'പെണ്ണുങ്ങൾ കിരീടവുമേന്തി ലോകത്തിന്റെ നെറുകയിൽ നിൽക്കുമ്പോൾ നിഹാര മോൾ എന്തിന് കരയണം': കുരുന്നിനെ ചേർത്തുപിടിച്ച് വിദ്യാഭ്യാസമന്ത്രി
ചിത്രം നന്നായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞതോടെ വികാരാധീനയായി നിഹാരിക കരയുകയായിരുന്നു

വി. ശിവൻകുട്ടി നിഹാരികയോടൊപ്പം Photo: Facebook
കണ്ണൂർ: ചിത്രം വരച്ചതിന് അഭിനന്ദിച്ചതിനെ തുടർന്ന് വികാരാധീനയായ കുഞ്ഞുനിഹാരികയെ ചേർത്തുപിടിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. കണ്ണൂർ ചെറുതാഴം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വികസന പദ്ധതികൾ ഉത്ഘാടനം ചെയ്യുന്നതിനായി വിദ്യാഭ്യാസമന്ത്രി എത്തിയപ്പോഴാണ് സംഭവം. വരച്ച ചിത്രം ശിവൻകുട്ടി സന്തോഷത്തോടെ സ്വീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് കുട്ടി കരഞ്ഞത്. മന്ത്രി ഉടനെ കുട്ടിയെ ചേർത്തുനിർത്തുകയും സമാധാനിപ്പിക്കുകയും ചെയ്തു.
കണ്ണൂർ ചെറുതാഴം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വികസന പദ്ധതികൾ ഉത്ഘാടനം ചെയ്യുന്നതിനായി എത്തിയതായിരുന്നു ശിവൻകുട്ടി. മന്ത്രിയുടെ സംസാരത്തിന് ശേഷം പടം സമ്മാനിക്കുന്നതിനായി വേദിയിലെത്തിയതാണ് നിഹാരിക. സന്തോഷത്തോടെ സ്വീകരിച്ചു. നല്ല ചിത്രമാണെന്ന് പറഞ്ഞ് വേദിയിൽ വെച്ചുതന്നെ മന്ത്രി അഭിനന്ദിച്ചു. എന്നാൽ, വലിയ സദസ്സിന് മുന്നിൽ വിദ്യാഭ്യാസമന്ത്രി അഭിനന്ദിച്ചതോടെ കൊച്ചുകുഞ്ഞ് പെട്ടെന്ന് കരയാൻ തുടങ്ങി. എന്തിനാ മോളേ കരയുന്നേ എന്ന് ചോദിച്ച് മന്ത്രി നിഹാരികയെ ചേർത്ത്നിർത്തുകയും ചെയ്തു.
സംഭവം വിശദമാക്കിക്കൊണ്ട് മന്ത്രി വി.ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ച വാക്കുകളെ ചേർത്തുപിടിച്ചിരിക്കുകയാണ് സോഷ്യൽമീഡിയ. ''പെണ്ണുങ്ങൾ കിരീടമേന്തി ലോകത്തിന്റെ നെറുകയിൽ നിൽക്കുമ്പോൾ നിഹാര മോൾ എന്തിന് കരയണം...!''ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു
മന്ത്രിയുടെ പോസ്റ്റിന്റെ പൂർണരൂപം
പെണ്ണുങ്ങൾ കിരീടവുമേന്തി ലോകത്തിന്റെ നെറുകയിൽ നിൽക്കുമ്പോൾ നിഹാര മോൾ എന്തിന് കരയണം...!!
കണ്ണൂർ ചെറുതാഴം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാനാണ് ഞാൻ എത്തിയത്. കുഞ്ഞുങ്ങൾ സ്വാഗത ഗാനം വേദിയിൽ ആലപിക്കുന്നു. അപ്പോഴാണ് നിഹാര വരച്ച എന്റെ ചിത്രവുമായി അടുത്തേക്ക് എത്തുന്നത്. ഞാനാ ചിത്രം സ്വീകരിച്ചു. നല്ല ചിത്രമെന്ന് പറഞ്ഞ് നിഹാരയെ അഭിനന്ദിച്ചു.
ആ കൊച്ചുകുഞ്ഞ് കരയാൻ തുടങ്ങി. എന്തിനാ മോളേ കരയുന്നേ എന്ന് ചോദിച്ച് ആശ്വസിപ്പിച്ചു; ചേർത്തു നിർത്തി. അവളിൽ ചിരി തെളിയിച്ചേ വിട്ടുള്ളൂ.
മോളേ, ഈ ലോകം പെൺകുട്ടികളുടേത് കൂടിയാണ്, ഈ സർക്കാർ പെണ്ണുങ്ങൾ അടക്കം എല്ലാവരുടേയും..
Adjust Story Font
16

