Quantcast

'അയ്യപ്പഭക്തർ സംഗമത്തിനൊപ്പം, വിവാദമുണ്ടാക്കി പ്രതിപക്ഷം ഒറ്റപ്പെട്ടു'- മന്ത്രി വി.എൻ വാസവൻ

"ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന പരിപാടിയിൽ എന്തിനാണ് രാഷ്ട്രീയം കാണുന്നത്? പ്രതിപക്ഷത്തെ ക്ഷണിച്ചപ്പോൾ പോലും അവർ മര്യാദ കാണിച്ചില്ല"

MediaOne Logo

Web Desk

  • Updated:

    2025-09-20 02:46:18.0

Published:

20 Sept 2025 7:49 AM IST

Minister Vasavan on AyyappaSangamam
X

പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിൽ വിവാദമുണ്ടാക്കിയത് വഴി പ്രതിപക്ഷം ഒറ്റപ്പെട്ടെന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ. സങ്കുചിതമായ രാഷ്ട്രീയം കണ്ട് തെറ്റായ നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചതെന്നും ശബരിമലയോട് ഇത്രയും വിദ്വേഷം വെച്ചുപുലർത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ വാക്കുകൾ:

"പ്രതിപക്ഷ പ്രതിഷേധങ്ങളെ കുറിച്ച് ഒന്നും പറയാനില്ല. വിവാദമുണ്ടാക്കി അവരിപ്പോൾ ഒറ്റപ്പെട്ടു. അവരാദ്യം തന്നെ തെറ്റായ ധാരണയിൽ സങ്കുചിതമായ രാഷ്ട്രീയം മുന്നിൽക്കണ്ടു. ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന പരിപാടിയിൽ എന്തിനാണ് രാഷ്ട്രീയം കാണുന്നത്? പ്രതിപക്ഷത്തെ ക്ഷണിച്ചപ്പോൾ പോലും അവർ മര്യാദ കാണിച്ചില്ല. അവർ രാഷ്ട്രീയം പറഞ്ഞ് നടക്കും. അതുകൊണ്ട് പക്ഷേ അയ്യപ്പസംഗമത്തിനൊന്നും സംഭവിക്കില്ല. അവർ ശരിക്കും സംഗമത്തിൽ പങ്കെടുക്കുകയാണ് വേണ്ടത്.

ശബരിമലയോട് ഇത്ര വിദ്വേഷം വെച്ചുപുലർത്തേണ്ട കാര്യമില്ല. അത്തരം നിലപാടെടുക്കുന്നവരെ ജനം തിരിച്ചറിയും. പ്രതിപക്ഷത്തെ എല്ലാവരും ഒരേ അഭിപ്രായക്കാരല്ല എന്നതാണ് ശ്രദ്ധേയം. ഭൂരിഭാഗം ആളുകൾക്കും സംഗമത്തോട് സഹകരിക്കണം എന്ന നിലപാടാണ്. അവർ ആ നിലപാടിൽ തന്നെ മുന്നോട്ട് പോകണം, സഹകരിക്കണം എന്ന അഭ്യർഥനയാണുള്ളത്..

ബിജെപിയാണെങ്കിൽ തുടക്കത്തിൽ വിരുദ്ധ നിലപാട് സ്വീകരിച്ച് കുഴപ്പത്തിലായി. വിശ്വാസികളുടെ മുഴുവൻ ചുമതലക്കാർ അവരാണെന്ന തരത്തിലായിരുന്നു പ്രചാരണം. പക്ഷേ ഒരു മതനിരപേക്ഷ സർക്കാരിന് വിശ്വാസി എന്നോ അവിശ്വാസി എന്നോ ഇല്ല. വിശ്വാസി സമൂഹത്തിന്റെ വിശ്വാസം സംരക്ഷിക്കാനുള്ള എല്ലാ ബാധ്യതയും ഒരു സർക്കാരിനുണ്ട്, ദേവസ്വം ബോർഡിനുമുണ്ട്. ദേവസ്വം ബോർഡ് ആണ് സംഗമം സംഘടിപ്പിക്കുന്നത്. അതിനുള്ള എല്ലാ സഹായവും സർക്കാർ ചെയ്തു നൽകുകയും ചെയ്തു.

സംഗമം ഭംഗിയായി പൂർത്തിയാക്കാനുള്ള എല്ലാം സജ്ജീകരണങ്ങളും നടത്തി കഴിഞ്ഞു. 3500 പേർക്ക് ഇരിക്കാവുന്ന പന്തലും ഭക്ഷണക്രമീകരണങ്ങളും ഒക്കെ പൂർത്തിയായി. പ്രതിനിധികൾക്ക് സംഗമത്തിന് ശേഷം ദർശനം നടത്താനുള്ള സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്.

അയ്യപ്പഭക്തർ സംഗമത്തിനൊപ്പമാണ്. 26ഓളം സംഘടനകൾ അവരുടെ പിന്തുണ അറിയിച്ചിട്ടുണ്ട്. നമ്മൾ വിചാരിച്ചത് പോലെ തന്നെ കാര്യങ്ങൾ നടക്കും."

TAGS :

Next Story