Quantcast

മിത്ര 181 ഹെല്‍പ് ലൈന്‍; ഇതുവരെ തുണയായയത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

എല്ലാ സ്ത്രീകളും മിത്ര 181 നമ്പര്‍ ഓര്‍ത്തുവയ്ക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളില്‍ സേവനം പ്രയോജനപ്പെടുത്തണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ഥിച്ചു.

MediaOne Logo

Web Desk

  • Published:

    1 Dec 2025 6:07 PM IST

Mitra 181 helpline 5.66 lakh women and children have been helped so far
X

തിരുവനന്തപുരം: വിവിധതരം വെല്ലുവിളികള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് സേവനങ്ങള്‍ ഉറപ്പാക്കി വനിതാ വികസന കോർപറേഷന്റെ മിത്ര 181 ഹെല്‍പ് ലൈന്‍. 181 എന്ന ടോള്‍ ഫ്രീ നമ്പരിലൂടെ വനിതകള്‍ക്ക് എല്ലാ മേഖലകളിലെയും വിവരാന്വേഷണവും അത്യാവശ്യ സേവനങ്ങളും 24 മണിക്കൂറും ലഭ്യമാക്കുന്ന സംവിധാനമാണ് മിത്ര ഹൈൽപ് ലൈൻ. 2017ല്‍ ഹെല്‍പ് ലൈന്‍ ആരംഭിച്ചത് മുതല്‍ ഇതുവരെ 5,66,412 കോളുകള്‍ ആണ് സ്വീകരിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ ആവശ്യമായ രണ്ടു ലക്ഷത്തോളം കേസുകളില്‍ പൂര്‍ണ സഹായമെത്തിക്കാനും സാധിച്ചിട്ടുണ്ടെന്നും കൂടുതല്‍ സ്ത്രീകള്‍ക്ക് സഹായകരമാകുന്ന രീതിയില്‍ സേവനം വിപുലപ്പെടുത്തിയതായും വനിതാ വികസന കോർപറേഷൻ അറിയിച്ചു.

എല്ലാ സ്ത്രീകളും മിത്ര 181 നമ്പര്‍ ഓര്‍ത്തുവയ്ക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളില്‍ സേവനം പ്രയോജനപ്പെടുത്തണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ഥിച്ചു. സ്വകാര്യത നിലനിര്‍ത്തിത്തന്നെ നീതി ലഭിക്കാനും പ്രതിസന്ധികളെ അതിജീവിക്കാനും ജീവിതത്തിലെ സ്വപ്നങ്ങള്‍ തിരിച്ചുപിടിക്കാനും സര്‍ക്കാരും വനിത വികസന കോര്‍പറേഷനും ഒപ്പമുണ്ടെന്നും കൗണ്‍സലിങ്, നിയമോപദേശം, അടിയന്തര സംരക്ഷണം തുടങ്ങിയ സഹായങ്ങളുമായി 24 മണിക്കൂറും 181 ഹെല്‍പ് ലൈന്‍ ഉണ്ടെന്നും. മടിക്കാതെ നേരിട്ട് വിളിക്കാമെന്നും വനിതാ വികസന കോർപറേഷൻ പറഞ്ഞു.

മിത്ര 181 ഹെല്‍പ് ലൈനിലേക്ക് വിളിക്കുന്നവര്‍ക്ക് പൊലീസ്, ആശുപത്രി, ആംബുലന്‍സ് സേവനങ്ങള്‍, മറ്റ് സംവിധാനങ്ങള്‍ പോലുള്ള ഉചിതമായ ഏജന്‍സികളിലേക്കുള്ള റഫറലുകള്‍ വഴി സേവനം ഉറപ്പാക്കുന്നു. കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍, ഗാര്‍ഹിക പീഡനം അല്ലെങ്കില്‍ മറ്റ് തരത്തിലുള്ള പീഡനങ്ങള്‍ നേരിടുന്ന സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡര്‍ എന്നിവര്‍ക്ക് മിത്ര 181 ഹെല്‍പ് ലൈനിന്റെ 24/7 സേവനങ്ങള്‍ പ്രയോജനപ്പെടുത്താം.

സ്ത്രീകള്‍ക്ക് നീതിയും സുരക്ഷയും ഉറപ്പുവരുത്താന്‍ കര്‍മനിരതമാണ് മിത്ര 181. ശരാശരി 300 കോളുകളാണ് പ്രതിദിനം മിത്ര 181ല്‍ എത്തുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ വിളിക്കുന്ന കോളുകളും വിവരാന്വേഷണത്തിനായി വിളിക്കുന്ന കോളുകളുമാണ് അധികവും. മൂന്ന് ഷിഫ്റ്റുകളില്‍ 12 വനിതകളാണ് മിത്ര 181ല്‍ സേവനമനുഷ്ഠിക്കുന്നത്. നിയമം- സോഷ്യല്‍വര്‍ക്ക് മേഖലയില്‍ ഉന്നത വിദ്യാഭ്യാസമുള്ളവരെയാണ് ഇതില്‍ നിയമിച്ചിട്ടുള്ളത്. വിദഗ്ധ പരിശീലനവും തുടര്‍ പരിശീലനവും ഇവര്‍ക്ക് ഉറപ്പ് വരുത്തിയിട്ടുണ്ട്.

TAGS :

Next Story