അമ്മയുടെ അടുത്തേക്ക് ഓടിയടുത്ത് കുട്ടി; ബസ് ഡ്രൈവറുടെ സമയോചിത ഇടപെടലിൽ അത്ഭുത രക്ഷപ്പെടൽ
കുട്ടി റോഡ് മുറിച്ചുകടക്കുന്നതാണ് വീഡിയോയിലുള്ളത്

കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരിൽ ബസിന് മുന്നിലേക്ക് ഓടിയ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് വലിയ അപകടം ഒഴിവായത്.
രണ്ട് ദിവസം മുൻപാണ് സംഭവം . കൊടിയത്തൂർ ഹെൽത്ത് സെൻ്ററിന് സമീപം ഓട്ടോയിലെത്തിയതാണ് കുടുബം. പിതാവ് ഓട്ടോറിക്ഷയക്ക് പൈസ നൽകുമ്പോൾ കുട്ടി റോഡിന്‍റെ മറുഭാഗത്ത് നിൽക്കുകയായിരുന്ന അമ്മയുടെ അരികിലേക്ക് ഓടി. ഇതിനിടെ കോഴിക്കോട് നിന്ന് കൊടിയത്തൂരിലേക്കുള്ള ബസും എത്തി. ബസ് വെട്ടിച്ചുനിർത്തിയത് കൊണ്ട് മാത്രം കുട്ടി അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടു. ബസ് ഡ്രൈവർ ഷനോജിൻ്റെ സമയോചിതമായ ഇടപെടലാണ് കുഞ്ഞിൻ്റെ അത്ഭുതകരമായ രക്ഷപ്പെടലിന് പിന്നിൽ . ഭയന്ന് പോയ ഷനോജ് രണ്ട് ദിവസം ബസ് ഓടിച്ചില്ല. ഇതര സംസ്ഥാനക്കാരാണ് കുട്ടിയുടെ കുടുബം എന്നാണ് പ്രാഥമിക വിവരം .
കുഞ്ഞ് ബസിന് അടുത്ത് എത്തിയപ്പോഴാണ് കണ്ടതെന്ന് ഡ്രൈവര്‍ ഷനോജ് പറഞ്ഞു. പെട്ടെന്ന് വെട്ടിച്ചത് കാരണം രക്ഷപ്പെട്ടു. കുട്ടി ബസിന് അടിയിലേക്ക് വീണു എന്നാണ് കരുതിയതെന്നും ഡ്രൈവര്‍ വിശദീകരിച്ചു. സംഭവ ശേഷം ബസ് നിർത്തി മറ്റൊരു ഡ്രൈവറെ ഏൽപ്പിച്ചുവെന്നും രണ്ട് ദിവസം ബസ് ഓടിക്കാൻ പറ്റിയില്ലെന്നും രക്ഷിതാക്കൾക്ക് ഒരു മുന്നറിയിപ്പാണ് സിസി ടിവി ദൃശ്യങ്ങളെന്നും ഷനോജ് കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

