മതസൗഹാർദ്ദം ഉറപ്പാക്കാൻ 'മിനിസ്ട്രി ഓഫ് ടോളറൻസ്': യുഡിഎഫ് പ്രകടന പത്രിക
വിദ്വേഷ പ്രസംഗങ്ങൾ, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ, വർഗീയ പ്രകോപനങ്ങൾ എന്നിവയ്‌ക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും പത്രിക വാഗ്ദാനം ചെയ്യുന്നു

കൊച്ചി:സംസ്ഥാനത്ത് മതസൗഹാർദ്ദവും വിശ്വാസ സംരക്ഷണവും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക. മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാൻ പുതിയതായി 'മിനിസ്ട്രി ഓഫ് ടോളറൻസ്' രൂപീകരിക്കുമെന്നതാണ് പ്രധാന വാഗ്ദാനങ്ങളിൽ ഒന്ന്. ഇതിനുപുറമെ, ശബരിമലയിലെ ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമം കൊണ്ടുവരുമെന്നും സഭാ തർക്കങ്ങൾ പരിഹരിക്കുമെന്നും പ്രകടന പത്രിക വ്യക്തമാക്കുന്നു.
കേരളത്തിലെ വിവിധ സമുദായങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യവും സംരക്ഷണവും ഉറപ്പുവരുത്താൻ നടപടികൾ സ്വീകരിക്കും. ഗ്രാമ-നഗര വ്യത്യാസമില്ലാതെ മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാൻ ഹാർമണി സെന്ററുകൾ സ്ഥാപിക്കുമെന്ന് പത്രിക വാഗ്ദാനം ചെയ്യുന്നു. വിദ്വേഷ പ്രസംഗങ്ങൾ, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ, വർഗീയ പ്രകോപനങ്ങൾ എന്നിവയ്‌ക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും. വെറുപ്പില്ലാത്ത ശാന്തമായ പൊതുസമൂഹം കെട്ടിപ്പടുക്കുകയാണ് ഇതിലൂടെ മുന്നണി ലക്ഷ്യമിടുന്നത്.
മതേതര വിശ്വാസത്തിന്റെ പ്രതീകമായ ശബരിമലയിലെ ഭക്തരുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിനായി ആചാര സംരക്ഷണത്തിന് പ്രത്യേക നിയമം നടപ്പിലാക്കുമെന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. എല്ലാ വിഭാഗങ്ങളെയും വിശ്വാസത്തിലെടുത്ത് സഭാ തർക്കങ്ങൾക്ക് ശാശ്വത പരിഹാരം കാണും. പെന്തകോസ്തു സഭകളുടെയും മറ്റ് സ്വതന്ത്ര സഭകളുടെയും ശ്മശാനഭൂമി തർക്കം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും പത്രികയിലുണ്ട്. ദലിത് ക്രിസ്ത്യൻ സമുദായത്തിനുള്ള കോർപറേഷൻ പുനഃസംഘടിപ്പിച്ച് കൂടുതൽ ഫലപ്രദമാക്കും. ഇതിനുപുറമെ, ന്യൂനപക്ഷ ക്ഷേമത്തിനായി നിയോഗിച്ച ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ നടപ്പിലാക്കുമെന്നും മുന്നണി ഉറപ്പുനൽകുന്നു.
സമുദായങ്ങൾ തമ്മിലുള്ള ആശയവിനിമയം ശക്തമാക്കുന്നതിനായി സംസ്ഥാനതലത്തിൽ സംവാദ വേദികൾ രൂപീകരിക്കും. കേരളത്തിന്റെ സാമുദായിക സൗഹാർദ്ദവും സാംസ്കാരിക സമന്വയവും ദേശീയതലത്തിൽ ക്യാമ്പസുകളെ പരിചയപ്പെടുത്താൻ 'ദേശീയ യുവജന സാഹോദര്യ ഫെസ്റ്റ്' സംഘടിപ്പിക്കും. വിവിധ സമുദായങ്ങളിലെ പിന്നാക്ക വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി പ്രത്യേക കമ്മീഷനുകളെ നിയോഗിക്കുമെന്നും ബന്ധപ്പെട്ട റിപ്പോർട്ടുകൾ നടപ്പാക്കുമെന്നും യുഡിഎഫ് പ്രകടന പത്രിക വ്യക്തമാക്കുന്നു.
Adjust Story Font
16

