Quantcast

ഗാന്ധിചിത്രം തകർത്തതിന് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ കൽപ്പറ്റയിൽ എംഎൽഎമാരുടെ പ്രതിഷേധം

ടി സിദ്ദിഖ്, ഐ.സി ബാലകൃഷ്ണൻ എന്നീ എംഎൽഎമാരാണ് പ്രതിഷേധിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2022-08-19 11:46:54.0

Published:

19 Aug 2022 11:45 AM GMT

ഗാന്ധിചിത്രം തകർത്തതിന് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ കൽപ്പറ്റയിൽ എംഎൽഎമാരുടെ പ്രതിഷേധം
X

ഗാന്ധിചിത്രം തകർത്തുവെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കൽപ്പന പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് എംഎൽഎമാരുടെ പ്രതിഷേധം. ടി സിദ്ദിഖ്, ഐ.സി ബാലകൃഷ്ണൻ എന്നീ എംഎൽഎമാരാണ് പ്രതിഷേധിക്കുന്നത്. ആരെയെങ്കിലും തലയില്‍ കുറ്റം കെട്ടിവെക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ടി. സിദ്ദിഖ് ആരോപിച്ചു.

രാഹുൽ ഗാന്ധിയുടെ പേഴ്സണൽ അസിസ്റ്റന്റ് അടക്കം നാല് കോൺഗ്രസ് പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം തകർത്തത് കോൺഗ്രസ് പ്രവർത്തകരാണെന്നാണ് പൊലീസ് പറയുന്നത്.

രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസിലെ പേഴ്സണൽ അസിസ്റ്റന്റ് രതീഷ് കുമാർ, ഓഫിസ് സ്റ്റാഫ് രാഹുൽ എസ്. രവി, കോൺഗ്രസ് പ്രവർത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനു ശേഷം ഇന്ന് ഉച്ചയോടെ അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലിനായി ബുധൻ, വ്യാഴം ദിവസങ്ങളിൽ ഹാജരാകാനായി ഇവർക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. തുടർന്നാണ് ഇന്നു രാവിലെ കൽപറ്റ പൊലീസ് സ്റ്റേഷനിൽ അഞ്ചുപേരും ഹാജരായത്. കോൺഗ്രസ് പ്രവർത്തകനായ രതീഷ് കേസിലെ സാക്ഷിയാണെന്നാണ് പൊലീസ് പറയുന്നത്. നോട്ടീസ് ലഭിച്ച അഞ്ചു പേരിൽ ഇയാൾ ഒഴികെ നാലു പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവർക്കെതിരെ ഐ.പി.സി 427, 153 വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിൽ പ്രവർത്തകരെ കള്ളക്കേസ് ചുമത്തി ചോദ്യംചെയ്യാൻ വിളിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് നടന്നത്. ഇന്നലെ രാത്രി ടി. സിദ്ദിഖ് എം.എൽ.എയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിലെത്തി പ്രവർത്തകർ വലിയ പ്രതിഷേധം രേഖപ്പെടുത്തി. നേരത്തെ, ചോദ്യംചെയ്യാൻ പൊലീസ് വിളിപ്പിച്ച ജോർജ് എന്ന പ്രവർത്തകനെ സ്റ്റേഷനിൽനിന്ന് ഇറക്കിക്കൊണ്ടുപോകുകയും ചെയ്തിരുന്നു.

ഒരു നോട്ടീസും മുന്നറിയിപ്പുമില്ലാതെ വീടുവളഞ്ഞാണ് ജോർജിനെ പൊലീസ് പിടിച്ചുകൊണ്ടുപോയതെന്നാണ് കോൺഗ്രസ് പരാതി. സംഭവദിവസം ജോർജ് അടക്കമുള്ളവർ സ്ഥലത്തില്ലായിരുന്നുവെന്നും നേതാക്കൾ ആരോപിക്കുന്നു.

കഴിഞ്ഞ ജൂൺ 24നാണ് ബഫർസോൺ വിഷയത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് അക്രമാസക്തമായതിനു പിന്നാലെ പ്രവർത്തകർ ഓഫീസിലേക്ക് അതിക്രമിച്ചുകയറി രാഹുൽ ഗാന്ധിയുടെ കസേരയിൽ വാഴവയ്ക്കുകയും ഓഫീസ് അടിച്ചുതകർക്കുകയും ചെയ്തു. അക്രമത്തിനിടെ ഓഫിസിലുണ്ടായിരുന്ന മഹാത്മാ ഗാന്ധിയുടെ ചിത്രം തകർന്ന് നിലത്ത് വീണുകിടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ഗാന്ധിചിത്രം തകർത്തത് സി.പി.എമ്മിനെതിരെ കോൺഗ്രസ് രാഷ്ടീയ ആയുധമാക്കുകയും ചെയ്തു. എന്നാൽ, ഗാന്ധിചിത്രം തകർത്തത് കോൺഗ്രസ് പ്രവർത്തകരാണെന്നായിരുന്നു സി.പി.എം ആരോപിച്ചത്. കോൺഗ്രസ് നേതാക്കളുടെ ഗൂഢാലോചനയുടെ ഭാഗമായാണ് ഗാന്ധിചിത്രം തകർത്തതെന്ന് സി.പി.എം നേതാക്കൾ ആരോപിച്ചു. ഗാന്ധിചിത്രം തകർത്തത് എസ്.എഫ്.ഐ പ്രവർത്തകരാണെന്നും തെളിവായി സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ ഉണ്ടെന്നുമാണ് കോൺഗ്രസ് നേതാക്കളും വ്യക്തമാക്കി.

ഓഫിസ് ആക്രമിച്ച സംഭവത്തിൽ 29 എസ്.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിലായിരുന്ന ഇവർ പിന്നീട് ജാമ്യത്തിലിറങ്ങി.

TAGS :

Next Story