവാണങ്കി ഇത്തിരി ഇടണം അല്ലാണ്ട് അത് പോലിടരുത് ടീച്ചർമാരേ... ഞാനങ്ങനെ പറയല്ല... ടീച്ചര്‍മാരേ ഞാൻ വെറുത്ത്.. പഠിത്തന്ന് പറഞ്ഞാ എനിക്ക് ഭയങ്കര ഇഷ്ടാ.. ങ്ങളിങ്ങനെ തരല്ലേ.

ഒരു റൂമിലാ ഞങ്ങള് ജീവിക്കുന്നെ. എന്‍റെ വീട് ഇവിടെയല്ലട്ടോ വയനാട്ടിലാ. അച്ഛന്‍റേം അമ്മേടേം ഒപ്പരം നില്‍ക്കാണേ. ഈ ഒരു സ്ഥലത്താ ഞാന്‍ നില്‍ക്കുന്നെ. വയനാട്ടിലാണേല്‍ ഇങ്ങക്ക് എത്ര വേണേലും തരാം. ങ്ങളിങ്ങനെ ഇട്ടാ എനിക്ക് ഭയങ്കര സങ്കടാകുന്നുണ്ടുട്ടോ... ങ്ങളിങ്ങനെ ഇട്ടാല്‍ എനിക്ക് ഭയങ്കര പ്രാന്താ. ഒരു ഫോട്ടോ ഒക്കെ ഇടുവാണെങ്കി പിന്നേണ്ട്. ഇതിപ്പോ മൂന്ന് പത്ത് പതിനഞ്ചണ്ണമൊക്കെ ഇടുമ്പോ ഒന്നാലോചിച്ചു നോക്വാ.. സങ്കടത്തോടെ പറയുകാ ടീച്ചർമാരേ കാല് പിടിച്ചു പറയുകാ ഇനിയങ്ങനൊന്നുമിടല്ലേ... മാപ്പ് മാപ്പേ മാപ്പ്...

അഭയ് ഉന്നയിച്ച വിഷയം വളരെ പ്രധാന്യമുള്ളതെന്ന് മന്ത്രി ശിവന്‍കുട്ടി

വൈത്തിരി എച്ച് ഐ എം യു പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ അഭയ് കൃഷ്ണയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ടു. അഭയ് ഉന്നയിച്ചിരിക്കുന്ന വിഷയം ഗൗരവം ഉള്ളത് തന്നെ. കോവിഡ് മഹാമാരിക്കാലത്തെ വിദ്യാഭ്യാസം ലോകമാകെ തന്നെ നേരിടുന്ന വെല്ലുവിളി ആണ്. ഡിജിറ്റൽ /ഓൺലൈൻ ക്ലാസുകളിലൂടെ കുട്ടികളെ കർമ്മ നിരതരാക്കുവാനും പഠന പാതയിൽ നിലനിർത്താനുമാണ് നാം കഠിനമായി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇവിടെ കുട്ടിയുടെ ആത്മവിശ്വാസവും താല്പര്യവും ആനന്ദവുമെല്ലാം പ്രധാനമാണ്.

ഈ പശ്ചാത്തലത്തിൽ അഭയ് ഉന്നയിച്ച വിഷയം വളരെ പ്രധാനമാണ്. നമുക്കത് പരിഗണിച്ചേ മുന്നോട്ടു പോകാൻ കഴിയൂ. പഠനം പൊതുവേയും കോവിഡ് ഘട്ടത്തിൽ പ്രത്യേകിച്ചും കുട്ടിക്ക് ഭാരമാകാതെ നോക്കേണ്ടതുണ്ട്. നാല് ചുമരുകൾക്കുള്ളിൽ കഴിയുന്ന കുഞ്ഞുങ്ങളുടെ ശാരീരിക -മാനസിക- വൈകാരിക ആരോഗ്യം കാത്ത് സൂക്ഷിച്ച് കൊണ്ട് മാത്രമേ നമ്മുക്ക് മുന്നോട്ട് പോകാൻ ആകൂ. മണിക്കൂറുകളോളം ചെറിയ സ്‌ക്രീനിൽ നോക്കിയുള്ള ഇരുപ്പ്,ഓരോ ടീച്ചറും നൽകുന്ന ഹോംവർക്കിന്റെ ഭാരം എല്ലാം മനം മടുപ്പിച്ചേക്കും. ഒരു ടീച്ചർ രണ്ട് ഹോം വർക്ക് മാത്രമാണ് കൊടുക്കുന്നത് എങ്കിൽ നാല് ടീച്ചർമാർ ഹോം വർക്ക് കൊടുത്താൽ കുട്ടിക്കത് എട്ട് ഹോം വർക്ക് ആകും. ഇതാണ് പലപ്പോഴും സംഭവിക്കുന്നത്.

കഴിഞ്ഞ ഒരു വർഷത്തെ ഡിജിറ്റൽ ക്ളാസുകളുടെ അനുഭവം നമ്മുടെ മുന്നിൽ ഉണ്ട്‌. അതിലെ പോരായ്മകൾ തിരിച്ചറിഞ്ഞിട്ടുമുണ്ട്. അധ്യാപകനും വിദ്യാർത്ഥികളും പരസ്പരം കണ്ട് ആശയവിനിമയം നടത്തുന്ന ഓൺലൈൻ ക്ളാസുകളാണ് അടുത്ത ഘട്ടം. കോവിഡ് കാലഘട്ടത്തിന്റെ പരിമിതിക്കുള്ളിൽ നിന്നു തന്നെ പരമാവധി മികച്ച രീതിയിൽ ഓൺലൈൻ ക്‌ളാസുകൾ നടത്താനാണ് പരിശ്രമം. ഓൺലൈൻ വിദ്യാഭ്യാസത്തിലെ കരുതൽ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് അധ്യാപകരുമായി കൃത്യമായ ആശയവിനിമയം നടത്തുന്നതാണ്. പ്രയാസം തുറന്നുപറഞ്ഞ അഭയ് അഭിനന്ദനം അർഹിക്കുന്നു. അഭയ് കൃഷ്ണയുമായി സംസാരിച്ചു .എല്ലാ ആശംസകളും നേർന്നു

വൈത്തിരി എച്ച് ഐ എം യു പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ അഭയ് കൃഷ്ണയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ടു. അഭയ്...

Posted by V Sivankutty on Monday, July 5, 2021

TAGS :

Next Story