'രാഷ്ട്രീയ വിവാദങ്ങളിൽ പാർട്ടിക്ക് പ്രതിരോധം തീർക്കാൻ മന്ത്രിമാരും രംഗത്തിറങ്ങണം'; സിപിഎം
മന്ത്രിമാർ കൂട്ടത്തോടെ രംഗത്തിറങ്ങിയാൽ പ്രതിരോധത്തിന്‍റെ ശക്തി കൂടുമെന്ന് സിപിഎം വിലയിരുത്തുന്നു

തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങളിൽ പാർട്ടിക്ക് പ്രതിരോധം തീർക്കാൻ മന്ത്രിമാരും രംഗത്തിറങ്ങണമെന്ന് സിപിഎം നിർദേശം. വിവാദമാകുന്ന പല വിഷയങ്ങളിലും മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മാത്രമാണ് നിലവിൽ വിശദീകരണം നൽകുന്നത്. മന്ത്രിമാർ കൂട്ടത്തോടെ രംഗത്തിറങ്ങിയാൽ പ്രതിരോധത്തിന്‍റെ ശക്തി കൂടുമെന്ന് സിപിഎം വിലയിരുത്തുന്നു.
പിണറായി വിജയൻ ഏകാധിപതിയെപ്പോലെ ഇടപെടുന്നു എന്നാണ് സിപിഐ അടക്കമുള്ള ഘടകകക്ഷികളുടെ വിമർശനം. എന്നാൽ സിപിഎമ്മിന്‍റെയും സർക്കാരിന്‍റെയും ഭാഗത്ത് നിന്ന് നോക്കിയാൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അല്ലാതെ വിവാദങ്ങളോട് പ്രതികരിക്കാൻ മറ്റാരുമില്ല എന്ന അവസ്ഥയാണ്. ഇപ്പുറത്ത് പ്രതിപക്ഷത്ത് ആണെങ്കിൽ വി.ഡി സതീശൻ കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങി യൂത്ത് കോൺഗ്രസിന്‍റെ നേതാക്കന്മാർ വരെ വിവാദങ്ങളോട് പ്രതികരിക്കാനും പ്രതിഷേധ സംഘടിപ്പിക്കാനും ഉണ്ട്.
സർക്കാരിനെയും പാർട്ടിയേയും പ്രതിക്കൂട്ടിൽ നിര്‍ത്തുന്ന വിവാദം ആകുന്ന വിഷയങ്ങളിൽ പ്രതിരോധം തീർക്കാൻ നേതാക്കന്മാരും മന്ത്രിമാരും തയ്യാറാകുന്നില്ലെന്ന് വിമർശനം കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഉയർന്നിരിന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ രീതിയിൽ മുന്നോട്ടു പോകാൻ കഴിയില്ലെന്നാണ് ചർച്ചയിൽ പങ്കെടുത്ത സംസാരിച്ച സംസ്ഥാന കമ്മിറ്റിയിലെ അംഗങ്ങൾ പറഞ്ഞത്. ചർച്ച ഗൗരവത്തിൽ എടുത്ത സംസ്ഥാനം നേതൃത്വം മന്ത്രിമാർക്കടക്കം നിർദേശം നൽകുകയും ചെയ്തു.
പ്രതിപക്ഷത്തെ പ്രധാനപ്പെട്ട നേതാക്കന്മാരെ ഉന്നം വച്ചാണ് മന്ത്രിമാരുടെ ആക്രമണം. യുഡിഎഫിന്‍റെ ആരോപണങ്ങള്‍ കേട്ട് മൗനമായിരുന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ അവസ്ഥയാകും നിയമസഭയിലെന്നും നേതാക്കന്മാർ പറയുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിക്കുന്നത് വരെ ഇനി കേരള രാഷ്ട്രീയത്തിൽ അടിയും തടയും കാണാം.
Adjust Story Font
16

