തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശരീരഭാഗങ്ങൾ കാണാതായ സംഭവം: റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി
മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡിഎംഇക്ക് റിപ്പോർട്ട് സമർപ്പിക്കണം

തിരുവനന്തപുരം: ഗവ. മെഡിക്കൽ കോളേജിലെ പത്തോളജിക്കൽ ലാബിന് സമീപത്തുനിന്ന് ശരീരഭാഗങ്ങൾ കാണാതായതിൽ DMEയോട് റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോർജ്. അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് മന്ത്രിയുടെ നിർദ്ദേശം.
മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡിഎംഇക്ക് റിപ്പോർട്ട് സമർപ്പിക്കണം. നാളെ ഡിഎംഇ ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറിയേക്കും. സംഭവത്തിൽ ആശുപത്രി അധികൃതർക്ക് വീഴ്ച ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ അറ്റൻഡർ അജയകുമാറിന് വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ അജയകുമാറിനെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
പരിശോധനക്കയച്ച ശസ്ത്രക്രിയ ശരീര ഭാഗങ്ങളാണ് മോഷണം പോയത്. 17 രോഗികളുടെ സ്പെസിമെനാണ് നഷ്ടമായത്. വെള്ളിയാഴ്ചയാണ് സംഭവം.
സംഭവത്തിൽ ആക്രി കച്ചവടക്കാരനെ മെഡിക്കൽ കോളജ് പൊലീസ് പിടികൂടി. രണ്ട് ജീവനക്കാർ ചേർന്നാണ് പാത്തോളജി ലാബിലേക്ക് ആംബുലൻസിൽ ശരീര ഭാഗങ്ങൾ കൊണ്ടുപോയത്. തുടർന്ന് ലാബിന് സമീപത്തെ കോണിപ്പടിയിൽ ഇറക്കിവെച്ചു. ഇവർ ലാബിൽ പോയി തിരിച്ചുവരുന്നതിനിടയിലാണ് മോഷണം നടക്കുന്നത്.
ആക്രി ആണെന്ന് കരുതി എടുത്തുവെന്നാണ് ആക്രിക്കാരന് പറയുന്നത്. ശരീരഭാഗങ്ങൾ ആണെന്ന് കണ്ടതോടെ പ്രിൻസിപ്പൽ ഓഫീസിന് സമീപം ഉപേക്ഷിച്ചെന്നും ഇയാൾ മൊഴി നൽകി.
Adjust Story Font
16

