Quantcast

'ഇടതുപക്ഷത്തിന്റെ പോരാട്ടമുഖം'; നഷ്ടമായത് ഉജ്വലനായ നേതാവിനെ: അനുശോചിച്ച് മന്ത്രിമാർ

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രമേഹ ചികിത്സയിലിരിക്കെ ഹ‍ൃദയാഘാതം മൂലമായിരുന്നു അന്ത്യം

MediaOne Logo

Web Desk

  • Published:

    8 Dec 2023 1:02 PM GMT

kanam rajendran
X

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ച് മന്ത്രിമാർ. ഉജ്വലനായ ഒരു സംഘാടകനെയും നേതാവിനെയുമാണ് നഷ്ടമായതെന്ന് ദേവസ്വംവകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.

നാലുപതിറ്റാണ്ട് നീണ്ടുനിന്ന വ്യക്തി സൗഹൃദമാണ് വിടവാങ്ങിയതെന്ന് സഹകരണവകുപ്പ് മന്ത്രി വിഎൻ വാസവനും പ്രതികരിച്ചു. നാലുപതിറ്റാണ്ട് നീണ്ടുനിന്ന വ്യക്തി സൗഹൃദമാണ് വിടവാങ്ങിയത്. ഇടതുപക്ഷത്തിന്റെ പോരാട്ടമുഖമായിരുന്നു. സഖാവിന്റെ അപ്രതീക്ഷിത വേർപാട് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നും വിഎൻ വാസവൻ ഫേസ്ബുക്കിൽ കുറിച്ചു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രമേഹ ചികിത്സയിലിരിക്കെ ഹ‍ൃദയാഘാതം മൂലമായിരുന്നു അന്ത്യം. സി.പി.ഐ. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുക്കാന്‍ കഴിഞ്ഞ ദിവസം അദ്ദേഹം ദേശീയ നേതൃത്വത്തിന് അപേക്ഷ നല്‍കിയിരുന്നു. പിന്നാലെയായിരുന്നു മരണം. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി വിശ്രമത്തിലായിരുന്നു അദ്ദേഹം.

അപകടത്തിൽ ഇടതുകാലിന് പരിക്കേറ്റത് പ്രമേഹം മൂലം സ്ഥിതി കൂടുതൽ വഷളാക്കി. കാലിലുണ്ടായ മുറിവുകൾ ഉണങ്ങാതെ അണുബാധ ഉണ്ടായത് കാരണം ഇടതുകാൽ പാദം മുറിച്ചുമാറ്റേണ്ടി വന്നിരുന്നു. കാനം രാജേന്ദ്രന്റെ അപ്രതീക്ഷിത വിയോഗം സിപിഐക്ക് നികത്താനാകാത്തതാണെന്ന് നേതാക്കൾ പ്രതികരിച്ചു.

2015 മാർച്ച് 2 മുതൽ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായി ചുമതല വഹിച്ചുവരികയായിരുന്നു കാനം രാജേന്ദ്രൻ. കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തിൽ വി.കെ. പരമേശ്വരൻ നായരുടെ മകനായി 1950 നവംബർ 10-ന് ജനനം. കിടങ്ങൂർ സ്വദേശിയായ പി.കെ.വാസുദേവൻ നായർക്കു ശേഷം സിപിഐയുടെ തലപ്പത്തേക്ക് എത്തിയ കോട്ടയംകാരൻ എന്ന പ്രത്യേകത കൂടി കാനം രാജേന്ദ്രനുണ്ട്.

എഐവൈഎഫിലൂടെയായിരുന്നു കാനത്തിന്റെ രാഷ്ട്രീയപ്രവേശനം. നിലവിൽ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും എഐടിയുസി ദേശീയ ഉപാധ്യക്ഷനുമാണ്. എ.ഐ.വൈ.എഫ്. സംസ്ഥാനസെക്രട്ടറിയും ദേശീയ വൈസ് പ്രസിഡന്റുമായിരുന്ന കാലത്ത് തന്നെ അദ്ദേഹത്തിന്റെ പോരാട്ടവീര്യം കേരളംകണ്ടതാണ്. 21–ാം വയസ്സിൽ സിപിഐ അംഗമായി. 26–ാം വയസ്സിൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ അംഗത്വം നേടി.രണ്ടു വട്ടം വാഴൂരിനെ പ്രതിനിധീകരിച്ച് നിയമസഭാംഗം ആയിട്ടുണ്ട്.

2015 ൽ കോട്ടയം സംസ്ഥാന സമ്മേളനത്തിലാണ് ആദ്യമായി സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. ഭാര്യ: വനജ. മക്കൾ: സന്ദീപ്, സ്മിത. മരുമക്കൾ: താരാ സന്ദീപ്, വി. സർവേശ്വരൻ.

TAGS :

Next Story