Quantcast

'മലപ്പുറത്ത് പ്ലസ് ടു അധിക ബാച്ചുകള്‍ അനുവദിക്കണം': എം.എൽ.എമാർ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കി

സർക്കാർ തന്നെ നിയോഗിച്ച കാർത്തികേയൻ കമ്മീഷൻ കാര്യങ്ങൾ വ്യക്തമായി വെളിച്ചത്തു കൊണ്ടുവന്ന പശ്ചാത്തലത്തിൽ സർക്കാർ പരിഹാര നടപടികൾ കൈക്കൊള്ളണമെന്ന് എം.എൽ.എമാർ

MediaOne Logo

Web Desk

  • Published:

    22 May 2023 1:10 PM GMT

mlas in malappuram demands more plus two batches
X

മലപ്പുറം: മലപ്പുറത്തെ പ്ലസ് ടു മേഖലയില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധിക്ക് അധിക ബാച്ചുകൾ അനുവദിച്ച് ശാശ്വതമായ പരിഹാരം കാണണമെന്ന് ജില്ലയിലെ മുസ്‍ലിം ലീഗ് എം.എൽ.എമാർ. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയെ കണ്ടു നിവേദനം നല്‍കി.

കെ.പി.എ മജീദ്, കെ.കെ ആബിദ് ഹുസൈൻ തങ്ങൾ, പി അബ്ദുൽഹമീദ്, പി ഉബൈദുല്ല, അഡ്വ. യു.എ ലത്തീഫ്, ടി.വി ഇബ്രാഹിം, പി.കെ ബഷീർ, നജീബ് കാന്തപുരം എന്നിവരാണ് വിദ്യാഭ്യാസ മന്ത്രിയെ കണ്ടത്. മുൻ വർഷങ്ങളിലെല്ലാം പ്ലസ് വണ്ണിന് സീറ്റില്ലാതെ കുട്ടികൾ പുറത്തു നിൽക്കുന്ന സാഹചര്യമുണ്ടാകുമ്പോൾ തൽക്കാലത്തേക്ക് ഏറിയാൽ 10% മാത്രം സീറ്റ് അനുവദിക്കുന്ന സമീപനമാണ് കൈക്കൊള്ളാറുള്ളത്. ഇതിൻറെ ഗുണഫലം ഭൗതിക സൗകര്യങ്ങളുടെ കുറവ് കാരണം പല വിദ്യാലയങ്ങളും നടപ്പിലാക്കാറില്ല. ഒരു ക്ലാസ് മുറിയിൽ അറുപതും എഴുപതും കുട്ടികളിരുന്ന് പഠിക്കേണ്ട സാഹചര്യമാണ് അധിക സീറ്റ് അനുവദിക്കുമ്പോൾ ഉണ്ടാവാറുള്ളതെന്ന് എം.എല്‍.എമാര്‍ ചൂണ്ടിക്കാട്ടി.

യു.ഡി.എഫ് ഭരണകാലത്ത് മലപ്പുറം പോലുള്ള ജില്ലകളിൽ അധിക ബാച്ചുകൾ അനുവദിക്കുമ്പോൾ ഈ നടപടിയെ അവിഹിതം എന്ന് ആക്ഷേപിക്കാറുണ്ട്. ഇപ്പോൾ സർക്കാർ തന്നെ നിയോഗിച്ച കാർത്തികേയൻ കമ്മീഷൻ കാര്യങ്ങൾ വളരെ വ്യക്തമായി വെളിച്ചത്തു കൊണ്ടുവന്നിരിക്കുന്ന പശ്ചാത്തലത്തിൽ, യാതൊരു അലംഭാവവും കാണിക്കാതെ കമ്മീഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ സർക്കാർ പരിഹാര നടപടികൾ കൈകൊള്ളണമെന്ന് എം.എൽ.എമാർ ആവശ്യപ്പെട്ടു. പ്ലസ് വണ്‍ ക്ലാസുകൾ തുടങ്ങി മാസങ്ങൾ കഴിഞ്ഞതിനു ശേഷം സർക്കാർ നടപടി എടുത്തിട്ട് കാര്യമില്ല. വളരെ നേരത്തെ തന്നെ പരിഹാര നടപടി കൈകൊള്ളണമെന്നും അതിന്റെ പ്രയോജനം വിദ്യാർഥികൾക്ക് ലഭ്യമാവണമെന്നും എം.എൽ.എമാർ ആവശ്യപ്പെട്ടു.

TAGS :

Next Story