Quantcast

ബിരിയാണി തിന്നാൽ കുട്ടികളുണ്ടാകില്ല; ഉള്ളിക്കറി തിന്നാലോ?- പരിഹാസവുമായി മന്ത്രി ശിവൻകുട്ടി

ബിരിയാണിയിൽ ജനനനിയന്ത്രണ ഗുളികകൾ ചേർക്കുന്നുവെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ ഹിന്ദുത്വ സംഘങ്ങളുടെ നേതൃത്വത്തിൽ വ്യാജപ്രചാരണം നടക്കുന്നത്

MediaOne Logo

Web Desk

  • Published:

    1 April 2022 2:14 PM GMT

ബിരിയാണി തിന്നാൽ കുട്ടികളുണ്ടാകില്ല; ഉള്ളിക്കറി തിന്നാലോ?- പരിഹാസവുമായി മന്ത്രി ശിവൻകുട്ടി
X

തിരുവനന്തപുരം: ഗോവധ നിരോധനം, ഹലാൽ ഭക്ഷണ വിവാദം എന്നിവയ്ക്കു പിന്നാലെ മുസ്‌ലിം വ്യാപാരസ്ഥാപനങ്ങൾ ലക്ഷ്യമിട്ട് സംഘ്പരിവാർ തുടക്കമിട്ട പുതിയ വിദ്വേഷ പ്രചാരണത്തിൽ പ്രതികരണവുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തമിഴ്‌നാട്ടിലാണ് ബിരിയാണി വന്ധ്യതയ്ക്ക് കാരണമാകുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വിദ്വേഷ കാംപയിൻ നടക്കുന്നത്.

പുതിയ വിവാദത്തിൽ ഫേസ്ബുക്കിലാണ് മന്ത്രിയുടെ പ്രതികരണം. ബിരിയാണി തിന്നാൽ കുട്ടികളുണ്ടാകില്ലെന്ന ഹിന്ദുത്വ സംഘടനകളുടെ പ്രചാരണത്തോട് ഉള്ളിക്കറി കഴിച്ചാൽ എന്താകുമെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ ഉന്നമിട്ട് മന്ത്രിയുടെ ചോദ്യം. ഇന്നുച്ചയ്ക്ക് ബിരിയാണിയാകാമെന്നും ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

ബിരിയാണിയിൽ വന്ധ്യതയോ? എന്താണ് പുതിയ വിവാദം?

ബിരിയാണിയിൽ ജനനനിയന്ത്രണ ഗുളികകൾ ചേർക്കുന്നു, ഹോട്ടൽ ഭക്ഷണത്തിൽ തുപ്പുന്നു തുടങ്ങിയ പ്രചാരണങ്ങളാണ് തമിഴ്‌നാട്ടിൽ വ്യാപകമായി നടക്കുന്നത്. 20,000 ഫോളോവർമാരുള്ള ഒരു ട്വിറ്റർ യൂസർ, ചെന്നൈയിലെ ബിരിയാണിക്കടകൾ വിവാഹം കഴിക്കാത്തവരെ ലക്ഷ്യമിടുന്നതായി ആരോപിച്ച് ദീർഘമായ കുറിപ്പിട്ടിട്ടുണ്ട്. ഹിന്ദുക്കൾ വന്ധ്യതാകേന്ദ്രങ്ങളിൽ വരിനിൽക്കുന്നതു പോലെയാണ് ഈ കടകളിൽ നിൽക്കുന്നത് എന്ന് ഇയാൾ ആരോപിക്കുന്നു. ഹിന്ദുക്കളെ വന്ധ്യംകരിക്കുക മാത്രമാണ് ഈ കടകളുടെ ഏകലക്ഷ്യമെന്നും കുറിപ്പിൽ പറയുന്നു.

കഴിഞ്ഞ വർഷം ആഗസ്റ്റിൽ രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഹൈവേകൾക്ക് സമീപത്തുള്ള മുസ്ലിം റസ്റ്ററന്റുകളെ ലക്ഷ്യമിട്ടും ഇത്തരത്തിലുള്ള പ്രചാരണം നടന്നിരുന്നു. ഭക്ഷണത്തിൽ വന്ധ്യതാ ഗുളികകൾ ചേർക്കുന്നുവെന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ബിരിയാണി ജിഹാദ് ഇൻ കോയമ്പത്തൂർ എന്ന പേരിലും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടിരുന്നു. ചിത്രം വൈറലായതിന് പിന്നാലെ, വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കോയമ്പത്തൂർ സിറ്റി പൊലീസ് പ്രസ്താവനയിറക്കിയിരുന്നു.

മുസ്ലിംകൾ ഹോട്ടൽ ഭക്ഷണത്തിൽ തുപ്പുന്നു എന്നാരോപിച്ച് നേരത്തെ കേരളത്തിൽ തീവ്ര ക്രിസ്ത്യൻ-ഹിന്ദു സംഘടനകൾ രംഗത്തുവന്നിരുന്നു. തുപ്പലില്ലാത്ത റസ്റ്ററന്റുകളുടെ പട്ടികയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ സംഘ്പരിവാർ പ്രചാരണങ്ങൾക്കെതിരെ രംഗത്തെത്തുകയും ചെയ്തു.

Summary: Minister V Sivankutty mocks Hindutva campaign against Muslim traders accusing Biriyani causes infertility

TAGS :

Next Story