ആരോഗ്യനില മെച്ചപ്പെട്ടു; മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു
ഇന്നലെ ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ് മന്ത്രിയെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്

കണ്ണൂര്‍: കെഎസ്‍യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു. ഇന്ന് പുലര്‍ച്ചെ നാലു മണിക്കാണ് ആശുപത്രി വിട്ടത്. മന്ത്രി പത്തനംതിട്ടയിലെ വീട്ടിലേക്കാണ് തിരിച്ചു. ഇന്നലെ ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ് മന്ത്രിയെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്.
അതേസമയം, മന്ത്രിക്ക് പരിക്കേറ്റ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ റെയിൽവെ പൊലീസ് കോടതിയിൽ സമർപ്പിച്ചേക്കും.ദൃശ്യങ്ങൾ എങ്ങനെ എങ്കിലും പരസ്യപ്പെടുത്താൻ കോൺഗ്രസും നീക്കം ആരംഭിച്ചിട്ടുണ്ട്.
പരിയാരം മെഡിക്കൽ കോളജ് സൂപ്രണ്ടും വിദഗ്ധ ഡോക്ടർമാരും അടങ്ങിയ സംഘമാണ് ഇന്നലെ ആരോഗ്യ മന്ത്രിയെ പരിശോധിച്ചത്. എംആർ ഐ പരിശോധനയിൽ കഴുത്തിന് ക്ഷതമുണ്ടായ കാര്യം സ്ഥിരീകരിച്ചിരുന്നു. ഈ ക്ഷതം കാരണമാണ് വേദന അനുഭവപ്പെടുന്നതെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.
കരിങ്കൊടി കാണിക്കുന്നതിൻ്റെ മറവിൽ കെ എസ് യു പ്രവർത്തകർ ശാരീരികമായി ആക്രമിചെന്ന ആരോപണത്തിൽ മന്ത്രിയും സിപിഎമ്മും ഉറച്ചുനിൽക്കുന്നുണ്ട്. അക്രമം നടന്നോ എന്ന കാര്യം നിലവിലെ ദൃശ്യങ്ങളിൽ നിന്ന് ഇതുവരെ സ്ഥിരീകരിക്കാൻ റയിൽവെ പൊലീസിന് സാധിച്ചിട്ടില്ല. ഇതിനകത്ത് വ്യക്തത വരുത്താനാണ് റെയിൽവെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, മന്ത്രിയുടെയും സിപിഎമ്മിൻ്റെയും വാദം പൊള്ളയാണെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടാൽ ഒരു പവൻ സ്വർണ്ണം സമ്മാനമായി നൽകുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയും പ്രഖ്യാപിച്ചിട്ടുണ്ട്.
Adjust Story Font
16

