Quantcast

'സ്കൂൾ സമയമാറ്റത്തിൽ സമസ്തയുമായി ചർച്ചയ്ക്ക് തയ്യാര്‍'; മന്ത്രി വി.ശിവൻകുട്ടി

കോടതിയുടെ നിലപാടാണ് പറഞ്ഞതെന്നും ധിക്കാരമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ശിവൻ കുട്ടി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-07-12 07:22:36.0

Published:

12 July 2025 10:30 AM IST

V Sivankutty
X

തിരുവനന്തപുരം: സ്കൂൾ സമയമാറ്റത്തിൽ സമസ്തയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി. സമസ്ത സമയം അറിയിച്ചാൽ മതി. കോടതിയുടെ നിലപാടാണ് പറഞ്ഞതെന്നും ധിക്കാരമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ശിവൻ കുട്ടി പറഞ്ഞു.

കാസർകോട് ബന്തടുക്കയിൽ വിദ്യാർഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ചതിൽ റിപ്പോർട്ട് തേടുമെന്ന് മന്ത്രി പറഞ്ഞു. റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർ നടപടികൾ സ്വകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചർച്ചക്ക് തയാറാണെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് സമസ്ത അറിയിച്ചു. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കപ്പെടണം. ചർച്ച വിജയിച്ചാൽ പ്രക്ഷോഭം മാറ്റും. ചർച്ചക്ക് മുൻകൈ എടുക്കാൻ വൈകി. മുസ്‍ലിം സമൂഹം ഉന്നയിച്ച ആവശ്യം പരിഗണിക്കണമായിരുന്നു. ചർച്ച സമയം വിദ്യാഭ്യാസ മന്ത്രി അറിയിക്കട്ടെയെന്നും സമസ്ത വ്യക്തമാക്കി.

സ്കൂള്‍ സമയമാറ്റത്തില്‍ ചർച്ചയില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് ധിക്കാരപരമെന്നായിരുന്നു സമസ്ത ജനറല്‍ മാനേജർ കെ.മോയിന്‍കുട്ടി മാസ്റ്റർ മീഡിയവണിനോട് പറഞ്ഞത്. വിദ്യാഭ്യാസമന്ത്രിയുടെ നിലപാട് തന്നെയാണോ സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. തുടർപ്രക്ഷോഭം ആലോചിക്കാന്‍ സമസ്ത മതവിദ്യാഭ്യാസ ബോർഡ് ഇന്ന് ചേരും. മറ്റു മദ്രസാ പ്രസ്ഥാനങ്ങളുമായി സംയുക്ത സമരത്തിന് സമസ്ത തയാറാകുമെന്നും മോയിന്‍കുട്ടി മാസ്റ്റർ പറഞ്ഞു.

സ്‌കൂള്‍ സമയത്തില്‍ ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം സൗകര്യം ചെയ്തു കൊടുക്കാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രത്യേക സമൂഹത്തിന്‍റെ പേര് പറഞ്ഞ് സര്‍ക്കാരിനെ വിരട്ടുന്നത് ശരിയല്ല.

സമയം മാറ്റണമെന്ന് ആവശ്യപ്പെടുന്നവര്‍ അവരുടെ ആവശ്യങ്ങള്‍ക്ക് സമയം ക്രമീകരിക്കണം. അധ്യാപക സംഘടനകള്‍ ഉള്‍പ്പെടെ സമയമാറ്റം അംഗീകരിച്ചതാണ്. അതിലൊരു മാറ്റം വരുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം, സ്‌കൂള്‍ സമയമാറ്റമെന്ന ആവശ്യം സുന്നി സംഘടനകള്‍ കടുപ്പിക്കുകയാണ്. സര്‍ക്കാരിനെതിരെ സമസ്ത പ്രത്യക്ഷ സമരം പ്രഖ്യാപിച്ചതിന് പിന്നലെ കാന്തപുരവും രംഗത്തെത്തി. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു.



TAGS :

Next Story