Quantcast

പൊതുസേവനത്തിനായി ജീവിതം സമർപ്പിച്ച യഥാർത്ഥ ജനനേതാവ്: സ്റ്റാലിൻ

ഉമ്മന്‍ചാണ്ടിയുടെ വിയോഗ വാർത്ത വേദനിപ്പിക്കുന്നതാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

MediaOne Logo

Web Desk

  • Updated:

    2023-07-18 08:03:44.0

Published:

18 July 2023 7:55 AM GMT

പൊതുസേവനത്തിനായി ജീവിതം സമർപ്പിച്ച യഥാർത്ഥ ജനനേതാവ്: സ്റ്റാലിൻ
X

ബംഗളൂരു: അന്തരിച്ച മുൻ മുഖ്യന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിക്ക് ആദരാജ്ഞലികൾ അർപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ബംഗളൂരുവിൽ പൊതുദർശനത്തിന് വെച്ച ഉമ്മൻചാണ്ടിയുടെ മൃതദേഹത്തിൽ അന്ത്യോപചാരം അർപ്പിച്ചു.

മികച്ച രാഷ്ട്രതന്ത്രജ്ഞനും പൊതുസേവനത്തിനായി ജീവിതം സമർപ്പിച്ച യഥാർത്ഥ ജനനേതാവുമായിരുന്നു ഉമ്മൻചാണ്ടിയെന്ന് സ്റ്റാലിൻ അനുസ്മരിച്ചു. ഉമ്മൻചാണ്ടിയുടെ കുടുംബത്തിന്റെയും കേരളത്തിലെ ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി സ്റ്റാലിൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ച അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

തനിക്ക് വളരെ പ്രിയപ്പെട്ട ആളായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും അദ്ദേഹത്തിന്റെ വിയോഗ വാർത്ത വേദനിപ്പിക്കുന്നതാണെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അനുസ്മരിച്ചു.

'മാനവ വികസന സൂചകങ്ങളിൽ കേരള സംസ്ഥാനം ഉയർന്ന തലത്തിൽ സ്ഥാനം പിടിക്കാൻ കാരണമായത് ഉമ്മൻ ചാണ്ടിയായിരുന്നു. മുഖ്യമന്ത്രിയെന്ന നിലയിൽ ഭരണഘടനയുടെ തത്വങ്ങളും മൂല്യങ്ങളും സംരക്ഷിക്കുന്നതിനായി അദ്ദേഹം അക്ഷീണം പ്രവർത്തിച്ചു, പൊതുസേവനത്തിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം ലഭിച്ച ഏക ഇന്ത്യൻ മുഖ്യമന്ത്രി എന്ന ബഹുമതി അദ്ദേഹം നേടി. ഉമ്മന്‍ചാണ്ടിയുടെ വിയോഗം വികസനത്തിനും ജനാധിപത്യ രാഷ്ട്രീയത്തിനും കേരളത്തിനും ഇന്ത്യൻ രാഷ്ട്രീയത്തിനും വ്യക്തിപരമായി എനിക്കും കനത്ത നഷ്ടമാണ്. ഈ നികത്താനാവാത്ത നഷ്ടം താങ്ങാനുള്ള ശക്തി അദ്ദേഹത്തിന്റെ കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..'സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.

ബംഗളൂരുവിലെ ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെ ആയിരുന്നു ഉമ്മന്‍ചാണ്ടിയുടെ അന്ത്യം. കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി , മല്ലികാർജുൻ ഖാർഗെ എന്നിവർ മൃതദേഹത്തിൽ അന്ത്യോപചാരമർപ്പിച്ചു.

ചികിത്സാവശ്യാർത്ഥം ആറുമാസമായി ബംഗളൂരുവിൽ തുടരുന്ന ഉമ്മൻ ചാണ്ടിക്ക് ഇന്ന് രാവിലെ ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തൊട്ടടുത്തുള്ള ചിന്മയ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാലേകാലോടെ മരണം സംഭവിച്ചു. മകൻ ചാണ്ടി ഉമ്മൻ ഫേസ് ബുക്കിലാണ് മരണവിവരം അറിയിച്ചത്.

പ്രതിപക്ഷ പാർട്ടിനേതാക്കളുടെ യോഗത്തിനായി ബംഗലൂരുവിലുണ്ടായിരുന്ന കെ.സി വേണുഗോപാൽ, പി.കെ കുഞ്ഞാലിക്കുട്ടി, പി.ജെ ജോസഫ്, എൻ.കെ പ്രേമ ചന്ദ്രൻ തുടങ്ങിയവരെല്ലാം ആശുപത്രിയിലെത്തി. മൃതദേഹം എംബാം ചെയ്ത ശേഷം ഒമ്പത് മണിയോടെ ഇന്ദിരനഗറിലെ വീട്ടിലെത്തിച്ചു. സോണിയാഗാന്ധി, രാഹുൽ ഗാന്ധി,കോൺഗ്രസ് അധ്യഷൻ മല്ലികാർജുൻ ഖാർഗെ, സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു. മലയാളികളടക്കം നൂറു കണക്കിന് പേർ ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനെത്തി.

TAGS :

Next Story